സി.പി.എം -ബി.ജെ.പി ഡീൽ ആരോപണം, ഡി.എം.കെയുടെ അകൽച്ച; ‘ഇൻഡ്യ’യിൽ വിമർശനത്തിൽ പൊള്ളി കോൺഗ്രസ്
text_fieldsന്യൂഡൽഹി: ഇൻഡ്യ മുന്നണി യോഗത്തിൽ കടുത്ത വിമർശനം നേരിട്ട് സഖ്യത്തിലെ ഏറ്റവും വലിയ കക്ഷിയായ കോൺഗ്രസ്. കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ഡീൽ ആരോപിച്ച് കോൺഗ്രസ് നേതാക്കൾ നടത്തിയ പ്രചാരണം സി.പി.എമ്മും, രാജ്യസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ജെ.എം.എമ്മും ഉന്നയിച്ചു.
കോൺഗ്രസുമായുള്ള പ്രശ്നത്തെ തുടർന്ന് മുന്നണിയുമായി അകന്ന ഡി.എം.കെയെ തിരികെയെത്തിക്കണമെന്ന് യോഗത്തിൽ ഭൂരിപക്ഷ അംഗങ്ങളും ആവശ്യപ്പെട്ടു. വിമർശനങ്ങൾ ഉൾക്കൊള്ളുന്നു എന്ന് പ്രതികരിച്ച കോൺഗ്രസ്, ഡി.എം.കെയുടെ വിഷയത്തിൽ മൗനം പാലിച്ചു.
ബംഗാളിൽ സഖ്യം ഒന്നിച്ചുനീങ്ങണം എന്ന മമത ബാനർജിയുടെ ആവശ്യത്തോട്, ഈ തെരഞ്ഞെടുപ്പിൽ തന്നെ അത് സാധ്യമായിരുന്നുവെന്നും സഖ്യത്തിൽ മത്സരിച്ചിരുന്നുവെങ്കിൽ ബി.ജെ.പി അധികാരത്തിൽ വരില്ലായിരുന്നുവെന്നും രാഹുൽ മറുപടി നൽകി.
ബംഗാളിൽ കോൺഗ്രസിന് രണ്ടുസീറ്റ് മാത്രം തരാനാണ് ടി.എം.സി തയാറായതെന്നും രാഹുൽ ചൂണ്ടിക്കാട്ടി. ഓരോ എം.എൽ.എമാരെയും എം.പിമാരെയും ബി.ജെ.പി നേരിട്ട് സമീപിക്കുകയാണെന്ന് മമത പറഞ്ഞു. കൃത്യമായ ഇടവേളകളിൽ യോഗം നടക്കാത്തത് ഉദ്ധവ് താക്കറെ ചൂണ്ടിക്കാട്ടി. മോദി സർക്കാറിന്റെ ഭരണത്തിനുകീഴിൽ രാജ്യം നേരിടുന്ന വെല്ലുവിളികളെ ചെറുക്കാൻ പ്രതിപക്ഷ പാർട്ടികൾ കൂടുതൽ ഊർജസ്വലമായി മുന്നോട്ടുവരണമെന്ന് ഖാർഗെ ആഹ്വാനം ചെയ്തു.
‘ഇൻഡ്യ’ യോഗ തീരുമാനങ്ങൾ
- വോട്ടർപട്ടിക പുതുക്കലിലെ ക്രമക്കേടും തെരഞ്ഞെടുപ്പ് അട്ടിമറിയും ചൂണ്ടിക്കാട്ടി സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് ഉടൻ സംയുക്ത കത്തയക്കും.
- നീറ്റ്, സി.ബി.എസ്.ഇ പരീക്ഷാ ക്രമക്കേടുകളിൽ ലക്ഷക്കണക്കിന് വിദ്യാർഥികളെ വഞ്ചിച്ച കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെടും
- കടുത്ത സാമ്പത്തിക പ്രതിസന്ധി, വിലക്കയറ്റം, തൊഴിലില്ലായ്മ, കർഷക പ്രശ്നങ്ങൾ എന്നിവ ചർച്ച ചെയ്യാൻ കേന്ദ്രം അടിയന്തരമായി സർവകക്ഷി യോഗം വിളിക്കാനുള്ള ആവശ്യം ഉന്നയിക്കും
- മുന്നണി പ്രവർത്തനം ശക്തമാക്കാൻ രണ്ടുമാസത്തിലൊരിക്കൽ യോഗം ചേരും. അടുത്ത യോഗം ആഗസ്റ്റിൽ ഹൈദരാബാദിൽ നടക്കും.
- പാർലമെന്റ് വർഷകാല സമ്മേളനത്തിൽ സംയുക്ത പ്രതിരോധം തീർക്കാൻ എല്ലാ ദിവസവും രാവിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയുടെ ഓഫിസിൽ ഏകോപന യോഗം ചേരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

