Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാമനവമി സംഘർഷം;...

രാമനവമി സംഘർഷം; അക്രമങ്ങൾ ആസൂത്രിതം

text_fields
bookmark_border
രാമനവമി സംഘർഷം; അക്രമങ്ങൾ ആസൂത്രിതം
cancel
Listen to this Article

ന്യൂഡൽഹി: രാമനവമി ആഘോഷത്തോടനുബന്ധിച്ച് ന്യൂനപക്ഷങ്ങൾക്കെതിരെ നടന്ന അക്രമങ്ങൾ തീർത്തും ആസൂത്രിതമെന്നതിന് തെളിവുകൾ. ഏപ്രിൽ 10 ന് ഉത്തരേന്ത്യയിലെ വിവിധ നഗരങ്ങളിൽ നടന്ന ഘോഷയാത്രകൾ മുസ്‍ലിം മേഖലകളിൽകൂടി പ്രകോപനപരമായി കടന്നുപോകുകയും ഇത് അക്രമസംഭവങ്ങളിലേക്ക് നീങ്ങുകയുമായിരുന്നു. ഗുജറാത്ത് സബർകന്ത ജില്ലയിലെ ഹിമ്മത് നഗറിൽ ഉച്ചക്ക് ഒരുമണിയോടെയാണ് വാളും മറ്റ് ആയുധങ്ങളുമേന്തി രാമനവമി ഘോഷയാത്ര തുടങ്ങിയത്.

ഘോഷയാത്രയിൽ അണിനിരക്കാൻ ആഹ്വാനവുമായി പോസ്റ്ററുകളും മറ്റും വ്യാപകമായി നേരത്തേ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു. മുസ്‍ലിം മേഖലയായ അശ്റഫ് നഗറിലേക്ക് കടന്നതോടെ പ്രദേശവാസികളുമായി ഉരസലായി. ഘോഷയാത്രയിലെ ഹിന്ദുക്കളും പ്രദേശവാസികളായ മുസ്‍ലിംകളും തമ്മിൽ വാക്പോരുമായി. വീടുകളുടെ മട്ടുപ്പാവുകളിൽനിന്ന് മുസ്‍ലിംകൾ പരിഹസിച്ചുവെന്ന് ആരോപിച്ചാണ് അക്രമം തുടങ്ങിയത്. പിന്നാലെ പ്രദേശത്തും ഹിമ്മത് നഗർ മേഖലയിലും വ്യാപക അക്രമം പൊട്ടിപ്പുറപ്പെട്ടു.

സമീപ ജില്ലയായ ആനന്ദിലെ ഖംബതിൽ വരെ അക്രമമുണ്ടായി. ആദ്യഘട്ട സംഘർഷത്തിനുശേഷം രണ്ടാമതൊരു ഘോഷയാത്രക്ക് പൊലീസ് തുടക്കത്തിൽ അനുമതി നൽകിയില്ല. പക്ഷേ, വി.എച്ച്.പി, ബജ്റംഗ് ദൾ പ്രവർത്തകർ വീണ്ടും മുസ്‍ലിം മേഖലകളിൽകൂടി ഘോഷയാത്ര നടത്താൻ തീരുമാനിച്ചു. 1,200 ഓളം പേരുടെ വലിയ ഘോഷയാത്ര പിന്നാലെ പൊലീസ് അകമ്പടിയിൽ നടന്നു. ഇതോടെ അക്രമവും കൊള്ളിവെപ്പും ഉണ്ടായി. വീടുകളും വ്യാപാര സ്ഥാപനങ്ങളും വ്യാപകമായി ആക്രമിക്കപ്പെട്ടു.

മുസ്‍ലിം കടകളും പള്ളികളും ദർഗകളും 'ജയ്ശ്രീറാം' വിളികളുമായി അഗ്നിക്കിരയാക്കി. വാളുകളും മറ്റ് ആയുധങ്ങളുമേന്തി കൃത്യമായ പദ്ധതിയുമായാണ് ഘോഷയാത്ര നടത്തിയതെന്ന് അശ്റഫ് നഗർ സ്വദേശി അഹ്മദ് പറയുന്നു. പൊലീസും അവർക്കൊപ്പമായിരുന്നു. ആൾക്കൂട്ടം വരുന്നത് കണ്ടപ്പോൾ തന്നെ ഭൂരിഭാഗം നാട്ടുകാരും വീടിനുള്ളിൽ കയറി വാതിലടച്ചു.

ഒളിക്കാൻ തയാറാകാത്ത ചെറിയൊരു വിഭാഗമാണ് പ്രകോപനത്തെ നേരിടാൻ പുറത്തിറങ്ങിയത്. 19 കാരനായ ഫരീദിന് തലക്ക് ഗുരുതരമായ പരിക്കേൽക്കുന്നത് കാഴ്ചക്കാരനായി നിൽക്കുമ്പോഴാണെന്ന് പിതൃസഹോദരൻ സലീം ശൈഖ് പറയുന്നു. അക്രമങ്ങൾക്ക് പിന്നാലെ 25 മുസ്‍ലിം ചെറുപ്പക്കാരെ പൊലീസ് പിടിച്ചുകൊണ്ടുപോയി. ഗുജറാത്തിലെ തന്നെ ദ്വാരക, ബർദോളി തുടങ്ങിയിടങ്ങളിലും വലിയ അക്രമങ്ങളുണ്ടായി.

ഖാർഗോനിൽ കർഫ്യൂ തുടരുന്നു; പലായനം നിഷേധിച്ച് അധികൃതർ

ഖാർഗോൻ: രാമനവമി ആഘോഷത്തോടനുബന്ധിച്ച് അക്രമങ്ങളുണ്ടായ മധ്യപ്രദേശിലെ ഖാർഗോനിൽ കർഫ്യൂ തുടരുന്നു. നൂറിലേറെ കുടുംബങ്ങൾ നഗരത്തിൽനിന്ന് പലായനം ചെയ്തതായി റിപ്പോർട്ടുണ്ട്. ഇക്കാര്യം അധികൃതർ നിഷേധിച്ചു. സ്ഥിതി സംഘർഷഭരിതമാണെങ്കിലും ശാന്തമായി തുടരുകയാണെന്നും നൂറിലേറെ പേരെ ഇതിനകം അറസ്റ്റ് ചെയ്തതായും പൊലീസ് അഡീ. സൂപ്രണ്ട് നീരജ് ചൗരസ്യ പറഞ്ഞു.

വെള്ളിയാഴ്ച വൈകീട്ടോടെയാണ് ഖാർഗോനിൽ കർഫ്യൂ ഏർപ്പെടുത്തിയത്. രാമനവമി ഘോഷയാത്രക്കിടെ പള്ളിമതിലുകളിലും മറ്റും പതാകകൾ സ്ഥാപിച്ചതിനെതിരെ ഭോപാലിലെ മുസ്‍ലിം പുരോഹിതർ ഡി.ജി.പിക്ക് പരാതി നൽകി. എന്നാൽ, അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലെന്ന് നീരജ് ചൗരസ്യ പറഞ്ഞു. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രങ്ങൾ ഖാർഗോനുമായി ബന്ധപ്പെട്ടതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുസ്‍ലിംകളുടെ വീടുകളും സ്ഥാപനങ്ങളും ജില്ല ഭരണകൂടം ഇടിച്ചുനിരത്തിയെന്നും ഇതേതുടർന്ന് നൂറിലേറെ കുടുംബങ്ങൾ പലായനം ചെയ്യാൻ നിർബന്ധിതരായെന്നും സമുദായ നേതാക്കൾ ആരോപിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CurfewRamanavami violenceKhargon
News Summary - Curfew continues in Khargon; Authorities denied the escape
Next Story