സൈബർ തട്ടിപ്പുകൾ കുത്തനെ കൂടി
text_fieldsന്യൂഡൽഹി: കഴിഞ്ഞ സാമ്പത്തിക വർഷം രാജ്യത്ത് വൻകിട സൈബർ തട്ടിപ്പ് കേസുകൾ നാലിരട്ടിയിലധികം വർധിച്ചതായി ഔദ്യോഗിക കണക്കുകൾ. 2024 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷം മാത്രം ഇത്തരത്തിൽ വിവിധ സംഭവങ്ങളിൽ 177 കോടി രൂപയുടെ നഷ്ടമുണ്ടായതായി ധനകാര്യ മന്ത്രാലയം തിങ്കളാഴ്ച പാർലമെന്റിൽ സമർപ്പിച്ച കണക്കുകൾ വ്യക്തമാക്കുന്നു, ഇത് 2023 സാമ്പത്തിക വർഷത്തേക്കാൾ ഇരട്ടിയിലധികമാണ്.
ഒരു ലക്ഷം രൂപയോ അതിൽ കൂടുതലോ തുക തട്ടിയെടുത്ത കേസുകളാണ് വിഭാഗത്തിൽ പെടുന്നത്. 2023ൽ 6,699 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ കഴിഞ്ഞ സാമ്പത്തികവർഷം ഇത് 29,082 ആയി. പ്രതിദിനം കോടിക്കണക്കിന് ഡിജിറ്റൽ സാമ്പത്തിക ഇടപാടുകൾ നടത്തുന്ന രാജ്യത്ത് സൈബർ കുറ്റകൃത്യങ്ങളിലുണ്ടാവുന്ന വർധന ആശങ്കയുളവാക്കുന്നതാണ്. അതിവേഗത്തിൽ ഇന്റർനെറ്റ് സാങ്കേതിക വിദ്യ വ്യാപിക്കുമ്പോഴും സൈബർ സുരക്ഷാ മുൻകരുതലുകളെ കുറിച്ചുള്ള അജ്ഞതയാണ് മിക്ക തട്ടിപ്പുകളിലും വില്ലനാവുന്നത്.
രാജ്യത്ത് ഡിജിറ്റൽ പേയ്മെന്റ് ഇടപാടുകൾ വ്യാപകമാവുന്ന സാഹചര്യത്തിൽ ഏതാനും വർഷങ്ങളായി സൈബർ തട്ടിപ്പുകളുടെ എണ്ണം കുത്തനെ വർധിക്കുകയാണെന്ന് പാർലമെന്റിൽ ചോദ്യത്തിന് നൽകിയ മറുപടിയിൽ മന്ത്രാലയം വ്യക്തമാക്കി. തട്ടിപ്പിന് വഴിവെച്ചേക്കാവുന്ന സ്പാം കോളുകൾ കരിമ്പട്ടികയിൽ പെടുത്താൻ ട്രായ് നടപടി സ്വീകരിച്ചിട്ടുണ്ട്. തട്ടിപ്പ് നടത്താൻ ഉപയോഗിക്കുന്നുവെന്ന് കണ്ടെത്തിയാൽ അക്കൗണ്ടുകൾ മരവിപ്പിക്കാൻ ബാങ്കുകൾക്ക് അനുമതി നൽകിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

