എസ്‍.ഐ.ആർ ജോലികളിൽ ജയിലിൽ കഴിയുന്ന കുറ്റവാളികളും
text_fieldsവഡോദര: വർഷങ്ങളായി ഒരു തെരഞ്ഞെടുപ്പിലും വോട്ടുചെയ്യാൻ കഴിയാത്ത, കുറ്റവാളികളായി ജയിലിൽ കഴിയുന്നവർക്ക് ഒടുവിൽ കിട്ടിയ ദൗത്യം തെരഞ്ഞെടുപ്പ് പ്രക്രിയയിലെ ഒരു പ്രധാന ജോലി. തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യുന്നതിൽ നിന്ന് മാറ്റിനിർത്തപ്പെട്ട ഇവർക്കാണ് വോട്ടർ പട്ടികയിൽ അനധികൃതമായി ആരെങ്കിലും കടന്നുകൂടിയിട്ടുണ്ടോ എന്നു പരിശോധിക്കാനുള്ള ജോലിയുടെ ഒരു ഭാഗം ചെയ്യേണ്ടി വരുന്നത്.
ഗുജറാത്തിലെ വഡോദരയിലാണ് എസ്.ഐ.ആറിന്റെ കവർ പ്രിന്റിങ് ജോലികൾ ജയിലിലെ അന്തേവാസികൾ നോക്കുന്നത്. ഇതിൽ പലരും ജീവപര്യന്തം തടവനുഭവിക്കുന്നവരുമാണ്.
വഡോദര ജില്ലാ ഭരണകൂടത്തിന് എസ്.ഐ.ആറിനായി വേണ്ടിവരുന്ന ലക്ഷക്കണക്കിന് ഫോമുകൾ ഇടാനായി ആയിരക്കണക്കിന് കവറുകൾ വേണ്ടിവന്നു. ഇത്രയും കവറുകൾ തയ്യാറാക്കാൻ കുറഞ്ഞ സമയം കൊണ്ട് സ്വകാര്യ ഏജൻസികൾക്ക് സാധിക്കാതെ വന്നപ്പോഴാണ് ജയിലിലെ കുറ്റവാളികളുടെ സേവനം ഉപയോഗിക്കാം എന്ന ചിന്ത വന്നത്. ജയിലിൽ ഇവരുടെ നേതൃത്വത്തിൽ പ്രിന്റിങ് ജോലികൾ ചെയ്തുവരുന്നുണ്ട്. ഉടൻ ഇവരുടെ സേവനം പ്രയോജനപ്പെടുത്തുകയായിരുന്നു ജില്ലാ ഭരണകൂടം. വഡോദരയിലെ പൊലീസ് സുപ്രണ്ട് ഉഷാ റാഡ ആണ് ഇതിന്റെ ചുമതല ഏറ്റെടുത്തത്.
അറിയിപ്പ് ലഭിച്ചതോടെ ജയിൽ അന്തേവാസികൾ ഊർജസ്വലമായി ജോലി ആരംഭിച്ചു. ആദ്യത്തെ ഓർഡറിൽ 3000 കവറുകളാണ് ഇവർ നിർമിച്ച് ഫോമുകൾ അതിലാക്കി ഉദ്യോഗസ്ഥരുടെ കൈകളിലേൽപിച്ചത്. തുടർന്നും ഇവർക്ക് പുതിയ ഓർഡർ നൽകാനിരിക്കുകയാണ് അധികൃതർ.
ഇതിൽ ജയിലിൽ കഴിയുന്ന ചിലർ വർഷങ്ങളായി ജയിലിന്റെ ചുമതലയിലുള്ള പ്രിന്റിങ് പ്രസിൽ ജോലി ചെയ്യുന്നവരാണ്. ഇവർ ഈ ജോലിയിൽ പ്രാവീണ്യം തെളിയിച്ചവരുമാണ്. ജയിലിൽ പ്രിന്റിങ്ങിനൊപ്പം സ്റ്റേഷനറി നിർമാണ യൂനിറ്റും പ്രവർത്തിക്കുന്നുണ്ട്. ഇത് രണ്ടും നല്ല നിലയിൽ പ്രവർത്തിക്കുന്ന യൂനിറ്റുകളാണ്.
പ്രിന്റിങ്ങും സ്റ്റേഷനറിയുമുൾപ്പെടെ ഇവരുടെ വാർഷിക വരുമാനം 1.85 കോടി രൂപയാണ്. ഇവിടത്തെ ഉൽപന്നങ്ങൾ ഗവൺമെന്റ് ഓഫിസുകളിലും പൊലിസ് സ്റ്റേഷനുകളിലും വിൽനക്ക് എത്തിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

