40 പെട്രോകെമിക്കൽ ഉൽപന്നങ്ങളുടെ കസ്റ്റംസ് തീരുവ ഇളവ് നീട്ടി
text_fieldsന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്നുണ്ടായ വിതരണ ശൃംഖലാ തടസ്സങ്ങളുടെ പശ്ചാത്തലത്തിൽ, നിർണായകമായ 40 പെട്രോകെമിക്കൽ ഉൽപന്നങ്ങളുടെ ഇറക്കുമതിക്കുള്ള കസ്റ്റംസ് തീരുവ ഇളവ് ജൂലൈ 15 വരെ നീട്ടി. ജൂൺ 30ന് അവസാനിക്കാനിരുന്ന സമ്പൂർണ കസ്റ്റംസ് തീരുവ ഇളവാണ് 15 ദിവസം കൂടി ദീർഘിപ്പിച്ചത്. ഏപ്രിൽ രണ്ടിനാണ് ഈ ഉൽപന്നങ്ങൾക്ക് പൂർണ കസ്റ്റംസ് തീരുവ ഇളവ് പ്രഖ്യാപിച്ചത്. ആഭ്യന്തര വിപണിയിൽ പെട്രോകെമിക്കൽ ഉൽപന്നങ്ങളുടെ ലഭ്യത ഉറപ്പാക്കാനായിരുന്നു നടപടി.
ഈ കാലയളവിൽ ഇന്ത്യൻ പെട്രോളിയം കമ്പനികളോട് എൽ.പി.ജി ഉൽപാദനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നിർദേശിച്ചതായി ധനമന്ത്രാലയം അറിയിച്ചു. മെഥനോൾ, സ്റ്റൈറീൻ, ഡൈക്ലോറോമീഥെയ്ൻ, വിനൈൽ ക്ലോറൈഡ് മോണോമർ, പോളി ബ്യൂട്ടാഡൈൻ, സ്റ്റൈറീൻ ബ്യൂട്ടാഡൈൻ എന്നിവ ഉൾപ്പെടെയുള്ള 40 ഉൽപന്നങ്ങൾക്കാണ് കസ്റ്റംസ് തീരുവ ഇളവ് ബാധകമാകുന്നത്. പ്ലാസ്റ്റിക്, പാക്കേജിങ്, ടെക്സ്റ്റൈൽ, ഫാർമസ്യൂട്ടിക്കൽ, രാസവസ്തു, വാഹനഘടക നിർമാണം തുടങ്ങി പെട്രോകെമിക്കൽ അസംസ്കൃത വസ്തുക്കളെ ആശ്രയിക്കുന്ന വ്യവസായ മേഖലകൾക്ക് ഇളവ് ഗുണകരമാകും. അന്തിമ ഉൽപന്നങ്ങളുടെ ഉപഭോക്താക്കൾക്കും ഇതുവഴി ആശ്വാസമുണ്ടാകുമെന്നാണ് വിലയിരുത്തൽ.പശ്ചിമേഷ്യയിലെ യുദ്ധം മൂലമുണ്ടായ കപ്പൽഗതാഗത തടസ്സങ്ങൾ വളം, ക്രൂഡ് ഓയിൽ, പ്രകൃതിവാതകം എന്നിവയുടെ ഇറക്കുമതിയെ ബാധിക്കുമെന്ന ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര സർക്കാറിന്റെ നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

