Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവാൻ ഡ്രൈവർ...

വാൻ ഡ്രൈവർ നിർബന്ധിച്ച് ഗേറ്റ് തുറപ്പിച്ചതാണെന്ന് റെയിൽവേ; ഗേറ്റ് അടച്ചിരുന്നില്ലെന്ന് രക്ഷപ്പെട്ട വിദ്യാർഥി, ഗേറ്റ് കീപ്പർ മദ്യലഹരിയിലെന്ന് നാട്ടുകാർ

text_fields
bookmark_border
വാൻ ഡ്രൈവർ നിർബന്ധിച്ച് ഗേറ്റ് തുറപ്പിച്ചതാണെന്ന് റെയിൽവേ; ഗേറ്റ് അടച്ചിരുന്നില്ലെന്ന് രക്ഷപ്പെട്ട വിദ്യാർഥി, ഗേറ്റ് കീപ്പർ മദ്യലഹരിയിലെന്ന് നാട്ടുകാർ
cancel

ചെന്നൈ: കടലൂർ ട്രെയിനപകടത്തി​െൻറ കാരണത്തെക്കുറിച്ച് ആശയക്കുഴപ്പം. അപകടത്തെക്കുറിച്ച് റെയിൽവേയും അപകടത്തിൽപ്പെട്ടവരും നാട്ടുകാരും വ്യത്യസ്തമായാണ് വിശദീകരിക്കുന്നത്. അപകടസമയത്ത് റെയിൽവേ ഗേറ്റ് അടച്ചിരുന്നില്ലെന്നും ഡ്യൂട്ടി സമയത്ത് ഗേറ്റ് കീപ്പർ മദ്യപിച്ചിരുന്നതായും ജോലിക്കിടെ ഉറങ്ങിപ്പോയതാണ് കാരണമെന്നും നാട്ടുകാർ പരാതിപ്പെടുന്നു.

അപകടത്തിനു ശേഷം നാട്ടുകാർ മർദിച്ചതിനാൽ അവശനിലയിലായ ഗേറ്റ്കീപ്പർ പങ്കജ് ശർമയെ പൊലീസുകാരാണ് കടലൂർ എസ്.പി ഓഫിസിലേക്ക് കൊണ്ടുപോയത്. ഇയാളെ പിന്നീട് പരിശോധനക്കായി ആശുപത്രിയിലുമെത്തിച്ച ശേഷം അറസ്റ്റ് ചെയ്തു. പങ്കജ് ശർമയെ റെയിൽവേ സസ്പെൻഡ് ചെയ്തിട്ടുണ്ട്.

ഗേറ്റ് അടക്കുന്നതിനിടെ വാൻ ഡ്രൈവർ േഹാണടിച്ച് നിർബന്ധപൂർവം ഗേറ്റ് തുറപ്പിച്ച് കടന്നുപോയതാണ് അപകടത്തിന് കാരണമായതെന്ന് റെയിൽവേയുടെ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു.

ട്രെയിൻ കടന്നുവരുന്നതുമായി ബന്ധപ്പെട്ട് ഗേറ്റ്കീപ്പർക്ക് ഫോൺ കാൾ ലഭ്യമായിരുന്നതായും തിരുച്ചി റെയിൽവേ ഡിവിഷനൽ മാനേജർ അൻപഴകൻ അറിയിച്ചു. 95 കിലോമീറ്റർ വേഗത്തിലായിരുന്നു ട്രെയിൻ. നാട്ടുകാർ ആവശ്യപ്പെട്ടതാണെങ്കിലും ഗേറ്റ് തുറന്നുകൊടുത്തത് തെറ്റാണ്. സംഭവത്തെക്കുറിച്ച് വിശദാന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ​വാൻ കടന്നുവരവെ റെയിൽവേ ഗേറ്റ് തുറന്നുകിടക്കുകയായിരുന്നുവെന്നാണ് അപകടത്തിൽനിന്ന് രക്ഷപ്പെട്ട് ആശുപത്രിയിൽ ചികിത്സയിലുള്ള വിദ്യാർഥി വിശ്വേഷ് മാധ്യമങ്ങളോട് പറഞ്ഞത്. സംഭവസമയത്ത് ഗേറ്റ് തുറന്നുകിടന്നിരുന്നതിനാൽ ട്രെയിൻ കടന്നുപോയതായി കരുതിയതായും ഗേറ്റ്കീപ്പർ ഡ്യൂട്ടി റൂമിലായിരുന്നുവെന്നും ട്രെയിൻ വരുന്നതിന്റെ ശബ്ദം കേട്ടിരുന്നില്ലെന്നും വിശ്വേഷ് പറഞ്ഞു. ഗേറ്റ് അടച്ചിരുന്നില്ലെന്ന് വാൻ ഡ്രൈവർ ശങ്കറും വ്യക്തമാക്കി.

നോൺ ഇന്റർ ലോക്കിങ് സംവിധാനത്തിൽ പ്രവർത്തിച്ചിരുന്ന റെയിൽവേ ഗേറ്റാണിത്. ഫോണിൽ വിവരം അറിയിച്ചതിനുശേഷം മാത്രമേ ഗേറ്റ് അടക്കുകയും തുറക്കുകയും ചെയ്യാറുള്ളൂ. ഇതനുസരിച്ചാണ് റെയിൽവേ സിഗ്നൽ നൽകുക. ട്രെയിൻ കടന്നുവരുന്നതുമായി ബന്ധപ്പെട്ട് ഗേറ്റ്കീപ്പർക്ക് വിവരം ലഭ്യമായിരുന്നുവോയെന്നും ഏതെങ്കിലും വിധത്തിലുള്ള സാ​േങ്കതിക പിഴവ് സംഭവിച്ചിരുന്നുവോയെന്നും റെയിൽവേ അന്വേഷിക്കുന്നുണ്ട്.

സെമ്മങ്കുപ്പം റെയിൽവേ ഗേറ്റുള്ള സ്ഥലത്ത് തുരങ്കപാത നിർമിക്കുന്നതിന് റെയിൽവേ പദ്ധതിയിട്ടിരുന്നു. സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് ജില്ല കലക്ടറുടെ അനുമതി ലഭിക്കാത്തതിനാലാണ് നിർമാണപ്രവൃത്തി തുടങ്ങാനാകാത്തതെന്നും റെയിൽവേ അറിയിച്ചു.

ട്രാക്ക് കടക്കുന്നതിനിടെ സ്കൂൾ വാനിൽ ട്രെയിനിടിച്ച് മൂന്നു വിദ്യാർഥികൾക്കാണ് ജീവൻ നഷ്ടമായത്. ദാരുണാന്ത്യം. ചിന്നകാട്ടു സഗായ് സ്വദേശി ചാരുമതി (16), സഹോദരൻ ചെഴിയൻ (15), തൊണ്ടമനാഥം സ്വദേശി നിമലേഷ് (12) എന്നീ വിദ്യാർഥികളാണ് മരിച്ചത്. ഡ്രൈവർ കടലൂർ മഞ്ഞക്കുപ്പം സ്വദേശി ശങ്കർ (47), തൊണ്ടമനാഥം സ്വദേശി വിശ്വേഷ് (16) എന്നിവരെ ഗുരുതര പരിക്കുകളോടെ പോണ്ടിച്ചേരി ജിപ്മർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:southern railwayvan driverTrain accidentsCuddalore accident
News Summary - Cuddalore accident: S Railway blames van driver, suspends gatekeeper
Next Story