5000 ഗോത്ര കലാകാരന്മാർ, 45 നൃത്തരൂപങ്ങൾ; സാംസ്കാരിക പരിപാടികൾ കൊണ്ട് നിറഞ്ഞ് കർത്തവ്യ പഥ്
text_fields76-ാമത് റിപ്പബ്ലിക് ദിന പരേഡിൽ കർത്തവ്യ പഥിൽ നടന്ന വനിതാ ഗോത്ര കലാകാരന്മാരുടെ സാംസ്കാരിക പരിപാടികൾ
ന്യൂഡൽഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 5000ത്തിലധികം ഗോത്ര കലാകാരന്മാരുടെ 45 നൃത്തരൂപങ്ങൾ കർത്തവ്യ പഥിൽ അവതരിപ്പിച്ചു. 76-ാമത് റിപ്പബ്ലിക് ദിന പരിപാടികളുടെ ഭാഗമായാണ് അവതരണം. 'ജയതി ജയ മമ ഭാരതം' എന്ന പേരിൽ 11 മിനിറ്റ് നീണ്ടുനിന്ന സാംസ്കാരിക പരിപാടി സംഗീത നാടക അക്കാദമിയാണ് സംഘടിപ്പിച്ചത്.
ബിർസ മുണ്ടയുടെ 150-ാം ജന്മവാർഷികത്തോടുള്ള ആദരസൂചകമായാണ് രാജ്യത്തിന്റെ ഗോത്രവർഗ കലാരൂപങ്ങളുടെ അവതരണം. 'വികസിത് ഭാരത്', 'ഏക് ഭാരത് ശ്രേഷ്ഠ ഭാരത്' തുടങ്ങിയ ആശയങ്ങൾ മുൻനിർത്തിയാണ് നൃത്തസംവിധാനം. 'ജയതി ജയ മമ ഭാരതം' അവതരണത്തിന്‍റെ വരികൾ എഴുതിയത് സുഭാഷ് സെഗാളും സംഗീതം ശങ്കർ മഹാദേവനും ആണ്.
കലാകാരന്മാർ അവരുടെ തനതായ വസ്ത്രങ്ങൾ, ആഭരണങ്ങൾ, ശിരോവസ്ത്രങ്ങൾ, കുന്തങ്ങൾ, വാളുകൾ, ഡ്രംസ് തുടങ്ങിയ പരമ്പരാഗത ഉപകരണങ്ങൾ ഉപയോഗിച്ചാണ് അവരുടെ നൃത്തരൂപങ്ങൾക്ക് മിഴിവേകിയത്. അവതരണത്തിന്റെ ദൃശ്യഭംഗി കൂട്ടാൻ നാഷനൽ സ്‌കൂൾ ഓഫ് ഡ്രാമയിലെ വിദഗ്ധരുടെ ഒരു സംഘം ഉപകരണ അലങ്കാരം, പുഷ്പങ്ങൾ, അമ്പലക്കാവടി, പൂ കാവടി മുതലായവ ഉൾപ്പെടെ 60ലധികം ഉപകരണങ്ങൾ രൂപകൽപ്പന ചെയ്‌തു.
എല്ലാ അതിഥികൾക്കും ഒരേ കാഴ്ചാനുഭവം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി, വിജയ് ചൗക്കിൽ നിന്നും സി ഹെക്സഗൺ വരെയുള്ള മുഴുവൻ കർത്തവ്യ പഥും ഉൾക്കൊള്ളിച്ചായിരുന്നു സംഗീത പരിപാടി. ആദ്യമായാണ് ഇത്തരത്തിലുള്ള സംഘാടനം. ഗോത്ര കലാകാരന്മാരുടെ സംഗീത പ്രകടനം ഇന്ത്യയുടെ പൈതൃകത്തിന്റെ വൈവിധ്യത്തെയും സംസ്‌കാരത്തെയും പ്രതിനിധീകരിക്കുന്നതായിരുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

