ജസ്റ്റിസ് അതുൽ ശ്രീധരന്റെ സ്ഥലംമാറ്റം; കേന്ദ്ര സർക്കാറിന്റെ അഭ്യർഥന പരിഗണിച്ച നടപടി നിയമ, ഭരണഘടന വിരുദ്ധമെന്ന് വിമർശനം
text_fieldsജസ്റ്റിസ് അതുൽ ശ്രീധരൻ
ന്യൂഡൽഹി: മധ്യപ്രദേശ് ഹൈകോടതിയിലെ മലയാളി ജഡ്ജി ജസ്റ്റിസ് അതുൽ ശ്രീധരനെ അലഹബാദ് ഹൈകോടതിയിലേക്ക് സ്ഥലംമാറ്റിയതിൽ വിമർശനം ശക്തമാകുന്നു. സ്ഥലംമാറ്റത്തിൽ കേന്ദ്രം ഇടപെട്ടതും സുതാര്യതയില്ലാത്തതും ആശങ്കയുണ്ടാക്കുന്നതാണെന്ന് നിയമ-സാമൂഹികരംഗത്തെ വ്യക്തികളുടെയും സംഘടനകളുടെയും കൂട്ടായ്മയായ സി.ജെ.എ.ജെ.ആർ വ്യക്തമാക്കി.സ്ഥലംമാറ്റം ഉടൻ പിൻവലിക്കണമെന്നും സ്ഥലംമാറ്റങ്ങൾക്ക് വ്യക്തമായ കാരണങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കണമെന്നും കൊളീജിയത്തിന് അയച്ച കത്തിൽ സി.ജെ.എ.ജെ.ആർ ആവശ്യപ്പെട്ടു.
സ്വതന്ത്രനും നിർഭയനുമാണെന്ന പ്രശസ്തി ജസ്റ്റിസ് അതുലിനുണ്ടെന്നും അദ്ദേഹത്തിന്റെ സുപ്രധാന വിധികൾ വ്യാപകമായി അഭിനന്ദിക്കപ്പെട്ടിട്ടുണ്ടെന്നും കത്തിൽ ചൂണ്ടിക്കാട്ടി. അത്തരം ഒരു ജഡ്ജിയെ വിശദീകരണമില്ലാതെ സ്ഥലംമാറ്റിയത് കൊളീജിയത്തിന്റെ ഉദ്ദേശ്യശുദ്ധിയിൽ പൊതുജനങ്ങൾക്ക് സംശയം ജനിപ്പിക്കും. കേന്ദ്ര സർക്കാറിന്റെ അഭ്യർഥനയിൽ മാറ്റിയത് നിയമത്തിനും ഭരണഘടനക്കും വിരുദ്ധമാണ്. ജഡ്ജിമാരുടെ സ്ഥലംമാറ്റം പൊതുതാൽപര്യത്തിനും ജുഡീഷ്യറിയുടെ സംരക്ഷണത്തിനുംവേണ്ടിയാണെന്നും കേന്ദ്ര സർക്കാറിന്റെ സൗകര്യത്തിനോ താൽപര്യങ്ങൾക്കോ അല്ലെന്നും കത്തിൽ കൂട്ടായ്മ വ്യക്തമാക്കി.
കേണൽ സോഫിയ ഖുറേഷിയെ ഭീകരരുടെ സഹോദരിയെന്ന് വിളിച്ച മധ്യപ്രദേശിലെ ബി.ജെ.പി മന്ത്രി വിജയ് ഷാക്കെതിരെ നടപടിക്ക് ഉത്തരവിട്ടത് ജസ്റ്റിസ് അതുൽ ശ്രീധരനായിരുന്നു. ഛത്തിസ്ഗഢിലേക്കുള്ള സ്ഥലംമാറ്റ ഉത്തരവ് തടഞ്ഞത് ഇതിനുള്ള രാഷ്ട്രീയ പകപോക്കലാണെന്ന് ആരോപണമുയർന്നിട്ടുണ്ട്. ജമ്മു-കശ്മീർ ഹൈകോടതിയിൽ ജഡ്ജിയായിരിക്കെ അദ്ദേഹം കരുതൽതടങ്കൽ കേസുകളിൽ കൂടുതൽ ജുഡീഷ്യൽ പരിശോധന നടത്തുകയും പൊതുസുരക്ഷാ നിയമപ്രകാരമുള്ള നിരവധി കേസുകൾ റദ്ദാക്കുകയും ചെയ്തിരുന്നു. കണ്ണൂർ സ്വദേശിയായ ജസ്റ്റിസ് അതുൽ ശ്രീധരൻ 2016ൽ ആണ് മധ്യപ്രദേശ് ഹൈകോടതി ജഡ്ജിയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

