Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമണിപ്പൂരിൽ വീണ്ടും...

മണിപ്പൂരിൽ വീണ്ടും സംഘർഷം; ഉഖ്‌റുലിൽ ഇന്റർനെറ്റ് നിരോധനം, കർഫ്യൂ ഏർപ്പെടുത്തി

text_fields
bookmark_border
മണിപ്പൂരിൽ വീണ്ടും സംഘർഷം; ഉഖ്‌റുലിൽ ഇന്റർനെറ്റ് നിരോധനം, കർഫ്യൂ ഏർപ്പെടുത്തി
cancel
camera_alt

അക്രമികൾ വീടിന് തീയിട്ടപ്പോൾ

ഇംഫാൽ: മണിപ്പൂരിലെ ഉഖ്‌റുൽ ജില്ലയിൽ വീണ്ടും വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് സംസ്ഥാന സർക്കാർ അഞ്ച് ദിവസത്തേക്ക് ഇന്റർനെറ്റ് സേവനങ്ങൾ നിരോധിക്കുകയും അനിശ്ചിതകാല കർഫ്യൂ ഏർപ്പെടുത്തുകയും ചെയ്തു. ലിറ്റാൻ ഗ്രാമത്തിൽ തങ്കുൽ നാഗ വിഭാഗത്തിൽപ്പെട്ട ഒരാളെ ഒരുസംഘം ആളുകൾ മർദിച്ചതാണ് പുതിയ സംഘർഷങ്ങൾക്ക് തുടക്കമിട്ടത്. തുടർന്ന് ഞായറാഴ്ച രാത്രി തങ്കുൽ നാഗ, കുക്കി വിഭാഗങ്ങൾ തമ്മിൽ കല്ലേറും ഏറ്റുമുട്ടലുമുണ്ടായി. തിങ്കളാഴ്ച രാത്രിയോടെ അക്രമിസംഘം ലിറ്റാൻ സരൈഖോങ് ഗ്രാമത്തിലെ വീടുകൾക്ക് തീയിട്ടു. ഇരുപതിലേറെ വീടുകൾ കത്തിനശിച്ചതായാണ് റിപ്പോർട്ടുകൾ. ചൊവ്വാഴ്ച പുലർച്ചെയും മേഖലയിൽ വെടിയൊച്ച കേട്ടതായി പ്രദേശവാസികൾ പറഞ്ഞു.

സാമൂഹമാധ്യമങ്ങളിലൂടെ തെറ്റായ വാർത്തകളും പ്രകോപനപരമായ വിഡിയോകളും പ്രചരിക്കുന്നത് തടയാൻ ചൊവ്വാഴ്ച രാവിലെ 11:30 മുതൽ അഞ്ച് ദിവസത്തേക്ക് ജില്ലയിൽ ഇന്റർനെറ്റ് നിരോധിച്ചു. ബ്രോഡ്‌ബാൻഡ്, വി.പി.എൻസേവനങ്ങൾക്കും ഇത് ബാധകമാണ്. ക്രമസമാധാന നില വഷളായതിനെത്തുടർന്ന് ഉഖ്‌റുൽ ജില്ലാ മജിസ്‌ട്രേറ്റ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചു. ആളുകൾ കൂട്ടംകൂടുന്നതിനും സഞ്ചരിക്കുന്നതിനും കർശന നിയന്ത്രണമുണ്ട്.അക്രമം ഭയന്ന് ലിറ്റാൻ ഗ്രാമത്തിലെയും സമീപ പ്രദേശങ്ങളിലെയും നൂറുകണക്കിന് കുടുംബങ്ങൾ വീടുകൾ ഉപേക്ഷിച്ച് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറിയതായാണ് വിവരം.

മേഖലയിൽ കൂടുതൽ കേന്ദ്രസേനയെയും സംസ്ഥാന പൊലീസിനെയും വിന്യസിച്ചിട്ടുണ്ട്. ലിറ്റാൻ പോലീസ് സ്റ്റേഷനിൽ കൺട്രോൾ റൂം തുറന്നു. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാമ്പ് ചെയ്ത് സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ട്. മണിപ്പൂർ മുഖ്യമന്ത്രി യുംനം ഖേംചന്ദ് സിങ് പരിക്കേറ്റവരെ ഉഖ്‌റുലിലെ ആശുപത്രിയിൽ സന്ദർശിച്ചു. ജനങ്ങൾ സമാധാനം പാലിക്കണമെന്നും തെറ്റായ വാർത്തകളിൽ വിശ്വസിക്കരുതെന്നും അദ്ദേഹം അഭ്യർഥിച്ചു. തെറ്റിദ്ധാരണ മൂലമാണ് സംഘർഷം ഉണ്ടായതെന്നും നിലവിൽ സ്ഥിതി നിയന്ത്രണവിധേയമാണെന്നും അദ്ദേഹം അറിയിച്ചു.

മണിപ്പൂർ പൊലീസ് നടത്തിയ തിരച്ചിലിൽ ഇംഫാൽ ഈസ്റ്റ് ജില്ലയിൽനിന്ന് തോക്കുകളും ഗ്രനേഡുകളും ഉൾപ്പെടെ വൻ ആയുധശേഖരം കണ്ടെടുത്തു. അക്രമം മറ്റ് ജില്ലകളിലേക്ക് വ്യാപിക്കാതിരിക്കാൻ കനത്ത ജാഗ്രത തുടരുകയാണ്. മണിപ്പൂരിൽ നേരത്തെ തന്നെ നിലനിൽക്കുന്ന മെയിതേയ്-കുക്കി തർക്കങ്ങൾക്ക് പുറമെ, ഇപ്പോൾ നാഗ-കുക്കി വിഭാഗങ്ങൾക്കിടയിലുണ്ടായ പുതിയ സംഘർഷം സംസ്ഥാനത്തെ ക്രമസമാധാന നിലയെ വീണ്ടും സങ്കീർണമാക്കിയിരിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ManipurManipur UnrestManipur ViolenceKuki- Meitei
News Summary - Curfew imposed, internet suspended in Manipur's Ukhrul after fresh violence
Next Story