അമ്മയെ മനുഷ്യക്കടൽ വിഴുങ്ങുന്നത് കണ്ട് മകൾ; കണ്ണീർ കാഴ്ചകളിൽ മുങ്ങി മഹാകുംഭ മേള
text_fieldsഭോപ്പാൽ: സ്വന്തം അമ്മയെ മനുഷ്യക്കടൽ വിഴുങ്ങുന്നത് കണ്ട മകളും സഹോദരന്റെ മൃതദേഹം വീണ്ടെടുക്കാൻ മറ്റൊരു മരണപ്പോരാട്ടം നടത്തിയ യുവാവും പ്രയാഗ്രാജിലെ കുംഭമേളയിലെ കണ്ണീർ കാഴ്ചകളിൽ ചിലതാണ്. ബുധനാഴ്ചത്തെ തിക്കിലും തിരക്കിലും പെട്ട് ചതഞ്ഞരഞ്ഞ് മരിച്ചവരിൽ ഇവരുടെ ഉറ്റവരും ഉൾപ്പെടുന്നു.
മൗനി അമാവാസിയോടനുബന്ധിച്ച് ‘അമൃത് സ്നാന’ത്തിനിടെയുണ്ടായ കൂട്ടത്തിരക്കിൽ ആണ് 30 പേർ കൊല്ലപ്പെട്ടത്. അതിൽ മധ്യപ്രദേശിൽ നിന്നുള്ള മൂന്നു പേരും പെടുന്നു.
ഛത്തർപൂരിൽ നിന്നുള്ള ഹുകും ലോധി, ഷീലാ സോണി, നർമദാപുരത്ത് നിന്നുള്ള ഉമേഷ് ശരതെ എന്നിവരാണവർ.
ഛത്തർപൂരിൽനിന്ന് 400 കിലോമീറ്ററിലധികം യാത്ര ചെയ്താണ് ഹുകും ലോധി തന്റെ 20 വയസ്സുള്ള മകൾ ദീപ ഉൾപ്പെടെ 14 പേർക്കൊപ്പം പ്രയാഗ് രാജിലെത്തിയത്. ഗ്രാമ സർപഞ്ച് ചതുർ സിങ് ലോധിയുടെ നേതൃത്വത്തിലുള്ള സംഘം ആചാരപരമായ മുങ്ങിക്കുളിക്ക് എത്തിയപ്പോഴാണ് തിക്കിലും തിരക്കിലും പെട്ടത്.
ദീപാ അമ്മയെ വലിച്ചുകയറ്റാൻ കിണഞ്ഞു പരിശ്രമിച്ചെങ്കിലും തിങ്ങിക്കൂടിയ ജനക്കൂട്ടം അവരെ കീഴടക്കി. തന്റെ അമ്മയെ ജനക്കൂട്ടം വിഴുങ്ങി ‘കൊലപ്പെടുത്തുന്നത്’ അവൾ നേരിൽ കണ്ടുവെന്ന് ബന്ധുക്കൾ പറയുന്നു. നടുക്കുന്ന ആ അനുഭവത്തിൽ നിന്ന് ദീപ ഇതുവരെ കരകയറിയിട്ടില്ല. നെഞ്ചിലും കൈകളിലും കാലുകളിലും ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്.
ഹുകും ബായി റാം ഘട്ടിലെ 155ാം നമ്പർ സ്തംഭത്തിന് സമീപമാണ് വീണത്. ആൾക്കൂട്ടത്തിനിടയിൽ പെട്ടെന്ന് തിരക്ക് അനുഭവപ്പെട്ടു. എന്താണ് സംഭവിച്ചതെന്ന് മനസ്സിലാകുംമുമ്പ് ആളുകൾ പരസ്പരം തള്ളിയിടുകയായിരുന്നു. നൂറുകണക്കിന് ആളുകളാണ് ഹുകും ബായിയെ ചവിട്ടി മെതിച്ചത്. 20 മിനിറ്റോളം തിക്കിലും തിരക്കിലും പെട്ടു. ഞാനും വീണു. പക്ഷേ എങ്ങനെയോ രക്ഷപ്പെട്ടു. ഭയാനകമായിരുന്നു അത് -രക്ഷപ്പെട്ട രഘുവീർ സംഭവം വിവരിച്ചു. ഹുകും ബായിയുടെ മൃതദേഹം പുറത്തെടുക്കാൻ ഏകദേശം രണ്ട് മണിക്കൂർ വേണ്ടിവന്നതായി സർപഞ്ച് ചതുർ സിങ് പറയുന്നു.
നർമദാ നദീതീരത്ത് ഉമേഷിന്റെ സംസ്‌കാര ചടങ്ങുകൾ നടത്തിയപ്പോൾ കുടുംബാംഗങ്ങൾ ദുഃഖത്തിൽ മുങ്ങി. ദശലക്ഷക്കണക്കിന് തീർഥാടകർ പവിത്രമായി കരുതുന്ന ‘മൗനി അമാവാസി’ ദിനത്തിൽ പുലർച്ചെ 1.30 ഓടെയാണ് തിക്കിലും തിരക്കിലും പെട്ട് ശരതെ ഈ ലോകം വെടിഞ്ഞതെന്ന് ബന്ധുക്കൾ പറയുന്നു.
വേർപ്പെട്ടുപോവാതിരിക്കാൻ കൈകോർത്ത് ഞങ്ങൾ എല്ലാവരും ഒരുമിച്ച് നിൽക്കുകയായിരുന്നുവെന്ന് ഉമേഷിനൊപ്പം മഹാകുംഭത്തിന് പോയ ഭാര്യാസഹോദരൻ പപ്പു ശരതെ വിവരിച്ചു. പെട്ടെന്ന് ആളുകൾ ഓടാൻ തുടങ്ങി. ഉമേഷ് വീണു. ഞങ്ങൾ അവനെ ചുറ്റി ഒരു വൃത്തം ഉണ്ടാക്കാൻ ശ്രമിച്ചു. പക്ഷേ, വൻ ആൾക്കൂട്ടം തിക്കിത്തള്ളി വന്നു.
മൃതദേഹം പ്രയാഗ്‌രാജിൽനിന്ന് നർമദാപുരത്തേക്ക് കൊണ്ടുപോകാൻ ഉമേഷിന്റെ കുടുംബം ഏറെ പണിപ്പെട്ടു 40,000 രൂപ ചെലവായതായി സഹോദരൻ അനിൽ ശരതെ പറയുന്നു. തങ്ങൾക്ക് സർക്കാറിൽ നിന്ന് ഒരു സഹായവും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മറ്റൊരു ഇരയായ ഷീല സോണിയും കുടുംബത്തോടൊപ്പം കുംഭത്തിന് എത്തിയതായിരുന്നു. ‘ഞങ്ങൾ ഏഴ് കുടുംബാംഗങ്ങൾ ഒരുമിച്ച് ഉണ്ടായിരുന്നു. പെട്ടെന്ന് ഒരു നിലവിളി ഉണ്ടായി. ആ കൂട്ടപ്പൊരിച്ചിലിൽ ഞങ്ങൾക്ക് അവരെ നഷ്ടപ്പെട്ടു’ - തീർഥാടനം ഭയാനകമായി മാറിയ ആ നിമിഷം ഷീലയുടെ മരുമകൾ സുനിത വിവരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

