ചെന്നൈ: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ചുഴലിക്കാറ്റായി രൂപപ്പെട്ട് തമിഴ്നാട്ടിലും പുതുച്ചേരിയിലും വീശിയടിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തമിഴ്നാടിെൻറ തീരപ്രദേശങ്ങളിൽ, ചെന്നൈയിൽ ഉൾപ്പെടെ കനത്ത മഴ പെയ്യുമെന്നും കാറ്റും വിശിയടിക്കുമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകി.
രക്ഷാപ്രവർത്തനത്തിനായി ദേശീയ ദുരന്ത നിവാരണ സേന ആറംഗ സംഘത്തെ ഗൂഡല്ലൂരിലേക്കും ചിദംബരത്തേക്കും അയച്ചു. നവംബർ 25ന് വൈകിട്ടോടെ കാരയ്ക്കൽ, മാമല്ലപുരം എന്നിവിടങ്ങളിൽ ചുഴലിക്കാറ്റ് വീശിയടിക്കാനാണ് സാധ്യതയെന്ന് ഇന്ത്യൻ മെട്രോളജിക്കൽ വിഭാഗം അറിയിച്ചു.
ചുഴലിക്കാറ്റ് തീരം തൊടുന്നതിനാൽ ജാഗ്രത പാലിക്കാനും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. തമിഴ്നാട്, ആന്ധ്ര, പുതുച്ചേരി എന്നിവിടങ്ങളിൽ ചുഴലിക്കാറ്റ് ഭീഷണി ഉയർത്തും. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന നിർദേശവും കാലാവസ്ഥ വകുപ്പ് നൽകി.