നിർണായകം, ബി.ജെ.പിക്കും കോൺഗ്രസിനും
text_fieldsRepresentational Image
ന്യൂഡൽഹി: മിനി പൊതുതെരഞ്ഞെടുപ്പിന്റെ വീറും വാശിയുമായി കടന്നുവരുന്ന അഞ്ചു സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പുകൾ ബി.ജെ.പിക്കും കോൺഗ്രസിനും ഒരുപോലെ നിർണായകം. രാജ്യത്തിന്റെ ഭാവിയിൽ സുപ്രധാനമായിക്കാണുന്ന 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളെ ഏറെ സ്വാധീനിക്കാൻ പോന്ന നവംബർ തെരഞ്ഞെടുപ്പുകളിലെ ജയപരാജയം കോൺഗ്രസിനും ബി.ജെ.പിക്കും അത്രമേൽ പ്രധാനം.
കൊച്ചു സംസ്ഥാനമായ മിസോറമിൽ മിസോ നാഷനൽ ഫ്രണ്ടിനെയോ ചന്ദ്രശേഖർ റാവു മൂന്നാമൂഴം നോക്കുന്ന തെലങ്കാനയിൽ ഭാരത്രാഷ്ട്ര സമിതിയെയോ മറിച്ചിടാൻ കഴിയുമെന്ന് പ്രധാന ദേശീയ പാർട്ടികൾക്ക് അമിത വിശ്വാസമില്ല. അതേസമയം, തെലങ്കാനയിൽ മത്സരം കടുത്തതാണെന്നും വിലയിരുത്തലുണ്ട്. അതിൽനിന്നു ഭിന്നമായി ബി.ജെ.പിയും കോൺഗ്രസുമായി നേർക്കുനേർ പോരാട്ടമാണ് രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തിസ്ഗഢ് എന്നിവിടങ്ങളിൽ നടക്കുന്നത്. മൂന്നു സംസ്ഥാനങ്ങളും ബി.ജെ.പിക്കും കോൺഗ്രസിനും ഒരുപോലെ പ്രധാനം. കോൺഗ്രസിന്റെ പ്രകടനമാകട്ടെ, പ്രതിപക്ഷ സഖ്യമായ ഇൻഡ്യയുടെ കെട്ടുറപ്പ് നിർണയിക്കുന്നതിലും വലിയ പങ്കുവഹിക്കും.
കർണാടക, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ ബി.ജെ.പിയെ തറപറ്റിച്ച മിന്നുന്ന പ്രകടനമാണ് കോൺഗ്രസിന് തിരിച്ചുവരവിന്റെ ജീവവായു നൽകിയതെങ്കിൽ, പുതിയ നിയമസഭ തെരഞ്ഞെടുപ്പുഫലങ്ങൾ അതിന്റെ ഗതിവേഗം നിശ്ചയിക്കും. കർണാടകയിലും ഹിമാചലിലും തോറ്റ ബി.ജെ.പിക്കാകട്ടെ, പാർട്ടിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ജനപിന്തുണയുടെ ഉരകല്ലാണ് പുതിയ തെരഞ്ഞെടുപ്പുകൾ.
പ്രാദേശിക നേതാക്കളെ തള്ളിമാറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അഞ്ചിടത്തും ബി.ജെ.പിയുടെ വോട്ടുതാരം. അതിൽനിന്നു ഭിന്നമായി പ്രാദേശിക നേതാക്കളിലും പ്രാദേശിക വിഷയങ്ങളിലും ഊന്നി മുന്നോട്ടു പോവുകയാണ് കോൺഗ്രസ്. അതേസമയം, പാർട്ടിക്കുള്ളിലെ ആഭ്യന്തര കുഴപ്പങ്ങൾ ഇരു പാർട്ടികളെയും അലട്ടുന്നുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പിൽ ജയിച്ച 17 എം.പിമാരെ ഈ നിയമസഭ തെരഞ്ഞെടുപ്പുകളിൽ സ്ഥാനാർഥിയാക്കിയിരിക്കുന്നതിലൂടെ, ഈ നിയമസഭ തെരഞ്ഞെടുപ്പുകൾ എത്രത്തോളം പ്രധാനപ്പെട്ടതായി കാണുന്നുവെന്ന് ബി.ജെ.പി വിളിച്ചു പറയുന്നുണ്ട്. പ്രാദേശിക വിഷയങ്ങളിൽ ഊന്നിനിൽക്കുമ്പോൾത്തന്നെ, ബി.ജെ.പിയുടെ ഹിന്ദുത്വയെ ജാതി സെൻസസ് മുഖ്യായുധമാക്കി പിന്നാക്കവിഭാഗങ്ങളെ സ്വാധീനിക്കാനുള്ള നീക്കത്തിൽ കൂടിയാണ് കോൺഗ്രസ്.
2018ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തിസ്ഗഢ് എന്നിവിടങ്ങളിലെ ഫലം കോൺഗ്രസിന് അനുകൂലമായിരുന്നെങ്കിലും 2019ലെ പൊതുതെരഞ്ഞെടുപ്പിൽ മോദിപ്രഭാവത്തിലൂടെ ബി.ജെ.പിയാണ് സീറ്റുകൾ കൈയടക്കിയത്. അഞ്ചു സംസ്ഥാനങ്ങളിലെ 82 ലോക്സഭ സീറ്റുകളിൽ 65ഉം ബി.ജെ.പി നേടി. അതുകൊണ്ട് നിയമസഭ തെരഞ്ഞെടുപ്പുഫലം പൊതു തെരഞ്ഞെടുപ്പുപ്രവണതകളുടെ ചൂണ്ടുപലകയാണെന്നു കരുതാനാകില്ല. എന്നാൽ ജയം ആവേശവും ആത്മവിശ്വാസവും കൂട്ടും. തോൽവിയാകട്ടെ, പ്രതീക്ഷകളുടെ നിറം കെടുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

