അർപിതയുടെ ഫ്ലാറ്റിൽ കോടികൾ; അമ്മ താമസിക്കുന്നത് ജീർണ്ണിച്ച വീട്ടിൽ
text_fieldsകൊൽക്കത്ത: അധ്യാപക നിയമന അഴിമതി കേസില്‍ അറസ്റ്റിലായ അർപിത മുഖർജിയുടെ ബെൽഗോറിയയിലെ നോർത്ത് 24 പർഗാനാസിലുള്ള തറവാട് വീടാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. മകളുടെ ഫ്ലാറ്റിൽ കോടികളുണ്ടായിരുന്നിട്ടും ആഡംബരവും സുഖസൗകര്യങ്ങളും ഇല്ലാതെ ജീർണിച്ച ഓടിട്ട വീട്ടിലാണ് അർപിത മുഖർജിയുടെ അമ്മ മിനാറ്റി മുഖർജി കഴിയുന്നത്. 50 വർഷം പഴക്കമുള്ള ഈ വീട് ജീർണാവസ്ഥയിലാണ്.
ഇടക്കിടെ അമ്മയെ സന്ദർശിക്കാനെത്തുമായിരുന്നെങ്കിലും അർപിത അധിക നേരം ഇവിടെ ചെലവഴിക്കാറില്ലെന്നും അമ്മയെ ജോലികളിൽ സഹായിക്കാനായി രണ്ട് സഹായികളെ ഏർപ്പാടാക്കിയതായും പ്രദേശവാസികൾ പറയുന്നു.
'അവൾ എന്‍റെ വാക്കുകൾ കേൾക്കുകയായിരുന്നെങ്കിൽ ഞാൻ അവളുടെ വിവാഹം കഴിപ്പിക്കുമായിരുന്നു. അവളുടെ പിതാവ് ഒരു ഗവൺമെന്‍റ് ഉദ്യോഗസ്ഥനായതിനാൽ അവൾക്ക് ആ ജോലി ലഭിക്കുമായിരുന്നു. പക്ഷേ അവൾക്കതിൽ താൽപ്പര്യമില്ലായിരുന്നു. അവൾ ഈ വീട് വിട്ടിട്ട് വളരെക്കാലമായി.'- മിനാറ്റി ഇന്ത്യ റ്റുടെയോട് പറഞ്ഞു.
ബംഗാളിലെ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ അറസ്റ്റിലായ അർപിത മുഖർജിയുടെ ആഡംബര ഫ്ലാറ്റുകളിൽ നിന്ന് 50 കോടി രൂപ ഇ.ഡി പിടിച്ചെടുത്തിരുന്നു. മന്ത്രിയായ ശ്രീപാര്‍ഥ ചാറ്റര്‍ജിയുടെ അടുത്ത സുഹൃത്തായ അര്‍പിതയില്‍നിന്ന് പിടികൂടിയ പണമെല്ലാം അധ്യാപകനിയമനത്തിലെ അഴിമതിയിലൂടെ ലഭിച്ചതാണെന്നാണ് ഇ.ഡി. കരുതുന്നത്. തൊട്ടുപിന്നാലെ കേസില്‍ മന്ത്രി പാര്‍ഥ ചാറ്റര്‍ജിയെയും ഇ.ഡി. അറസ്റ്റ് ചെയ്തു. അര്‍പ്പിത മുഖര്‍ജി നടിയും മോഡലുമായ അർപിത ബംഗാളി, ഒഡിയ, തമിഴ് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ മന്ത്രിസഭയിലെ മുതിർന്ന മന്ത്രിയും അവരുടെ അടുത്ത അനുയായിയുമായ പാർത്ഥ ചാറ്റർജി വിദ്യാഭ്യാസ മന്ത്രിയായിരിക്കെ 2014-21 കാലയളവിലാണ് സാമ്പത്തിക തട്ടിപ്പ് നടന്നത്. തുടർന്ന് പാർത്ഥ ചാറ്റർജിയെ മന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കുകയും തൃണമൂൽ കോൺഗ്രസിലെ എല്ലാ സ്ഥാനങ്ങളിൽ നിന്നും നീക്കം ചെയ്യുകയും ചെയ്തിരുന്നു.
ഈ അവസരം മുതലെടുത്ത് തൃണമൂൽ കോൺഗ്രസിനെക്കുറിച്ചുള്ള ധാരണ മാറ്റാമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അവർക്ക് തെറ്റുപറ്റി എന്ന് പാർത്ഥ ചാറ്റർജി യെ പാർട്ടിയിൽ നിന്നും പുറത്താക്കി കൊണ്ട് മമ്ത ബാനർജി പറഞ്ഞു. എന്നാൽ തെളിവുകളുടെ പശ്ചാത്തലത്തിൽ പാർത്ഥ ചാറ്റർജിയെ പുറത്താക്കുകയല്ലാതെ മമതാ ബാനർജിക്ക് മറ്റ് മാർഗങ്ങളുണ്ടായിരുന്നില്ലെന്ന് ബി.ജെ.പി നേതാവ് അമിത് മാളവ്യ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

