കാൾ മാർക്സിനെതിരായ പരാമർശം; തമിഴ്നാട് രാജ്ഭവന് മുന്നിൽ സി.പി.എം പ്രതിഷേധം
text_fieldsചെന്നൈ: സോഷ്യലിസ്റ്റ് തത്ത്വചിന്തകൻ കാൾ മാർക്സിനെതിരായ തമിഴ്നാട് ഗവർണർ ആർ.എൻ. രവിയുടെ വിവാദ പരാമർശങ്ങളിൽ പ്രതിഷേധിച്ച് സി.പി.എം ശനിയാഴ്ച സംസ്ഥാനമൊട്ടുക്കും ജില്ല കേന്ദ്രങ്ങളിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. ചെന്നൈ രാജ്ഭവനിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ചിന്നമലക്ക് സമീപം പൊലീസ് തടഞ്ഞു.
മാർക്സിന്റെ ആശയങ്ങൾ ഇന്ത്യക്കെതിരായിരുന്നുവെന്നും രാജ്യത്തിന്റെ വളർച്ചയെ തടസ്സപ്പെടുത്തിയുമെന്നാണ് ഗവർണർ ഒരു ചടങ്ങിൽ പ്രസംഗിച്ചത്. പുരോഗമന ചിന്താഗതിക്കാരനായ മാർക്സിനെ കുറിച്ച് അർധ ധാരണയോടെയാണ് ഗവർണർ സംസാരിച്ചതെന്നും ഗവർണർ പദവി രാജിവെച്ചതിനുശേഷം അദ്ദേഹം സംസാരിക്കട്ടെയെന്നും മാർച്ച് ഉദ്ഘാടനം ചെയ്ത സി.പി.എം തമിഴ്നാട് സെക്രട്ടറി കെ. ബാലകൃഷ്ണൻ അഭിപ്രായപ്പെട്ടു.
പ്രസ്താവന പിൻവലിക്കുന്നതുവരെ ഗവർണർ പങ്കെടുക്കുന്ന പരിപാടികളിൽ സി.പി.എം കരിങ്കൊടി കാണിച്ച് പ്രതിഷേധിക്കുമെന്ന് അദ്ദേഹം അറിയിച്ചു. പോളിറ്റ് ബ്യൂറോ അംഗം ജി. രാമകൃഷ്ണൻ സംസാരിച്ചു. 28ന് രാജ് ഭവൻ മാർച്ച് സംഘടിപ്പിക്കുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ആർ. മുത്തരസനും അറിയിച്ചു.