കേരള എജുക്കേഷൻ സൊസൈറ്റി ആർ.എസ്.എസുമായുള്ള ധാരണ അന്വേഷിക്കുമെന്ന് സി.പി.എം
text_fieldsപ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ഡൽഹിയിലെ നാല് കേരള സ്കൂളുകളുടെയും നടത്തിപ്പ് ചുമതലയുള്ള കേരള എജുക്കേഷൻ സൊസൈറ്റിയുടെ കേന്ദ്ര ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ ആർ.എസ്.എസുമായി സി.പി.എം നേതാക്കൾ ചർച്ച നടത്തി ധാരണയുണ്ടാക്കിയെന്ന പരാതി അന്വേഷിക്കുമെന്ന് സി.പി.എം ഡൽഹി സ്റ്റേറ്റ് സെക്രട്ടറി അനുരാഗ് സക്സേന.
രണ്ട് പാനലുകളായി മത്സരിക്കാനിരുന്ന സി.പി.എം, ആർ.എസ്.എസ് നേതാക്കൾ മത്സരം ഒഴിവാക്കാൻ ചർച്ച നടത്തി ധാരണയിലെത്തിയതിനെതിരെ ഒരുവിഭാഗം സി.പി.എം ഡൽഹി നേതൃത്വത്തെ പ്രതിഷേധം അറിയിച്ചതിനെക്കുറിച്ച് ‘മാധ്യമ’ത്തോട് പ്രതികരിക്കുകയായിരുന്നു സക്സേന. അതേസമയം, പാർട്ടി അംഗങ്ങളിൽനിന്ന് പരാതി ലഭിച്ചിട്ടില്ലെന്നും സംഭവം വസ്തുതാപരമാണെന്ന് ബോധ്യപ്പെട്ടാൽ നടപടിയുണ്ടാകുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി പറഞ്ഞു. ഡൽഹി ഘടകത്തിലെ മലയാളി സി.പി.എം നേതാക്കൾ ആർ.എസ്.എസുമായി ചേർന്ന് സംയുക്ത പാനലുണ്ടാക്കാൻ രണ്ടുവർഷം മുമ്പ് നടത്തിയ ശ്രമം വിവാദമായിരുന്നു.
കേന്ദ്ര ഭരണസമിതിയിലേക്ക് അന്ന് സി.പി.എം അംഗം സമർപ്പിച്ച നാമനിർദേശ പത്രിക ആർ.എസ്.എസ് ലോബി പൂഴ്ത്തിവെച്ചുവെന്ന് പരാതി ഉയരുകയും തുടർന്ന് അദ്ദേഹം നിർവാഹക സമിതി അംഗത്വം രാജിവെക്കുകയും ചെയ്തിരുന്നു. സൊസൈറ്റിയുടെ 2025-2027 കാലയളവിലേക്കുള്ള കേന്ദ്ര ഭരണസമിതി തെരഞ്ഞെടുപ്പാണ് ഇപ്പോൾ നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

