രാജ്യസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് തിരിച്ചടി; ഝാർഖണ്ഡിൽ ഇൻഡ്യ സഖ്യത്തിൽ ക്രോസ് വോട്ടിങ്, എൻ.ഡി.എ സ്ഥാനാർഥിക്ക് അട്ടിമറി ജയം
text_fieldsറാഞ്ചി: ഝാർഖണ്ഡ് രാജ്യസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് തിരിച്ചടി, ഇൻഡ്യ സഖ്യത്തിൽ ക്രോസ് വോട്ടിങ് നടന്നതോടെ എൻ.ഡി.എ സ്ഥാനാർഥി അട്ടിമറി ജയം നേടി. തെരഞ്ഞെടുപ്പ് നടന്ന രണ്ടു സീറ്റുകളിൽ ഒന്നിൽ ഭരണകക്ഷിയായ ഝാർഖണ്ഡ് മുക്തി മോർച്ചയുടെ (ജെ.എം.എം) ബെദ്യനാഥ് റാമും രണ്ടാമത്തെ സീറ്റിൽ ബി.ജെ.പി പിന്തുണച്ച സ്വതന്ത്ര സ്ഥാനാർഥി പരിമൾ നാത്വാനിയും ജയിച്ചു.
ഇൻഡ്യ സഖ്യത്തിൽനിന്നുള്ള വോട്ടുകൾ ലഭിച്ചതോടെയാണ് എൻ.ഡി.എ സ്വതന്ത്ര സ്ഥാനാർഥി ജയിച്ചത്. 81 അംഗ ഝാർഖണ്ഡ് നിയമസഭയിൽ 28 ഫസ്റ്റ് വോട്ടുകളാണ് ഒരു സ്ഥാനാർഥിക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. ഇൻഡ്യ സഖ്യത്തിന് 56 എം.എൽ.എമാരുണ്ട്. രണ്ട് സീറ്റുകളിലും ജയിക്കാൻ ഈ അംഗ സഖ്യ മതിയായിരുന്നു. ജെ.എം.എമ്മിന് 34, കോൺഗ്രസിന് 16, ആർ.ജെ.ഡിക്ക് നാല്, സി.പി.ഐ എം.എല്ലിന് രണ്ട് എന്നിങ്ങനെയായിരുന്നു എം.എൽ.എമാർ. 24 എം.എൽ.എമാരുള്ള എൻ.ഡി.എ സ്ഥാനാർഥിയെ രംഗത്തിറക്കിയപ്പോൾ തന്നെ ക്രോസ് വോട്ടിങ് സംശയിച്ചിരുന്നു.
ബെദ്യനാഥിന് 30 വോട്ടുകളും നത്വാനിക്ക് 28 വോട്ടുകളും ലഭിച്ചു. എന്നാൽ കോൺഗ്രസ് സ്ഥാനാർഥി പ്രണവ് ഝാക്ക് 20 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. മൂന്ന് വോട്ടുകൾ അസാധുവായി. ഇതില്‍ രണ്ടെണ്ണം ബി.ജെ.പി എം.എല്‍.എമാരുടെയും ഒന്ന് കോണ്‍ഗ്രസ് എം.എല്‍.എയുടെതുമാണ്. ജെ.എം.എം, ആർ.ജെ.ഡി, ഇടതുപക്ഷ പാളയങ്ങളിൽ നിന്നുള്ള വോട്ടുകൾ എൻ.ഡി.എ പിന്തുണച്ച സ്ഥാനാർഥിക്ക് ലഭിച്ചു. നാലാം തവണയാണ് പരിമൾ നാത്വാനി രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. രാജ്യസഭയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച സ്വതന്ത്ര അംഗങ്ങളിൽ ഒരാളെന്ന പ്രത്യേകതയും അദ്ദേഹത്തിനുണ്ട്.
പശ്ചിമബംഗാളിലെയും മഹാരാഷ്ട്രയിലെയും രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കിടയിലാണ് ബി.ജെ.പി പിന്തുണയുള്ള സ്ഥാനാർഥിയുടെ വിജയം. വരുന്ന വർഷകാല സമ്മേളനത്തിൽ വനിതാ സംവരണ ബില്ലും ഡീലിമിറ്റേഷൻ ബില്ലും പാസാക്കാൻ കേന്ദ്ര സർക്കാറിന് മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്. ഭരണഘടന ഭേദഗതി ബിൽ പാസാക്കാൻ എൻ.ഡി.എക്ക് ഭൂരിപക്ഷത്തിനായി 42 അംഗങ്ങളുടെ കുറവുണ്ട്. തൃണമൂൽ കോൺഗ്രസിലെയും ശിവസേനയിലെയും പിളർപ്പുകൾ വഴി എൻ.ഡി.എക്ക് 26 എംപിമാരുടെ പിന്തുണ കൂടി ലഭിക്കും. എന്നാലും ഭരണഘടനാ ഭേദഗതിക്ക് ആവശ്യമായ അംഗസംഖ്യയിലേക്ക് എത്താനാകില്ല. രാജ്യസഭയിലും മൂന്നിൽ രണ്ട് ഭൂരിപക്ഷമില്ല. ഈ ഭൂരിപക്ഷം ഉറപ്പിക്കാനുള്ള വഴിവിട്ട നീക്കങ്ങളാണ് ഇപ്പോൾ നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

