Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനോട്ട് അസാധു:...

നോട്ട് അസാധു: കേന്ദ്രത്തിന്‍െറ ‘രഹസ്യ’വാദം പൊളിയുന്നു

text_fields
bookmark_border
നോട്ട് അസാധു: കേന്ദ്രത്തിന്‍െറ ‘രഹസ്യ’വാദം പൊളിയുന്നു
cancel

ന്യൂഡല്‍ഹി: രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളെ പ്രതിസന്ധിയിലാഴ്ത്തിയ നോട്ട് അസാധുവാക്കല്‍ തീരുമാനം കൈക്കൊണ്ടത് അതീവ രഹസ്യമായിട്ടായിരുന്നുവെന്ന  കേന്ദ്രസര്‍ക്കാര്‍ വാദം പൊളിയുന്നു. നവംബര്‍ എട്ടിന് 1000ന്‍െറയും 500ന്‍െറയും പഴയ നോട്ടുകള്‍ അസാധുവാക്കിയുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം റിസര്‍വ് ബാങ്കിന്‍െറ സെന്‍ട്രല്‍ ബോര്‍ഡ് ഡയറക്ടര്‍മാരുടെ നിര്‍ദേശപ്രകാരമായിരുന്നുവെന്ന് രേഖകള്‍ തെളിയിക്കുന്നു. ഡയറക്ടര്‍ ബോര്‍ഡിന്‍െറ നിര്‍ദേശം നടപ്പാക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തതെന്ന് കേന്ദ്രധനകാര്യ മന്ത്രാലയം ഇതുസംബന്ധിച്ച് പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഡയറക്ടര്‍ ബോര്‍ഡില്‍ ഐ.സി.ഐ.സി.ഐ, ടാറ്റ കണ്‍സല്‍ട്ടന്‍സി  അടക്കമുള്ള കോര്‍പറേറ്റ് സ്ഥാപനങ്ങളുടെ പ്രതിനിധികളും ഉള്‍പ്പെട്ടിരുന്നു.

നോട്ട് അസാധുവാക്കാനുള്ള തീരുമാനം മോദിക്കും ആര്‍.ബി.ഐ ഗവര്‍ണര്‍ക്കുമല്ലാതെ മറ്റാര്‍ക്കും അറിയില്ളെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ പറഞ്ഞത്. വിജ്ഞാപനം പുറത്തുവന്നതോടെ ഈ പ്രചാരണം തെറ്റാണെന്ന് തെളിഞ്ഞിരിക്കുകയാണ്. മാത്രമല്ല, ഏറെ നിര്‍ണായകമായ ഈ തീരുമാനത്തിന് പിന്നില്‍ കോര്‍പറേറ്റുകള്‍ക്കും പങ്കുണ്ടെന്നും വ്യക്തമായിരിക്കുന്നു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ആക്ടിന്‍െറ ഭാഗമായി രൂപംകൊണ്ട സെന്‍ട്രല്‍ ബോര്‍ഡില്‍ 21 അംഗങ്ങളാണുള്ളത്. ഇതില്‍ നാലു പേര്‍ സ്വകാര്യ മേഖലയില്‍നിന്നുള്ളവരാണ്. ഇതില്‍ മൂന്ന് പേരുടെ വിശദാംശങ്ങള്‍ ആര്‍.ബി.ഐ വെബ്സൈറ്റിലുണ്ട്.

ഐ.സി.ഐ.സി.ഐ സ്ഥാപക ഡയറക്ടറും നിലവില്‍ കെയര്‍ ഇന്ത്യ ചെയര്‍മാനുമായ ഡോ. നചികേത് എം. മോര്‍, ടാറ്റ കണ്‍സല്‍ട്ടന്‍സി സി.ഇ.ഒ നടരാജന്‍ ചന്ദ്രശേഖരന്‍, മഹീന്ദ്ര ഇന്‍റര്‍ട്രേഡ് ലിമിറ്റഡ് ചെയര്‍മാന്‍ ഭരത് നരോത്തം ദോഷി എന്നിവരുടെ വിവരങ്ങളാണ് സൈറ്റിലുള്ളത്. ഇതില്‍ ഡോ. നചികേത് ബില്‍ഗേറ്റ്സിന്‍െറ ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷന്‍െറ ഇന്ത്യയുടെ ചുമതലയുള്ള ഡയറക്ടറുമാണ്. നടരാജന്‍ നാസ്കോമിന്‍െറയും വിവിധ ഐ.ടി സ്ഥാപനങ്ങളുടെയും തലപ്പത്തിരുന്നിട്ടുണ്ട്.

ഡയറക്ടര്‍ ബോര്‍ഡ് യോഗം നടക്കുന്നുണ്ടെങ്കില്‍ അക്കാര്യം ഒരു മാസം മുമ്പ് തന്നെ അംഗങ്ങളെ അജണ്ട സഹിതം അറിയിക്കണമെന്ന് ആര്‍.ബി.ഐ നിയമം നിഷ്കര്‍ഷിക്കുന്നുണ്ട്. അഥവാ, ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിനും ഒരു മാസം മുമ്പ് തന്നെ ഇവര്‍ക്ക് അജണ്ട ലഭിച്ചുവെന്ന് വ്യക്തം. അതീവ രഹസ്യമായി നടപ്പാക്കിയെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്ന ഈ നീക്കത്തെക്കുറിച്ച് നേരത്തെ തന്നെ വേണ്ടപ്പെട്ടവര്‍ക്ക് വിവരം ലഭിച്ചുവെന്ന പ്രതിപക്ഷത്തിന്‍െറ വാദത്തെ ശരിവെക്കുന്നതാണ് വിജ്ഞാപനത്തിന്‍െറ ഉള്ളടക്കം.

മോദി വന്നുപോയി; രാജ്യസഭ സ്തംഭിച്ചു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി സഭയില്‍ ഹാജരാകാത്തതില്‍ പ്രതിഷേധിച്ച് രാജ്യസഭ സ്തംഭിപ്പിച്ചുകൊണ്ടിരുന്ന പ്രതിപക്ഷം ബുധനാഴ്ച മോദി സഭയില്‍ വന്നുപോയതിനെ ചൊല്ലി സഭ സ്തംഭിപ്പിച്ചു. കറന്‍സി നിരോധന ഉത്തരവ് പ്രഖ്യാപിച്ച മോദി അതിന്‍െറ പ്രത്യാഘാതങ്ങളെ കുറിച്ചുള്ള അംഗങ്ങളുടെ സംസാരം കേള്‍ക്കാതെ ചര്‍ച്ച മുന്നോട്ടുകൊണ്ടുപോകാന്‍ സമ്മതിക്കില്ളെന്ന് പ്രതിപക്ഷം ഒറ്റക്കെട്ടായി വ്യക്തമാക്കുകയായിരുന്നു.
രാവിലെ രണ്ട് പ്രാവശ്യം നിര്‍ത്തിവെച്ച സഭയില്‍ ഉച്ചക്ക് 12 മണിക്ക് മോദിയത്തെിയപ്പോള്‍ ചര്‍ച്ച തുടരാന്‍ സമ്മതിച്ച പ്രതിപക്ഷം ഒരു മണിക്ക് ഉച്ചഭക്ഷണത്തിനായി സഭ നിര്‍ത്തിവെക്കും വരെ സഹകരിച്ചിരുന്നു. അതുവരെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അടക്കമുള്ളവരുടെ സംസാരം കേട്ട് മോദി സഭയിലിരിക്കുകയും ചെയ്തു. ഉച്ചഭക്ഷണത്തിന് പിരിയും മുമ്പ് സംസാരിച്ച ബി.എസ്.പി നേതാവ് മായാവതി മോദി ഉച്ചക്ക് ശേഷം വരണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

എന്നാല്‍, ഉച്ചഭക്ഷണത്തിന് ശേഷം സഭ ചേര്‍ന്നപ്പോള്‍ മോദി ഹാജരില്ലാത്തത് ചോദ്യം ചെയ്ത് മായാവതി രംഗത്തുവന്നു. പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, സി.പി.എം നേതാവ് സീതാറാം യെച്ചൂരി, സമാജ്വാദി പാര്‍ട്ടി നേതാവ് നരേഷ് അഗര്‍വാള്‍ എന്നിവരും പിന്തുണച്ചു. നേരത്തെ ഉപാധികളില്ലാതെ ചര്‍ച്ച നടത്താമെന്നായിരുന്നു പ്രതിപക്ഷവുമായി സര്‍ക്കാറിന്‍െറ ധാരണയെന്നും എന്നാല്‍ ചര്‍ച്ച തുടങ്ങി രണ്ടാം ദിവസം മുതല്‍ അവര്‍ ഉപാധികള്‍ വെക്കുകയാണ് ചെയ്തതെന്നും ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി കുറ്റപ്പെടുത്തി.
2ജി ചര്‍ച്ചയുടെ കാലത്ത് അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ രണ്ട് ദിവസം തുടര്‍ച്ചയായി സഭയില്‍ പിടിച്ചിരുത്തിയ അന്നത്തെ പ്രതിപക്ഷം ഭരണപക്ഷമായപ്പോള്‍ ഇരട്ട നിലപാടെടുക്കാന്‍ അനുവദിക്കില്ളെന്ന് കോണ്‍ഗ്രസിന്‍െറ സഭാ ഉപനേതാവ് ആനന്ദ് ശര്‍മ വ്യക്തമാക്കി. തുടര്‍ന്ന് പ്രതിപക്ഷമൊന്നടങ്കം മുദ്രാവാക്യം വിളിച്ച് നടുത്തളത്തിലിറങ്ങിയതോടെ ഭരണപക്ഷവും മുദ്രാവാക്യം വിളിച്ചു. അതോടെ ഉപാധ്യക്ഷന്‍ സഭ നിര്‍ത്തിവെച്ചു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:currency ban
News Summary - currency ban
Next Story