പാകിസ്താന് വേണ്ടി ചാരവൃത്തി; എൻ.ഐ.എ കസ്റ്റഡിയിലുള്ള സി.ആർ.പി.എഫ് ജവാനെ പിരിച്ചുവിട്ടു
text_fieldsസി.ആർ.പി.എഫ് ജവാന്മാർ (പ്രതീകാത്മക ചിത്രം)
ന്യൂഡൽഹി: പാക് ഇന്‍റലിജൻസിന് വിവരങ്ങൾ ചോർത്തിയെന്ന കുറ്റം ചുമത്തി ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) കസ്റ്റഡിയിലെടുത്ത സി.ആർ.പി.എഫ് ജവാനെ സർവിസിൽ നിന്ന് പിരിച്ചുവിട്ടു. സി.ആർ.പി.എഫ് വൃത്തങ്ങളെ ഉദ്ധരിച്ച് 'ദി പ്രിന്‍റ്' ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കശ്മീരിൽ ചുമതലയുണ്ടായിരുന്ന അസിസ്റ്റന്‍റ് സബ്-ഇൻസ്പെക്ടർ തലത്തിലുള്ള ഉദ്യോഗസ്ഥനായ മോത്തി റാം ആണ് കസ്റ്റഡിയിലുള്ളതെന്ന് റിപ്പോർട്ടിൽ പറയുന്നു.
മോത്തി റാമിന്‍റെ സമൂഹമാധ്യമ ഇടപെടലുകളിൽ സംശയം തോന്നിയ സി.ആർ.പി.എഫ് ഇദ്ദേഹത്തെ നിരീക്ഷിച്ചുവരികയായിരുന്നു. മോത്തി റാമിനെ സി.ആർ.പി.എഫ് ഉദ്യോഗസ്ഥരും കേന്ദ്ര ഇന്‍റലിജൻസ് ഉദ്യോഗസ്ഥരും ചോദ്യംചെയ്തതിന് പിന്നാലെയാണ് എൻ.ഐ.എക്ക് കൈമാറിയത്. യു.എ.പി.എ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് എൻ.ഐ.എ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
സുരക്ഷാ സേന നടത്തിയ ഓപ്പറേഷനുകളെക്കുറിച്ചും സുരക്ഷാ സംവിധാനങ്ങളെ കുറിച്ചുമുള്ള നിർണായക വിവരങ്ങൾ പാക് ഇന്‍റലിജൻസിന് ചോർത്തി നൽകിയതിനാണ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തതെന്ന് സി.ആർ.പി.എഫ് വൃത്തങ്ങൾ പറഞ്ഞതായി 'ദി പ്രിന്‍റ്' റിപ്പോർട്ടിൽ പറയുന്നു. പാക് ഇന്‍റലിജൻസിൽ നിന്ന് പണം വാങ്ങിയാണ് ഉദ്യോഗസ്ഥൻ ചാരവൃത്തി നടത്തിയത്.
മോത്തി റാമിനെ വെള്ളിയാഴ്ച ഡൽഹി പട്യാല ഹൗസ് കോടതിയിലെ പ്രത്യേക എൻ.ഐ.എ ജഡ്ജി 15 ദിവസത്തെ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. ഇതേ ദിവസമാണ് മോത്തി റാമിനെ സി.ആർ.പി.എഫിൽ നിന്ന് പിരിച്ചുവിട്ടത്.
പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയതിന് നിരവധി പേരെ രാജ്യവ്യാപകമായി അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് രാജ്യത്തെ ഏറ്റവും വലിയ പാരാമിലിട്ടറി സേനയായ സി.ആർ.പി.എഫിന്‍റെ ഉദ്യോഗസ്ഥൻ ചാരവൃത്തിക്ക് അറസ്റ്റിലാവുന്നത്. പഞ്ചാബ്, ഗുജറാത്ത്, ഹരിയാന, യു.പി തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നായി 19 പേരെയാണ് കഴിഞ്ഞയാഴ്ച ചാരവൃത്തിക്ക് പൊലീസ് അറസ്റ്റ് ചെയ്തത്. യൂട്യൂബറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ജ്യോതി മൽഹോത്രയും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

