കേന്ദ്ര നയങ്ങൾക്കെതിരെ രാജ്യമാകെ സി.പി.എം പ്രതിഷേധം
text_fieldsന്യൂഡൽഹി : കേന്ദ്ര സർക്കാറിെൻറ ജനവിരുദ്ധ നടപടികൾക്കെതിരെ അഖിലേന്ത്യാ തലത്തിൽ സി.പി.എം പ്രതിഷേധം സംഘടിപ്പിച്ചു. പകൽ 11 മുതൽ 12 വരെയായിരുന്നു രാജ്യത്തിെൻറ വിവിധ ഭാഗങ്ങളായി പ്രതിഷേധം. ബ്രാഞ്ച് തലത്തിൽ സംഘടിപ്പിപ്പ പരിപാടിയിൽ ശാരീരിക അകലം പാലിച്ചും മാസ്‌ക് ധരിച്ചുമാണ് പ്രവർത്തകർ അണിചേർന്നത്. ഒരു ബ്രാഞ്ചിൽ കുറഞ്ഞത് അഞ്ചു കേന്ദ്രങ്ങളിൽ എന്ന രൂപത്തിലാണ് പ്രതിഷേധദിനം ആചരിച്ചത്.
ഡൽഹി എ.കെ.ജി ഭവന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധം സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്തു. പൊളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, ഹനൻ മൊല്ല, നീലോത്പൽ ബസു, ബൃന്ദ കാരാട്ട്, തപൻ സെൻ എന്നിവരും കേന്ദ്ര കമ്മിറ്റി അംഗങ്ങളും പ്രതിഷേധത്തിൽ പങ്കെടുത്തു.
സംസ്‌ഥാന തലത്തിൽ പ്രക്ഷോഭം തിരുവനന്തപുരം പാളയത്ത് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള ഉദ്‌ഘാടനം ചെയ്‌തു.
ജില്ല, ഏരിയ കേന്ദ്രങ്ങളിൽ കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു.

കോവിഡിെൻറ മറവിൽ കേന്ദ്രസർക്കാർ ഇന്ധനവില ദിവസേന വർധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുകയാണ്. ക്രൂഡോയിലിെൻറ വില വൻതോതിൽ കുറഞ്ഞപ്പോഴാണ് തീരുവ വർധിപ്പിച്ചുള്ള കൊള്ളയടിയെന്ന് നേതാക്കൾ ചൂണ്ടികാട്ടി. പലനിലയിൽ നികുതി പിഴിഞ്ഞെടുക്കുന്ന കേന്ദ്ര സർക്കാർ ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ അവഗണിക്കുകയാണ്. വരുമാനം കേന്ദ്രം കൈപ്പിടിയിലൊതുക്കുകയും ഉത്തരവാദിത്തങ്ങൾ സംസ്ഥാനങ്ങളുടെ ചുമലിൽ അടിച്ചേൽപ്പിക്കുകയും ചെയ്യുന്നു.
തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരുകളുടെ അവകാശങ്ങളെയും ഫെഡറൽ തത്വങ്ങളെയും പൂർണമായും നിരാകരിക്കുകയാണ് കേന്ദ്രസർക്കാർ. പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കുന്നു. ഇതിലെല്ലാം ജനങ്ങളിലാകെ അമർഷം ഉയരുകയാണ്.
ആദായനികുതിക്ക് പുറത്തുള്ള എല്ലാ കുടുംബത്തിനും 7500 രൂപവീതം ആറു മാസത്തേക്ക് നൽകുക, ഒരാൾക്ക് 10 കിലോവീതം ഭക്ഷ്യധാന്യം സൗജന്യമായി നൽകുക, തൊഴിലുറപ്പ് വേതനം ഉയർത്തി 200 ദിവസം ജോലി ഉറപ്പാക്കുക, നഗരങ്ങളിലും തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുക, ജോലിയില്ലാത്തവർക്കെല്ലാം തൊഴിൽരഹിത വേതനം നൽകുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് സി.പി.എം പ്രതിഷേധം സംഘടിപ്പിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
