‘പാകിസ്താനി യുവതിയെ വിവാഹം ചെയ്തത് മറച്ചുവെച്ചു’; സി.ആർ.പി.എഫ് കോൺസ്റ്റബിളിനെ പിരിച്ചുവിട്ടു
text_fieldsന്യൂഡൽഹി: പാകിസ്താനി യുവതിയെ വിവാഹം ചെയ്ത വിവരം മറച്ചുവെച്ച സി.ആർ.പി.എഫ് കോൺസ്റ്റബിൾ മുനീർ അഹ്മദിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു. ജമ്മു സ്വദേശിയായ മുനീർ, വിസാ കാലാവധി കഴിഞ്ഞെന്ന് അറിഞ്ഞിട്ടും അഭയം നൽകിയെന്നും അദ്ദേഹത്തിന്റെ പ്രവൃത്തി സേനയുടെ പെരുമാറ്റ ചട്ടത്തിന് വിരുദ്ധവും ദേശ സുരക്ഷയ്ക്ക് ഹാനികരവുമെന്ന് വിലയിരുത്തിയാണ് നടപടി. അതേസമയം മുനീർ വിവാഹം ചെയ്ത മിനാൽ ഖാനെ തിരിച്ചയക്കുന്നത് ജമ്മു കശ്മീർ ഹൈകോടതി തടഞ്ഞിരുന്നു.
മിനാൽ ഖാനെ ദീർഘകാല വിസ അപേക്ഷയിൽ തീരുമാനമെടുക്കുന്നതുവരെ നാടുകടത്തുന്നത് കോടതി തടയുകയായിരുന്നു. ഘരോട്ടെ നിവാസിയായ മുനീർ, രണ്ടര മാസം മുമ്പാണ് പാക് അധീന കശ്മീരിലെ തന്റെ ബന്ധുവായ മിനാൽ ഖാനെ വിവാഹം കഴിച്ചത്. മുനീറിൽനിന്ന് തന്നെ വേർപെടുത്തരുതെന്ന് മിനാൽ നേരത്തെ സർക്കാറിനോട് അഭ്യർഥിച്ചിരുന്നു. ഒമ്പതു വർഷത്തെ കാത്തിരിപ്പിനുശേഷം കഴിഞ്ഞ വർഷമാണ് തനിക്ക് താൽക്കാലിക വിസ ലഭിച്ചതെന്നും അവർ പറഞ്ഞു.
പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ പാകിസ്താൻ പൗരർക്കുള്ള വിസ റദ്ദാക്കിയ ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് ഇരുവരുടെയും ജീവിതത്തിൽ കരിനിഴൽ പടർത്തി. പാകിസ്താനിലേക്ക് നാടുകടത്തുന്നതിനായി ചൊവ്വാഴ്ച മിനാൽ ഖാനെ അട്ടാരി അതിർത്തിയിലേക്ക് അയച്ചിരുന്നു. ബുധനാഴ്ച കോടതി താൽക്കാലിക സ്റ്റേ അനുവദിച്ച വിധി വന്നതിനെ തുടർന്ന് അവർ അതിർത്തിൽ നിന്ന് ജമ്മുവിലെ ഭർതൃവീട്ടിലേക്ക് മടങ്ങി. വിഷയം കോടതിയുടെ പരിഗണക്ക് എത്തിയ ശേഷമാണ് സേന വിവാഹവിവരം അറിഞ്ഞതെന്ന് എ.എൻ.ഐ റിപ്പോർട്ട് ചെയ്തു. ഇതു പിന്നാലെയാണ് സൈനികനെ പിരിച്ചുവിട്ടത്.
ഏപ്രിൽ 22നുണ്ടായ പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ പാകിസ്താൻ പൗരർക്കുള്ള എല്ലാ വിസയും ഇന്ത്യ റദ്ദാക്കിയിരുന്നു. ഏപ്രിൽ 25ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരെ വിളിച്ച് രാജ്യം വിടാൻ നിശ്ചയിച്ച സമയപരിധി കഴിഞ്ഞിട്ടും ഇന്ത്യയിൽ ഒരു പാകിസ്താനിയും താമസിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

