റായ്പൂർ: മാവോവാദികൾ ബന്ദിയാക്കിയ സി.ആർ.പി.എഫ് കോബ്ര കമാൻഡർ രാകേശ്വർ സിങ് മൻഹാസിനെ മോചിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. നൂറുകണക്കിന് ഗ്രാമീണരുടെ സാന്നിധ്യത്തിൽ ജവാനെ മോചിപ്പിക്കുന്ന ദൃശ്യങ്ങൾ, മധ്യസ്ഥ സംഘത്തിനൊപ്പം പോയ മാധ്യമപ്രവർത്തകരാണ് പകർത്തിയത്.
രാകേശ്വറിന്‍റെ ദേഹത്ത് കയർ കെട്ടി വരിഞ്ഞത് മാവോവാദികൾ അഴിച്ചുമാറ്റുന്നത് വിഡിയോയിൽ കാണാം. സായുധരായ മാവോവാദികൾ തോക്കുമായി ചുറ്റുംനിലയുറപ്പിച്ചതും ദൃശ്യങ്ങളിലുണ്ട്.
മാവോവാദികളുടെ ക്യാമ്പിൽ ജവാനെ താൻ കാണുമ്പോൾ അദ്ദേഹത്തിന് മുറിവുകളുണ്ടായിരുന്നുവെന്ന് പ്രാദേശിക മാധ്യമപ്രവർത്തകനായ ഗണേഷ് മിശ്ര പറഞ്ഞു. ജവാന്‍റെ ആരോഗ്യനില നല്ലതായിരുന്നു. മാവോവാദി ആക്രമണത്തിന്‍റെ തൊട്ടടുത്ത ദിവസമാണ് തന്നെ പിടികൂടി ബന്ദിയാക്കിയതെന്ന് ജവാൻ പറഞ്ഞതായും മാധ്യമപ്രവർത്തകൻ അറിയിച്ചു.
ഇന്ന് വൈകീട്ടോടെയാണ് ജവാനെ വിട്ടയച്ചതായി സ്ഥിരീകരിച്ചത്. സി.ആർ.പി.എഫ് ക്യാമ്പിലെത്തിച്ച ജവാനെ വൈദ്യപരിശോധനക്ക് വിധേയനാക്കി.
കഴിഞ്ഞ ശനിയാഴ്ചയാണ് രാകേശ്വർ സിങ്ങിനെ മാവോവാദികൾ ബന്ദിയാക്കിയത്. ശനിയാഴ്ച 1000ലേറെ സൈനികർ മാവോവാദി വേട്ടക്കായി ഛത്തീസ്ഗഡിലെ സുക്മ- ബിജാപൂർ അതിർത്തിയിലെ വനമേഖലയിൽ എത്തിയതായിരുന്നു. രഹസ്യ വിവരമനുസരിച്ചാണ് എത്തിയതെങ്കിലും ആരെയും കാണാതെ മടങ്ങുന്നതിനിടെ മാവോവാദികൾ ഒളിയാക്രമണം നടത്തി. 22 ജവാന്മാർ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ചിരുന്നു. ഒരു സ്ത്രീ ഉൾപെടെ അഞ്ചു മാവോവാദികളും കൊല്ലപ്പെട്ടിരുന്നു. ചിതറിപ്പോയ സേനയിൽ പലരും പല ഭാഗത്തായതിനാൽ വിവരങ്ങൾ പങ്കുവെക്കാൻ പോലും കഴിഞ്ഞില്ല. ഇതിനിടയിലാണ് രാകേശ്വറിനെ കാണാതായത്. പിന്നീട് ജവാനെ മാവോവാദികൾ ബന്ദിയാക്കിയതായി വിവരം ലഭിക്കുകയായിരുന്നു.