രാഹുലിന്റെ ബ്രിട്ടൻ പ്രസംഗത്തെ ന്യായീകരിച്ച് സി.പി.എം
text_fieldsന്യൂഡൽഹി: ബ്രിട്ടനിൽ നരേന്ദ്ര മോദി സർക്കാറിനെതിരെ നടത്തിയ വിമർശനങ്ങളിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പിന്തുണച്ച് സി.പി.എം. നരേന്ദ്ര മോദി സർക്കാർ ജനാധിപത്യത്തെ അടിച്ചമർത്തുന്നുവെന്നും ഭീഷണിപ്പെടുത്തുന്നുമെന്നുമുള്ള രാഹുലിന്റെ വിമർശനം എല്ലാ പ്രതിപക്ഷ നേതാക്കളും ഉന്നയിക്കേണ്ടതാണെന്ന് പാർട്ടി മുഖപത്രമായ പീപ്ൾസ് ഡെമോക്രസി മുഖപ്രസംഗത്തിൽ വ്യക്തമാക്കുന്നു.
വിദേശമണ്ണിൽ പോയി രാജ്യസ്നേഹമില്ലാതെ സംസാരിച്ചെന്ന ആരോപണത്തിൽ കഴമ്പില്ല. സർക്കാറിനെ വിമർശിക്കുന്നത് രാജ്യത്തെ വിമർശിക്കലല്ല. അമേരിക്കൻ ജനാധിപത്യത്തെ നിഷ്‍കളങ്കമായി പ്രകീർത്തിക്കുന്നതുൾപ്പെടെ ബ്രിട്ടനിൽ രാഹുൽ നടത്തിയ എല്ലാ അഭിപ്രായങ്ങളോടും എല്ലാവരും യോജിക്കണമെന്നില്ല. എന്നാൽ, സർക്കാറിന്റെ ഏകാധിപത്യസ്വഭാവത്തെ വിമർശിക്കാനുള്ള അവകാശം, അത് നാട്ടിലാണെങ്കിലും വിദേശത്താണെങ്കിലും ആർക്കും തടയാനാവില്ല -മുഖപ്രസംഗം വ്യക്തമാക്കുന്നു.
അദാനി ഗ്രൂപ്പിനെതിരെ ഹിൻഡൻബർഗ് ഉയർത്തിയ ആരോപണങ്ങളോടുള്ള കേന്ദ്ര സർക്കാറിന്റെ പ്രതികരണത്തെയും പാർട്ടി മുഖപത്രം രൂക്ഷമായി വിമർശിച്ചു.രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങളുടെ പേരിൽ സർക്കാർ പാർലമെന്റ് നടപടികൾ തടസ്സപ്പെടുത്തിയത് അദാനിക്കെതിരായ ഹിൻഡൻബർഗ് റിപ്പോർട്ടിനെക്കുറിച്ചുള്ള ചർച്ചകൾ തടയാനായിരുന്നു.
സഭ ചേർന്ന ആദ്യ ദിവസം തന്നെ രാഹുൽ ഗാന്ധി മാപ്പുപറയണമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ നേതൃത്വത്തിൽ ആവശ്യമുന്നയിച്ചത് ഇതിനുവേണ്ടിയാണ്. ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം പകുതി ഗില്ലറ്റിൻ ചെയ്ത് വെട്ടിക്കുറച്ച് ധനബില്ലും ധനാഭ്യർഥനകളും ചർച്ചയില്ലാതെ പാസാക്കാനാണ് സർക്കാറിന്റെ ഉദ്ദേശ്യം. ഈ വിഷയങ്ങളിൽ പാർലമെന്റിൽ വിശദീകരണവും ചർച്ചയും ആവശ്യമാണെന്നും സി.പി.എം മുഖപത്രം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

