ഇൻഡ്യ ഏകോപനസമിതിക്ക് എതിരെ സി.പി.എം
text_fieldsന്യൂഡൽഹി: ബി.ജെ.പിക്കെതിരെ രൂപം കൊണ്ട പ്രതിപക്ഷ സഖ്യമായ ഇൻഡ്യയുടെ ഏകോപനത്തിനായി രൂപവത്കരിച്ച സമിതിയിലേക്ക് സി.പിഎം പ്രതിനിധിയെ അയക്കില്ല. തീരുമാനങ്ങളെടുക്കാൻ മുന്നണിയിൽ നേതാക്കൾ ഉണ്ടാകുമ്പോൾ അതിനുള്ളിൽ മറ്റൊരു സംഘടന സംവിധാനം വേണ്ടതില്ലെന്നാണ് ഡൽഹിയിൽ നടന്ന പോളിറ്റ് ബ്യൂറോ യോഗത്തിന്റെ തീരുമാനം. സെപ്റ്റംബർ ഒന്നിന് രൂപവത്കരിച്ച 14 അംഗ ഏകോപന സമിതിയിലേക്ക് സി.പി.എം മാത്രമാണ് പ്രതിനിധിയുടെ പേര് നൽകാതിരുന്നത്. കാമ്പയിൻ കമ്മിറ്റി, മീഡിയ കമ്മിറ്റി തുടങ്ങിയവയിലേക്ക് സി.പി.എം പ്രതിനിധികളുടെ പേരുകൾ നേരത്തേ നൽകിയിരുന്നു.
അതേസമയം, ഇൻഡ്യ മുന്നണി വിപുലീകരിക്കുന്നതിനും ജനങ്ങളിലെ വലിയൊരു വിഭാഗത്തെ ആകര്‍ഷിക്കുന്നതിനുമുള്ള ശ്രമങ്ങള്‍ നടത്തുന്നതിനും പ്രവര്‍ത്തിക്കാന്‍ പോളിറ്റ് ബ്യൂറോ യോഗം തീരുമാനിച്ചു. ബി.ജെ.പിക്കെതിരെ രാജ്യവ്യാപമായി ജനങ്ങളെ സംഘടിപ്പിച്ച് പൊതുപരിപാടികള്‍ നടത്തണമെന്ന പട്നയിലും മുംബൈയിലും ബംഗളൂരുവിലും നടന്ന ഇൻഡ്യ മുന്നണി യോഗത്തില്‍ പാര്‍ട്ടി സ്വീകരിച്ച നിലപാടിന് പോളിറ്റ് ബ്യൂറോ അംഗീകാരം നല്കി.
പാർലമെന്ററി ജനാധിപത്യത്തിനും ഫെഡറലിസത്തിനും നേരെയുള്ള ഇരട്ട ആക്രമണമാണ് ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ നടപ്പാക്കാനുള്ള കേന്ദ്ര നീക്കമെന്ന് പി.ബി കുറ്റപ്പെടുത്തി. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടത്താനുള്ള തെരഞ്ഞെടുപ്പ് കമീഷന് മേൽ സർക്കാറിന്റെ ആധിപത്യം ഉറപ്പാക്കാൻ കൊണ്ടുവന്ന ബില്ലിനെ രാജ്യസഭയിൽ പരാജയപ്പെടുത്താൻ മുന്നിട്ടിറങ്ങണമെന്ന് ഇൻഡ്യ മുന്നണിയിലെ എല്ലാ പാർട്ടികളോടും സി.പി.എം അഭ്യർഥിച്ചു.
ത്രിപുര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഭരണകക്ഷിയായ ബി.ജെ.പി കൃത്രിമത്വം കാണിച്ചുവെന്നും അവിടെ ജനാധിപത്യം കൊലചെയ്യപ്പെടുകയാണ് ഉണ്ടായതെന്നും യോഗം വിലയിരുത്തി. അദാനി ഗ്രൂപ്പിന്റെ ഓഹരി വിപണിയിലെ തട്ടിപ്പ് സംബന്ധിച്ച് ഉയർന്നുവന്ന പുതിയ തെളിവുകൾ ഗൗരവതരമായി അന്വേഷിക്കണമെന്നും പി.ബി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

