ബംഗാൾ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സി.പി.എം-ബി.ജെ.പി കൂട്ടുകെട്ട്
text_fieldsകൊൽക്കത്ത: ബദ്ധവൈരികളായ സി.പി.എമ്മും ബി.ജെ.പിയും പശ്ചിമബംഗാൾ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കൈകോർക്കുന്നു. പൊതുശത്രുവായ തൃണമൂൽ കോൺഗ്രസിനെതിരെ നാദിയ ജില്ലയിലാണ് സഖ്യമുണ്ടാക്കിയത്. ബി.ജെ.പിയുമായുള്ള ബന്ധം ഒൗപചാരിക സഖ്യമല്ലെന്നും തൃണമൂലിനെ നേർക്കുനേർ നേരിടുന്ന സ്ഥലങ്ങളിൽ സീറ്റുകൾ വീതംവെച്ചുകൊണ്ടുള്ള താൽക്കാലിക ക്രമീകരണം മാത്രമാണെന്നും സി.പി.എം വിശദീകരിക്കുന്നു. ഇത് ഒറ്റപ്പെട്ട സംഭവം മാത്രമെന്നാണ് ബി.ജെ.പി നാദിയ ജില്ല കമ്മിറ്റിയുടെ പ്രതികരണം.
പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് അക്രമം അഴിച്ചുവിടുന്നെന്ന് ആരോപിച്ച് ഏപ്രിൽ അവസാനവാരം കരിംപുർ-റാണാഘട്ട് മേഖലയിൽ സി.പി.എം, ബി.ജെ.പി പ്രവർത്തകർ സംയുക്തമായി റാലി നടത്തിയതോടെയാണ് സഖ്യം വെളിച്ചത്തായത്. ജില്ലയിൽ ഗ്രാമീണതലത്തിൽ പലയിടത്തും ബി.ജെ.പിയുമായി നീക്കുപോക്കുണ്ടെന്ന് സി.പി.എം ജില്ല സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായ സുമിത് ഡേ സമ്മതിച്ചു. എന്നാൽ, അത് പാർട്ടി നയങ്ങൾക്കെതിരല്ലെന്നും അദ്ദേഹം വിശദീകരിക്കുന്നു.
ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ പാർട്ടിയുടെ ബി.ജെ.പി വിരുദ്ധ നിലപാടിൽ മാറ്റമുണ്ടായതായി വിലയിരുത്തേണ്ടതില്ലെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം സുജൻ ചക്രബർത്തി പറഞ്ഞു. എന്നാൽ, ആക്രമണങ്ങൾക്കെതിരെ തങ്ങളാണ് റാലിക്ക് ആഹ്വാനം ചെയ്തതെന്നും അതിൽ സി.പി.എം പ്രവർത്തകർ അണിചേരുകയായിരുന്നെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് ദിലീപ് ഘോഷ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
