ബംഗളൂരുവിൽ കുറ്റകൃത്യം പെരുകുന്നു; കേസുകളിൽ വർധന
text_fieldsബംഗളൂരു സിറ്റി പൊലീസ്
കമീഷണർ ബി. ദയാനന്ദ
ബംഗളൂരു: കഴിഞ്ഞവർഷം ബംഗളൂരു നഗരത്തിൽ കൊലപാതക കേസുകളുടെ എണ്ണത്തിൽ വൻ വർധന. മുൻ വർഷത്തെക്കാൾ 32.69 ശതമാനമാണ് വർധനയെന്ന് ബംഗളൂരു പൊലീസ് പുറത്തുവിട്ട ക്രൈം റെക്കോഡിലെ കണക്കുകൾ വ്യക്തമാക്കുന്നു. 2023ൽ ബംഗളൂരുവിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 207 കൊലപാതക കേസുകളാണ് രജിസ്റ്റർ ചെയ്തത്.
2022ൽ ഇത് 156 കേസുകളായിരുന്നു. അതേസമയം, 207 കൊലപാതക കേസുകളിൽ 202 എണ്ണവും പ്രതികളെ പിടികൂടി അന്വേഷണം പൂർത്തിയാക്കിയവയാണ്. ഗുണ്ടാ ലിസ്റ്റിൽപെട്ട ഏഴുപേർ കഴിഞ്ഞവർഷം കൊലപാതകത്തിനിരയായി. നിസ്സാരകാരണങ്ങളുടെ പേരിലാണ് 49 കൊലപാതകങ്ങൾ അരങ്ങേറിയതെന്നും 32 കൊലപാതകങ്ങൾ ഇതര ബന്ധങ്ങളുമായി ബന്ധപ്പെട്ടാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
വിവിധ സ്റ്റേഷനുകളിൽ പല വകുപ്പുകളിലായി 68,518 കേസുകളാണ് കഴിഞ്ഞവർഷം രജിസ്റ്റർ ചെയ്തത്.
2022ൽ 46,187 കേസുകളാണുണ്ടായിരുന്നതെങ്കിൽ 2023ൽ ഇതിൽ 48.34 ശതമാനം വർധന രേഖപ്പെടുത്തി. മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളിൽ 4,399 പേരാണ് കഴിഞ്ഞ വർഷം അറസ്റ്റിലായത്. എൻ.ഡി.പി.എസ് ആക്ട് പ്രകാരമുള്ള കേസുകളിൽ ആകെ 103 കോടിയുടെ ലഹരിവസ്തുക്കൾ പിടിച്ചെടുത്തു. 176 ബലാത്സംഗ കേസുകൾ റിപ്പോർട്ട് ചെയ്തതിൽ മുഴുവൻ കേസുകളിലും കഴിഞ്ഞവർഷം പ്രതികൾ അറസ്റ്റിലായി.
ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട് 1135 കേസുകളും റിപ്പോർട്ട് ചെയ്തു. അപകടമരണവും ആത്മഹത്യ മരണവും ഉൾപ്പെടെ 5848 മരണ കേസുകൾ രേഖപ്പെടുത്തി.
തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട് 1189 കേസുകളാണ് ബംഗളൂരു നഗരത്തിൽ കഴിഞ്ഞ വർഷമുണ്ടായത്. ഇതിൽ 981 കേസുകളിലും തട്ടിക്കൊണ്ടുപോകലിന് ഇരയായവരെ രക്ഷപ്പെടുത്താനായി. സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട് 1,007 കേസുകളും രജിസ്റ്റർ ചെയ്തു.
17,623 സൈബർ ക്രൈം കേസുകളിൽ 1271 എണ്ണം പരിഹരിച്ചു. വിദേശ പൗരന്മാർ ഉൾപ്പെട്ട 92 കേസുകളിൽ 126 വിദേശികൾ അറസ്റ്റിലായി. അനധികൃതമായി തങ്ങിയ 247 വിദേശികളെ ഫോറിനേഴ്സ് രജിസ്ട്രേഷൻ ഓഫിസ് (എഫ്.ആർ.ആർ.ഒ) നിയമപ്രകാരം നാടുകളിലേക്ക് തിരിച്ചയച്ചു. നഗരപരിധിയിൽ 14 ഗുണ്ടകൾക്കെതിരെ ഗുണ്ടാ നിയമം ചുമത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

