ഇൻഡിഗോ വിമാനത്തിലെ ടോയ്‍ലറ്റ് സ്പീക്കറിൽ ഒളിപ്പിച്ച 4.27 കോടി രൂപയുടെ സ്വർണം പിടികൂടി
text_fieldsഅഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ 4.26 കോടി രൂപ വിലമതിക്കുന്ന സ്വർണം പിടികൂടി. ദുബൈയിൽ നിന്ന് എത്തിയ ഇൻഡിഗോ വിമാനത്തിന്റെ ടോയ്‍ലറ്റിലെ സ്പീക്കർ ബോക്സിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് സ്വർണബിസ്കറ്റുകൾ കണ്ടെത്തിയത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ വിമാന എൻജിനീയർമാരുടെ സഹായത്തോടെ ടോയ്‍ലറ്റിലെ സ്പീക്കർ ബോക്സ് തുറന്ന് പരിശോധിക്കുകയായിരുന്നു. അതിനുള്ളിൽ കറുത്ത ടേപ്പിൽ പൊതിഞ്ഞ രണ്ട് പായ്ക്കറ്റുകളിൽ നിന്ന് 24 എണ്ണം വിദേശ നിർമ്മിത 24 കാരറ്റ് സ്വർണ ബിസ്കറ്റുകളാണ് കണ്ടെത്തിയത്. ഇവയുടെ ആകെ ഭാരം 2,799.3 ഗ്രാം (ഏകദേശം 2.8 കിലോ) ആണ്. ഇൻഡിഗോയുടെ 6ഇ-1478 വിമാനത്തിലാണ് സ്വർണം കണ്ടെത്തിയത്.
1962ലെ കസ്റ്റംസ് നിയമം ലംഘിച്ച് ഒളിച്ചു കടത്തുന്നതിനായി അജ്ഞാതനായ ഒരാൾ സ്വർണ്ണം ഒളിപ്പിച്ചു വെച്ചതായിരിക്കാമെന്നാണ് രീതി സൂചിപ്പിക്കുന്നതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു. യാത്രക്കാരെയോ ഗ്രൗണ്ട് സ്റ്റാഫിലെ ആരെയെങ്കിലും ഉപയോഗിച്ച് പിന്നീട് സ്വർണം പുറത്തെടുക്കാനായിരുന്നു സംഘത്തിന്റെ പദ്ധതിയെന്നാണ് അന്വേഷണ ഏജൻസികളുടെ പ്രാഥമിക നിഗമനം. എന്നാൽ കസ്റ്റംസ് പരിശോധനയിൽ പദ്ധതി പൊളിയുകയായിരുന്നു. സംഭവത്തിൽ കസ്റ്റംസ് വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിമാനത്തിലെ യാത്രക്കാരുടെ വിവരങ്ങളും വിമാന ജീവനക്കാരുമായുള്ള ബന്ധങ്ങളും പരിശോധിച്ചുവരികയാണ്.
കഴിഞ്ഞദിവസം രണ്ട് യാത്രക്കാരിൽനിന്ന് 1.13 ലക്ഷത്തിലധികം വിദേശ സിഗരറ്റുകൾ വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയിരുന്നു. എമിറേറ്റ്സ് വിമാനത്തിൽ എത്തിയ യാത്രക്കാരുടെ ചെക്ക്ഡ് ഇൻ ബാഗേജുകളിലെ എക്സ്-റേ ചിത്രങ്ങൾ സംശയത്തെ തുടർന്ന് കൂടുതൽ പരിശോധനക്ക് വിധേയമാക്കിയതോടെയാണ് വിദേശ സിഗരറ്റുകളുടെ വലിയ ശേഖരം പിടികൂടിയത്. ലഗേജുകൾ വിശദമായി പരിശോധിച്ചതോടെയാണ് ഒളിപ്പിച്ചുവെച്ച സിഗരറ്റുകൾ കണ്ടെടുത്തതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പിടിച്ചെടുത്തവയിൽ ഒരു ബ്രാൻഡിന്റെ 56,000 സ്റ്റിക്കുകൾ അടങ്ങിയ 280 പെട്ടികളും മറ്റൊരു ബ്രാൻഡിന്റെ 57,200 സ്റ്റിക്കുകൾ അടങ്ങിയ 286 പെട്ടികളും ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

