മോൻത ചുഴലിക്കാറ്റ് ആന്ധ്ര തീരം തൊട്ടു; കൊടുങ്കാറ്റ് കരയിൽ പ്രവേശിച്ചത് കാക്കിനടയിൽ
text_fieldsഅമരാവതി: മോൻത ചുഴലിക്കൊടുങ്കാറ്റ് ചൊവ്വാഴ്ച രാത്രി ഏഴ് മണിയോടെ ആന്ധ്രപ്രദേശ് തീരം തൊട്ടു. മച്ചിലിപട്ടണത്തിനും കലിംഗ പട്ടണത്തിനും ഇടയിലുള്ള കാക്കിനടയിലാണ് കൊടുങ്കാറ്റ് ആദ്യം കരയിലെത്തിയത്.
കാറ്റിനൊപ്പമെത്തിയ കനത്ത മഴയിൽ 43,000 ഹെക്ടർ പ്രദേശത്ത് കൃഷിനാശമുണ്ടായി. മണിക്കൂറിൽ 110 കിലോമീറ്റർവരെ വേഗത്തിലാണ് കാറ്റുവീശിയത്. ആന്ധ്ര, ഒഡിഷ തീരമേഖലകളിൽ കനത്ത മഴയും കടൽക്ഷോഭവുമുണ്ടായി. മുൻകരുതലെന്ന നിലയിൽ നിരവധി പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിരുന്നു.
മഴക്കൊപ്പം മണിക്കൂറിൽ 110 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടർന്ന് ആന്ധ്രക്ക് പുറമേ തമിഴ്നാട്, ഒഡിഷ എന്നീ സംസ്ഥാനങ്ങളും കനത്ത ജാഗ്രത നിർദേശം പുറപ്പെടുവിച്ചിരുന്നു. സംസ്ഥാനത്തെ ജില്ലാ ഭരണകൂടങ്ങളിലെയും മുനിസിപ്പൽ സ്ഥാപനങ്ങളിലെയും കൺട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തനക്ഷമമായിരിക്കണമെന്നും നിർദേശമുണ്ട്.
ചുഴലിക്കാറ്റ് മുന്നിൽ കണ്ട് ആന്ധ്രയിലെ 14 ജില്ലകളിൽ ഒക്ടോബർ 29 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്. ഹോസ്റ്റലുകളിൽ താമസിക്കുന്ന വിദ്യാർഥികളോട് സ്വന്തം വീടുകളിലേക്ക് മടങ്ങിയിട്ടുണ്ട്. സംസ്ഥാന ദുരന്ത നിവാരണ സേനയുടെയും ദേശീയ ദുരന്ത നിവാരണ സേനയുടെയും യൂണിറ്റുകളെ വിവിധ ജില്ലകളിലേക്ക് അയച്ചു. ഗർഭിണികളെയും മുതിർന്ന പൗരന്മാരെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. വിവിധ ജില്ലകളിൽ താത്കാലിക ഹെലിപ്പാഡുകൾ തുറക്കുകയും സൈന്യത്തോട് സജ്ജരായിരിക്കാൻ നിർദേശം നൽകുകയും ചെയ്തു.
ആന്ധ്രക്ക് പുറമേ ഒഡിഷയിലെയും ബംഗാളിലെയും തീരദേശ ജില്ലകളിലും തമിഴനാട്ടിലും തീവ്രമഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒഡിഷയിലെ എട്ട് ജില്ലകളിൽ ഒക്ടോബർ 30 വരെ സ്കൂളുകൾക്ക് അവധിയാണ്. മൽക്കൻഗിരി, കോരാപുട്, രായഗഡ, ഗഞ്ചം, ഗജപതി, കാണ്ഡമാൽ, കലഹണ്ടി, നബരംഗ്പൂർ ജില്ലകളിലാണ് അവധി.
ചെന്നൈ അടക്കം തമിഴ്നാട്ടിലെ വടക്കൻ ജില്ലകളിൽ അടുത്ത 36 മണിക്കൂർ ശക്തമായ മഴക്ക് സാധ്യതയുണ്ട്. ചെന്നൈ, ചെങ്കൽപേട്ട്, തിരുവള്ളൂർ, വില്ലുപുരം തുടങ്ങിയ ജില്ലകളിൽ സ്കൂളുകൾക്ക് അവധിയാണ്. ഏത് സാഹചര്യവും നേരിടാൻ സജ്ജമാണെന്ന് ആന്ധ്ര, ഒഡിഷ, തമിഴ്നാട് ഭരണകൂടങ്ങൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

