തമിഴ്നാടിന് വെള്ളം വിട്ടുകൊടുക്കാൻ കർണാടകക്ക് സി.ഡബ്ല്യു.എം.എ ഉത്തരവ്
text_fieldsപ്രതീകാത്മക ചിത്രം
ബംഗളൂരു: ആഗസ്റ്റ് 12 ന് രാവിലെ എട്ടു മണി മുതൽ അടുത്ത 15 ദിവസത്തേക്ക് ബിലിഗുണ്ട്ലുവിൽ നിന്ന് പ്രതിദിനം 12,000 ക്യുസെക്സ് വെള്ളം തമിഴ്നാടിന് വിട്ടുകൊടുക്കാൻ കാവേരി ജല മാനേജ്മെന്റ് അതോറിറ്റി (സി.ഡബ്ല്യു.എം.എ) കർണാടകയോട് നിർദേശിച്ചു. ആഗസ്റ്റ് 11 ന് നടന്ന സി.ഡബ്ല്യു.എം.എയുടെ 55ാമത് യോഗത്തിലാണ് തീരുമാനം.
കാവേരി ജല നിയന്ത്രണ സമിതിയുടെ ശിപാർശകൾ അതോറിറ്റി ശരിവെക്കുകയും അംഗീകരിക്കുകയും ചെയ്തു. കടുത്ത ജലവൈദ്യുതി പ്രതിസന്ധി ചൂണ്ടിക്കാട്ടിയ കർണാടക നാല് കാവേരി ജലസംഭരണികളായ കെ.ആർ.എസ്, കബിനി, ഹേമാവതി, ഹാരങ്കി എന്നിവയിലേക്കുള്ള നീരൊഴുക്ക് 30 വർഷത്തെ ശരാശരിയേക്കാൾ 47 ശതമാനം കുറവാണെന്നും 77.746 ടി.എം.സി ആണെന്നും നീരൊഴുക്ക് കുറയുന്നുവെന്നും സി.ഡബ്ല്യു.എം.എയെ അറിയിച്ചു.
ബിലിഗുണ്ട്ലുവിൽ 52,500 ക്യുസെക്സ് വെള്ളം ഉണ്ടെന്നും മഴക്കുറവും സംഭരണശേഷി കുറവും കാരണം കൂടുതൽ വെള്ളം തുറന്നുവിടാൻ സാധ്യതയില്ല എന്നും സംസ്ഥാനം വാദിച്ചു. കുടിവെള്ളത്തിനും മറ്റ് ആവശ്യങ്ങൾക്കും ഖാരിഫ് കൃഷിക്കും വെള്ളം സംരക്ഷിക്കേണ്ടതുണ്ടെന്ന് കർണാടക പറഞ്ഞു. സി.ഡബ്ല്യു.ആർ.സിയുടെ 12,000 ക്യുസെക് ഓർഡർ 10,000 ക്യുസെക് ആയി കുറക്കണമെന്ന് കർണാടക സി.ഡബ്ല്യു.എം.എയോട് ആവശ്യപ്പെട്ടു. ഒരു വർഷത്തെ കുടിവെള്ള ആവശ്യങ്ങൾക്കായി വെള്ളം കരുതിവെക്കുമെന്ന കർണാടകയുടെ അവകാശവാദം ന്യായീകരിക്കാനാവില്ലെ ന്ന് തമിഴ്നാട് വാദിച്ചു.
കെ.ആർ.എസിൽനിന്നും കബനിയിൽ നിന്നുമുള്ള ജലവിതരണം നിയന്ത്രിക്കാനും 2026 ആഗസ്റ്റ് 31-നകം ബിലിഗുണ്ട്ലുവിൽ ആകെ 37 ടി.എം.സി. വെള്ളം ഉറപ്പാക്കാനും കർണാടകയോട് നിർദേശിക്കണമെന്ന് തമിഴ്നാട് ആവശ്യപ്പെട്ടു. കർണാടകയുടെ അഭ്യർഥന നിരസിച്ചുകൊണ്ട് സി.ഡബ്ല്യു.ആർ.സി തീരുമാനം ശരിവെച്ചുകൊണ്ടാണ് സി.ഡബ്ല്യു.എം.എ ഉത്തരവിട്ടത്.
കർണാടകയിലെ കാവേരി നദീതട ജില്ലകളിലെ പ്രതിഷേധങ്ങൾ ശക്തമാക്കാൻ ഉത്തരവ് കാരണമാകും. ദുരിത സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടി തമിഴ്നാടിന് വെള്ളം വിട്ടുകൊടുക്കരുതെന്ന് കർഷകരും രാഷ്ട്രീയ നേതാക്കളും ഇതിനകം ആവശ്യപ്പെട്ടിട്ടുണ്ട്. കൂടുതൽ തീരുമാനങ്ങൾ എടുക്കുന്നതിന് മുമ്പ് മാറിക്കൊണ്ടിരിക്കുന്ന മൺസൂൺ, അവസാന സീസണിലെ സംഭരണശേഷി എന്നിവ നിരീക്ഷിക്കുന്നത് തുടരുമെന്ന് അതോറിറ്റി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

