ലഡാക്കിൽ കർഫ്യൂ തുടരുന്നു
text_fieldsലഡാക്കിലെ സ്ഥിതിഗതികൾ വിലയിരുത്താൻ ലഫ്റ്റനന്റ് ഗവർണർ കവിന്ദർ ഗുപ്ത വിളിച്ച സുരക്ഷാ അവലോകന യോഗം
ന്യൂഡൽഹി: സമ്പൂർണ സംസ്ഥാന പദവി അനുവദിക്കാനും ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്താനുമുള്ള ലഡാക്കിലെ ജനങ്ങളുടെ പ്രക്ഷോഭം അക്രമാസക്തമായതിനു പിറ്റേന്ന് ലഡാക്കിൽ നിന്ന് അക്രമസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തില്ല. വ്യാഴാഴ്ച പൊലീസും അർധസൈനിക വിഭാഗങ്ങളും കർശനമായി കർഫ്യൂ നടപ്പാക്കിയ ലേയിൽ അക്രമവുമായി ബന്ധപ്പെട്ട കേസുകളിൽ 50 പേരെ കസ്റ്റഡിയിലെടുത്തു.
പൊലീസുമായുള്ള ഏറ്റുമുട്ടലുകളിൽ നാലുപേർ കൊല്ലപ്പെടുകയും 80 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത ലഡാക്കിൽ കർഫ്യൂ തുടരുകയാണ്. നിരാഹാര സമരം തുടങ്ങിയ കാലാവസ്ഥാ പ്രവർത്തകൻ സോനം വാങ്ചുക്കിന്റെ പ്രകോപനപരമായ പ്രസ്താവനകളാണ് അക്രമത്തിന് കാരണമായതെന്ന് കേന്ദ്ര സർക്കാർ ആരോപിച്ചു. എന്നാൽ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലഡാക്കിന് നൽകിയ വാഗ്ദാനം പാലിക്കാത്തതാണ് അസ്വസ്ഥതകൾക്കും സംഘർഷങ്ങൾക്കും വഴിവെച്ചതെന്ന് സോനം വാങ്ചുക് വ്യക്തമാക്കി. സ്ഥിതിഗതികൾ അക്രമത്തിലെത്തിച്ചത് കേന്ദ്ര സർക്കാറാണെന്ന് കോൺഗ്രസും സി.പി.എമ്മും അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ കുറ്റപ്പെടുത്തി.
ബുധനാഴ്ച വൈകുന്നേരത്തോടെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമായെന്നും പ്രകോപനപരമായ വിഡിയോകൾ മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും പ്രചരിപ്പിക്കരുതെന്ന് എല്ലാവരോടും ആവശ്യപ്പെട്ടുവെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സ്ഥിതിഗതികൾ വിലയിരുത്താൻ ലഫ്റ്റനന്റ് ഗവർണർ കവിന്ദർ ഗുപ്ത വ്യാഴാഴ്ച സുരക്ഷാ അവലോകന യോഗം വിളിച്ചു. പൊലീസ്, സി.ആർ.പി.എഫ്, സിവിൽ ഭരണവിഭാഗം എന്നിവയിലെ മുതിർന്ന ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.
കഴിഞ്ഞ മൂന്നുവർഷമായി നിരവധി തവണ ചർച്ചകൾ നടത്തിയിട്ടും തങ്ങളുടെ ആവശ്യങ്ങൾ സർക്കാർ അവഗണിക്കുകയും ആശങ്കകൾ പരിഹരിക്കാൻ വിസമ്മതിക്കുകയും ചെയ്തതിനെ തുടർന്നാണ് ലേ അപെക്സ് ബോഡി(എൽ.എ.ബി)യുടെ നേതൃത്വത്തിൽ നിരാഹാര സമരം ആരംഭിച്ചത്. നിരാഹാര സമരം നടത്തിയവരെ ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്യാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത് വ്യാപകമായ പ്രതിഷേധങ്ങൾക്കിടയാക്കുകയും ബുധനാഴ്ചത്തെ അക്രമസംഭവങ്ങളിലേക്ക് നയിക്കുകയുമായിരുന്നു.
സോനം വാങ്ചുക്കിനെതിരെ സി.ബി.ഐ അന്വേഷണം
സോനം വാങ്ചുക്ക്
ന്യൂഡൽഹി: ലഡാക്കിന് സമ്പൂർണ സംസ്ഥാന പദവി വേണമെന്നും ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് നിരാഹാരസമരം നയിച്ച പ്രമുഖ വിദ്യാഭ്യാസ, പരിസ്ഥിതി പ്രവർത്തകനും ആക്ടിവിസ്റ്റുമായ സോനം വാങ്ചുക്കിന്റെ സ്ഥാപനമായ ഹിമാലയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആൾട്ടർനേറ്റിവ്സ് ലഡാക്കി(എച്ച്. ഐ.എ.എൽ)നെ കുറിച്ച് സി.ബി.ഐ അന്വേഷണം തുടങ്ങി. വിദേശ സംഭാവന (നിയന്ത്രണ) നിയമ (എഫ്.സി.ആർ.എ) ലംഘനം ആരോപിച്ചാണ് അന്വേഷണം. ഇതുകൂടാതെ പൊലീസ് തനിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസ് ഫയൽചെയ്തുവെന്നും പാട്ടത്തുക നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടി എച്ച്.ഐ.എ.എല്ലിന് നൽകിയ ഭൂമി തിരിച്ചെടുക്കാൻ ഉത്തരവിട്ടുവെന്നും സോനം വാങ്ചുക് പറഞ്ഞു.
കുറച്ചു നാളായി ഏജൻസിയുടെ റഡാറിലുണ്ടെന്നും എന്നാൽ സോനം വാങ്ചുക്കിനും സ്ഥാപനത്തിനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർചെയ്തിട്ടില്ലെന്നുമാണ് കേന്ദ്രസർക്കാർ വൃത്തങ്ങൾ മാധ്യമങ്ങളെ അറിയിച്ചിരിക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിന്റെ പരാതിയിൽ നടപടിയെടുക്കുകയാണെന്ന് പറഞ്ഞ് 10 ദിവസം മുമ്പ് സി.ബി.ഐ സംഘം ഒരു ഉത്തരവുമായി വന്നിരുന്നുവെന്ന് സോനം വാങ്ചുക് പറഞ്ഞു. വിദേശ ഫണ്ടുകൾ സ്വീകരിക്കുന്നതിന് എഫ്.സി.ആർ.എ പ്രകാരം അനുമതി നേടിയിട്ടില്ലെന്നാണ് ഉത്തരവിലുള്ളത്. എന്നാൽ, വിദേശ ഫണ്ടുകളെ ആശ്രയിക്കുന്നില്ല. മറിച്ച് അറിവ് കയറ്റുമതി ചെയ്ത് വരുമാനമുണ്ടാക്കുകയാണ് ചെയ്യുന്നത്. എന്നാൽ അത് വിദേശ സംഭാവനയാണെന്നാണ് അവർ കരുതിയത്. 2022നും 2024നും ഇടയിൽ ഐ.എ.എല്ലും സ്റ്റുഡന്റ്സ് എജുക്കേഷനൽ ആൻഡ് കൾച്ചറൽ മൂവ്മെന്റ് ഓഫ് ലഡാക്കും (എസ്.ഇ.സി.എം.ഒ.എൽ) ലഭിച്ച വിദേശ ഫണ്ടുകളുടെ വിശദാംശങ്ങൾ തേടി സി.ബി.ഐ സംഘം കഴിഞ്ഞ ആഴ്ച ലേയിലെത്തിയതാണ്. സംഘം ഇപ്പോഴും ലഡാക്കിൽ തമ്പടിച്ച് സംഘടനകളുടെ അക്കൗണ്ടുകളും പ്രസ്താവനകളും പരിശോധിക്കുകയാണെന്നും സോനം വാങ്ചുക് പറഞ്ഞു.
ഇത് ഐക്യരാഷ്ട്ര സഭ, സ്വിസ് സർവകലാശാല, ഒരു ഇറ്റാലിയൻ സംഘടന എന്നിവയിലേക്ക് ഇന്ത്യ അറിവ് കയറ്റുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ടതാണെന്ന് കണ്ടതോടെ അവർ 2022-24 കാലയളവിന് പുറമെ 2021, 2020 വർഷങ്ങളിലെ അക്കൗണ്ടുകൾ ആവശ്യപ്പെട്ടു -വാങ്ചുക് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

