ഇന്ത്യ-ചൈന സഹകരണം ലോകത്തിന് ഗുണകരം; സ്വാഗതം ചെയ്ത് സി.പി.എം
text_fieldsഎം.എ ബേബി, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങും
ന്യൂഡൽഹി: ഇന്ത്യയും ചൈനയും തമ്മിലെ സഹകരണ നീക്കത്തെ സ്വാഗതം ചെയ്ത് സി.പി.എം. അതിർത്തിയെചൊല്ലി വർഷങ്ങളായി പുകയുന്ന നയതന്ത്ര സംഘർഷങ്ങൾക്ക് അവസാനം കുറിച്ച്, ഉറ്റസൗഹൃദ രാജ്യങ്ങളെന്ന സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിൽ നടന്ന കൂടികാഴ്ചക്കു പിന്നാലെ സാമൂഹിക മാധ്യമമായ ‘എക്സിൽ’ സി.പി.എം ദേശീയ ജനറൽ സെക്രട്ടറി ഇരുരാജ്യങ്ങളുടെയും ശ്രദ്ധേയമായ ചുവടുവെപ്പിനെ പ്രശംസിച്ചു.
അയൽരാജ്യങ്ങളുടെ സഹകരണം ലോകത്തിന് ഗുണകരമാണെന്നും ചൈനയിലെ ടിയാൻജിനിൽ നിന്ന് വരുന്നത് നല്ല വാർത്തകളെന്നും ഇത് സന്തോഷകരമാണെന്നും എം.എ ബേബി അഭിപ്രായപ്പെട്ടു. ഇന്ത്യയും ചൈനയും സഹകരണം ശക്തമാക്കാനുള്ള തീരുമാനം സ്വാഗതം ചെയ്ത അദ്ദേഹം, അതിർത്തിയിൽ സമാധാനം സ്ഥാപിക്കുന്നതിനുള്ള പുതിയ ചുവടുവെപ്പും കൈലാസ് മാനസസരോവർ യാത്ര പുനരാരംഭിക്കുന്നതും നേരിട്ടുള്ള വിമാന സർവീസും പ്രാബല്ല്യത്തിൽ വരുന്നതും ഉൾപ്പെടെ തീരുമാനങ്ങൾ ഗുണകരമാണെന്നും ‘എക്സിൽ’ കുറിച്ചു.
ഇന്ത്യയും ചൈനയും തമ്മിലെ നയതന്ത്ര സൗഹൃദത്തിന്റെ 75ാം വാർഷികത്തിൽ ലോകത്തിലെ ഏറ്റവും ജനസംഖ്യയുടെ രാജ്യങ്ങളുടെ സൗഹൃദം ശക്തമാക്കുന്നത് ശുഭസൂചനയാണ്. പരസ്പര വിശ്വാസത്തിലും ബഹുമാനത്തിലും ഭാവി കെട്ടിപ്പടുക്കണമെന്ന ഇരു രാജ്യങ്ങളുടെയും തീരുമാനം നിർണായകമാണ്.
ഗ്ലോബൽ സൗത്തിലെ പ്രബല ശക്തികളായ ഇന്ത്യയും ചൈനയും ബഹുരാഷ്ട്രവാദം ഉയർത്തിപ്പിടിക്കാനും സാമ്രാജ്യത്വ സമ്മർദ്ദങ്ങളെ ചെറുക്കാനും ബഹുധ്രുവ ലോകക്രമം മുന്നോട്ട് കൊണ്ടുപോകാനുമുള്ള ചരിത്രപരമായ ഉത്തരവാദിത്തം വഹിക്കുന്നു. ജനങ്ങളുടെ ക്ഷേമത്തിനൊപ്പം സമാധാനത്തിനും പുരോഗതിക്കും ഇരു രാജ്യങ്ങളുടെയും സഹകരണം വഴിയൊരുക്കുമെന്നും എം.എ ബേബി പറഞ്ഞു.
അമേരിക്ക ഇന്ത്യക്കുമേൽ ചുമത്തിയ അധിക തീരുവ സമ്മർദത്തിനിടെ ചൈനയുമായുള്ള ഇന്ത്യയുടെ അടുത്ത അന്താരാഷ്ട്ര തലത്തിൽ തന്നെ വലിയ വാർത്തയായി മാറി.
ഇന്ത്യയും ചൈനയും എതിരാളികളല്ലെന്നും വികസന പങ്കാളികളായി ഒന്നിച്ച് പ്രവർത്തിക്കുമെന്നുമായിരുന്നു സംയുക്ത പ്രസ്താവനയിലൂടെ പ്രധാനമന്ത്രി മോദി വ്യക്തമാക്കിയത്.
ടിയാൻജിയിൽ നടന്ന എസ്.സി.ഒ ഉച്ചകോടിയോടനുബന്ധിച്ച് നരേന്ദ്ര മോദിയും ഷി ജിൻപിങ്ങും ഉഭയകക്ഷി ചർച്ച നടത്തിയിരുന്നു.
മാനവരാശിയുടെ പുരോഗതിക്ക് ഇന്ത്യ ചൈന ബന്ധം അനിവാര്യമെന്ന് മോദി വ്യക്തമാക്കിയപ്പോൾ, വ്യാളിയും ആനയും തമ്മിലെ സൗഹൃദം പ്രധാനമെന്ന് ഷി ജിൻ പിങും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

