പാകിസ്താന് രഹസ്യ വിവരങ്ങൾ കൈമാറി; സി.ആർ.പി.എഫ് ഉദ്യോഗസ്ഥൻ പിടിയിൽ
text_fieldsന്യൂഡൽഹി: പാകിസ്താന് രഹസ്യവിവരങ്ങൾ കൈമാറിയ സി.ആർ.പി.എഫ് ഉദ്യോഗസ്ഥൻ പിടിയിൽ. അസി. സബ് ഇൻസ്പെക്ടർ മോത്തി റാം ജാട്ടിനെയാണ് തിങ്കളാഴ്ച ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) ഡൽഹിയിൽനിന്ന് അറസ്റ്റ് ചെയ്തത്.
പാകിസ്താൻ ഇന്റലിജൻസ് ഉദ്യോഗസ്ഥരുമായി (പി.ഐ.ഒ) തന്ത്രപ്രധാനമായ വിവരങ്ങൾ ഇയാൾ പങ്കുവെച്ചിരുന്നതായാണ് കണ്ടെത്തൽ. വിവിധ മാർഗങ്ങളിലൂടെ ഇയാൾ പി.ഐ.ഒയിൽനിന്ന് പണം കൈപ്പറ്റിയിരുന്നതായും എൻ.ഐ.എ വ്യക്തമാക്കി.
അറസ്റ്റിന് പിന്നാലെ ഇയാളെ സർവിസിൽനിന്ന് പിരിച്ചുവിട്ടതായി സി.ആർ.പി.എഫ് അറിയിച്ചു. പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ തുടരന്വേഷണങ്ങളുടെ ഭാഗമായി ജൂൺ ഒമ്പതുവരെ എൻ.ഐ.എ കസ്റ്റഡിയിൽ വിട്ടു.
2023 മുതൽ ഇയാൾ ചാരവൃത്തി നടത്തുന്നുണ്ടെന്ന് എൻ.ഐ.എ വക്താവ് പറഞ്ഞു. പ്രഥമദൃഷ്ട്യാ ഗുരുതര ചട്ടലംഘനം സ്ഥിരീകരിച്ചതോടെയാണ് ഇയാളെ പിരിച്ചുവിടുന്നതെന്ന് സി.ആർ.പി.എഫ് വക്താവ് അറിയിച്ചു.
ചാരവൃത്തി നടത്തിയ ഗുജറാത്ത് സ്വദേശിയായ ആരോഗ്യപ്രവർത്തകൻ ശനിയാഴ്ച പിടിയിലായിരുന്നു. ഗുജറാത്ത് ആരോഗ്യ വകുപ്പിലെ താൽക്കാലിക ജീവനക്കാരനായ സഹദേവ് സിങ് ദീപുഭ ഗോഹിലാണ് പാക് അതിർത്തി ജില്ലയായ കച്ചിൽ വെച്ച് പിടിയിലായത്. ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡ്(എ.ടി.എസ്) ആണ് ഇയാളെ പിടികൂടിയത്. സഹദേവ് സിങ് 2023 മുതൽ വിവിധ സമൂഹ മാധ്യമങ്ങൾ വഴി അതിർത്തിപ്രദേശങ്ങളിലെ സൈനിക വിന്യാസം,
ചെക്ക് പോസ്റ്റുകൾ തുടങ്ങിയവയുടെ തന്ത്രപ്രധാനമായ ചിത്രങ്ങൾ കൈമാറിയെന്നാണ് എ.ടി.എസ് കണ്ടെത്തൽ. കച്ചിൽ ജോലി ചെയ്തിരുന്ന ഇയാൾ ഏറെനാളായി നിരീക്ഷണത്തിലായിരുന്നു.
ഓപറേഷൻ സിന്ദൂരിന് പിന്നാലെ പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയ കുറ്റത്തിന് യൂട്യൂബർ ജ്യോതി മൽഹോത്രയടക്കം 12 പേരാണ് രണ്ടാഴ്ചക്കിടെ രാജ്യത്ത് വിവിധയിടങ്ങളിലായി അറസ്റ്റിലായത്.
ചാരവൃത്തി: ജ്യോതി മൽഹോത്ര ജുഡീഷ്യൽ കസ്റ്റഡിയിൽ
ഹിസാർ: ചാരവൃത്തി കേസിൽ അറസ്റ്റിലായ യൂട്യൂബർ ജ്യോതി മൽഹോത്രയെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. പൊലീസ് കസ്റ്റഡി അവസാനിച്ചതിനെതുടർന്ന് ഹാജരാക്കിയപ്പോഴാണ് 33കാരിയെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്ത് ഹിസാറിലെ കോടതി ഉത്തരവിട്ടത്. അഞ്ച് ദിവസത്തെ കസ്റ്റഡി നാല് ദിവസം കൂടി നീട്ടി നൽകിയത് തിങ്കളാഴ്ച അവസാനിച്ചപ്പോഴാണ് പൊലീസ് ജ്യോതിയെ കോടതിയിൽ ഹജരാക്കിയത്.
അതിനിടെ, ഫോറൻസിക് പരിശോധനക്കയച്ചിരുന്ന ജ്യോതിയുടെ ലാപ്ടോപ്, മൂന്ന് മൊബൈൽ ഫോണുകൾ എന്നിവയിലെ 10 മുതൽ 12 ടെറാബൈറ്റ് വരെ വിവരങ്ങൾ കണ്ടെത്തിയതായും നാല് ബാങ്ക് അക്കൗണ്ടുകളും പരിശോധിച്ചുവരികയാണെന്നും പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

