Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Parliament of India
cancel
Homechevron_rightNewschevron_rightIndiachevron_rightഅറസ്റ്റിലാകുന്നവരുടെ...

അറസ്റ്റിലാകുന്നവരുടെ അടയാള ശേഖരണത്തിന് പൊലീസിന് വിപുലാധികാരം നൽകുന്ന ബിൽ ലോക്സഭയിൽ

text_fields
bookmark_border
Listen to this Article

ന്യൂഡൽഹി: അറസ്റ്റിലാകുന്ന ഏതൊരാളുടെയും ജൈവ സാമ്പ്ൾ മുതൽ യുക്തമെന്നു തോന്നുന്ന ശാരീരിക അടയാളങ്ങൾവരെ ശേഖരിക്കാൻ പൊലീസിനും ജയിൽ അധികൃതർക്കും അധികാരം നൽകുന്ന ബിൽ പാർലമെന്റിൽ. സ്വകാര്യതയുടെയും മൗലികാവകാശങ്ങളുടെയും ലംഘനമാണെന്ന പ്രതിപക്ഷ വിമർശനം വോട്ടിനിട്ടു തള്ളിയാണ് വിവാദ ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്.

അന്വേഷണത്തിന്റെ ഭാഗമായി പ്രതിയുടെ ശാരീരിക വിവരങ്ങൾ ശേഖരിക്കാൻ അധികാരം നൽകുന്ന നിയമത്തിനു വ്യാപ്തി പോരാ എന്ന വിശദീകരണത്തോടെയാണ് ബ്രിട്ടീഷ് കാലം മുതൽ പ്രാബല്യത്തിലുള്ള 'തടവുകാരെ തിരിച്ചറിയൽ നിയമം-1920' പിൻവലിച്ച് 'ക്രിമിനൽ നടപടി (തിരിച്ചറിയൽ) ബിൽ-2022' ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര സഭയിൽ വെച്ചത്. ബിൽ പ്രകാരം ഏതൊരു വ്യക്തിയുടെയും വിരലടയാളം, കൈപ്പത്തി അടയാളം, കാലടയാളം, ഫോട്ടോ, ബയോളജിക്കൽ സാമ്പ്ൾ എന്നിവ ശേഖരിക്കാം. നേത്രപടല സ്കാനിങ് നടത്താം. കൈയൊപ്പ്, എഴുത്തുരീതി തുടങ്ങിയവ എടുക്കാം. പരിമിത വിഭാഗങ്ങളിൽ പെടുന്നവരുടെ കാര്യത്തിൽ വിരലടയാളം, കാലടയാളം തുടങ്ങിയവ ശേഖരിക്കാൻ മാത്രമാണ് നിലവിലെ നിയമത്തിൽ അനുമതി.

അറസ്റ്റ്, കരുതൽ തടങ്കൽ, വിചാരണത്തടവ്, ശിക്ഷിക്കപ്പെട്ട ജയിൽ പുള്ളി എന്നിങ്ങനെ പിടിയിലുള്ള ഏതൊരാളുടെ കാര്യത്തിലും ഇത്തരം ശാരീരിക അടയാളങ്ങൾ രേഖപ്പെടുത്താൻ അധികാരമുണ്ടാവും. ഹെഡ്കോൺസ്റ്റബിൾ/ ജയിൽ ഹെഡ് വാർഡർ പദവിയിൽ കുറയാത്ത ഉദ്യോഗസ്ഥനാണ് ഇതിന് അധികാരം. മജിസ്ട്രേറ്റിന്റെ അനുമതി വേണം.

സാമ്പ്ൾ നൽകണമെന്ന് ഏതു കുറ്റത്തിനും പിടിയിലാകുന്ന വ്യക്തിയോട് മജിസ്ട്രേറ്റിന് ആവശ്യപ്പെടാം. എതിർത്താൽ ഇന്ത്യൻ ശിക്ഷാ നിയമം 186ാം വകുപ്പു പ്രകാരം കുറ്റകരമായിരിക്കും. സമരം ചെയ്യുമ്പോൾ അറസ്റ്റിലാകുന്നവരുടെ കാര്യത്തിലും സാമ്പ്ൾ ശേഖരണം ബാധകമാകാമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. ശേഖരിക്കുന്ന സാമ്പ്ൾ സൂക്ഷിക്കാനും വിതരണം ചെയ്യാനും നശിപ്പിക്കാനും ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോക്കാണ് അധികാരം.

ഏത് ഏജൻസിയാണ് സാമ്പ്ൾ ശേഖരണം നടത്തേണ്ടതെന്ന് കേന്ദ്ര/സംസ്ഥാന സർക്കാറുകൾക്ക് തീരുമാനിക്കാം. ആധുനിക രാജ്യങ്ങൾ പുതിയ അടയാളമെടുക്കൽ രീതികൾ ഉപയോഗിക്കുന്നുണ്ടെന്ന് ബില്ലിൽ സർക്കാർ വിശദീകരിച്ചു. ഇത്തരം സാങ്കേതിക വിദ്യകൾ വികസിച്ചിട്ടില്ലാത്ത കാലത്തെ നിയമമായതിനാൽ ഇന്ത്യയിൽ പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിക്കാൻ പൊലീസിന് അധികാരമില്ല. മതിയായ തെളിവുകൾ ശേഖരിച്ച് കേസ് തെളിയിക്കുന്നത് എളുപ്പമാക്കാൻ അന്വേഷണ ഏജൻസികളെ സഹായിക്കുന്ന വിധം വ്യവസ്ഥകൾ വിപുലപ്പെടുത്തേണ്ടതുണ്ടെന്നും ബില്ലിൽ വിശദീകരിച്ചു.

ബിൽ കാടൻ നിയമം -പ്രതിപക്ഷം

ന്യൂഡൽഹി: പൊലീസ് പിടികൂടുന്നവരുടെ ശാരീരിക സാമ്പിൾ ശേഖരണത്തിന് പൊലീസിന് വിപുലാധികാരം നൽകുന്ന ക്രിമിനൽ നടപടി (തിരിച്ചറിയൽ) ബിൽ കാടൻ നിയമമെന്ന് പ്രതിപക്ഷം. ഭരണഘടനയുടെ 20, 21 അനുഛേദങ്ങൾക്ക് വിരുദ്ധമായ ഇത്തരമൊരു നിയമനിർമാണത്തിന് പാർലമെന്റിന് അധികാരമില്ലെന്ന് കോൺഗ്രസിലെ മനീഷ് തിവാരി ചൂണ്ടിക്കാട്ടി. പൊലീസ് പിടികൂടുന്ന ഒരാളെ, സ്വന്തം സാക്ഷിയാകുന്നതിന് നിർബന്ധിക്കാൻ പാടില്ലെന്ന് ഭരണഘടനയുടെ 20(1) വകുപ്പ് നിർദേശിക്കുന്നുണ്ട്. ബയോളജിക്കൽ സാമ്പിൾ വിശകലനത്തിന് അനുമതി നൽകുന്നതിലൂടെ നാർകോ അനാലിസിസ്, ബ്രെയ്ൻ മാപിങ് എന്നിവ നടത്താൻ പൊലീസിന് അധികാരം ലഭിക്കുമെന്ന ആശങ്കയും അദ്ദേഹം പ്രകടിപ്പിച്ചു.

ബിൽ ഭരണഘടനവിരുദ്ധവും മനുഷ്യാവകാശ ലംഘനവുമാണെന്ന് ആർ.എസ്.പി നേതാവ് എൻ.കെ. പ്രേമചന്ദ്രൻ പറഞ്ഞു. ബിൽ പൊലീസിന് അമിതാധികാരം നൽകുന്നതും മൗലികാവകാശങ്ങൾക്കു മേലുള്ള ഭരണകൂട കടന്നുകയറ്റത്തിന് വഴിമരുന്നിടുന്നതുമാണെന്ന് കോൺഗ്രസിന്റെ ലോക്‌സഭ ചീഫ് വിപ് കൊടിക്കുന്നിൽ സുരേഷ് കുറ്റപ്പെടുത്തി.കോൺഗ്രസിന്റെ ലോക്സഭ നേതാവ് അധീർ രഞ്ജൻ ചൗധരി, തൃണമൂൽ കോൺഗ്രസിലെ സൗഗത റോയ്, ആർ.എസ്.പിയിലെ എൻ.കെ പ്രേമചന്ദ്രൻ എന്നിവർ ബിൽ അവതരിപ്പിക്കുന്നതിന് വോട്ടെടുപ്പ് വേണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ, 120-58 എന്ന നിലയിൽ പ്രതിപക്ഷാവശ്യം സഭയിൽ വോട്ടിനിട്ടു തള്ളി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Biometric dataarrestCriminal Procedure amendment Bill
News Summary - Criminal Procedure amendment Bill allows biometric data collection on arrest or detention in Parliament
Next Story