നോയിഡയിലെ തൊഴിലാളികൾക്കെതിരെ വ്യാജകേസുകളും കസ്റ്റഡി മർദനവുമെന്ന് സി.പി.എം
text_fieldsന്യൂഡൽഹി: വേതന വർധന ആവശ്യപ്പെട്ടുള്ള നോയിഡയിലെ തൊഴിലാളി സമരത്തിനിടെ അറസ്റ്റിലായവരെ പൊലീസ് കസ്റ്റഡിയിൽ ക്രൂര മർദനത്തിനിരയാക്കിയതായും സമരത്തെ അടിച്ചമർത്താൻ വ്യാജ തെളിവുകൾ ചമച്ച് നിരവധി കള്ളക്കേസുകളിൽ കുടുക്കിയതായും സി.പി.എം.
ഇപ്പോഴും ജയിലിൽ തുടരുന്ന തൊഴിലാളികളെ സന്ദർശിക്കാൻ പാർട്ടി പ്രതിനിധിസംഘത്തിന് യു.പി സർക്കാർ അനുമതി നിഷേധിക്കുകയാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ ബേബി പറഞ്ഞു. ചില തൊഴിലാളികൾക്ക് ജാമ്യത്തിന് അപേക്ഷിക്കാൻ പോലുമുള്ള നിയമസഹായം ലഭിക്കുന്നില്ല. ഇത് അവരുടെ മൗലികാവകാശങ്ങളുടെ നിഷേധമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു മാസത്തോളമായി ജയിലിൽ കഴിഞ്ഞ ശേഷം ജാമ്യത്തിലിറങ്ങിയ തൊഴിലാളികളെ എം.എ ബേബിയുടെ നേതൃത്വത്തിൽ സി.പി.എം പ്രതിനിധിസംഘം സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ചു. കമ്പനി മാനേജ്മെന്റുകൾ തൊഴിലാളി യൂനിയനുകൾ രൂപവത്കരിക്കുന്നത് തടയാൻ നിരന്തരം ശ്രമിക്കുന്നുണ്ടെന്നും യൂനിയൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നവരെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയാണെന്നും സംഘത്തെ അറിയിച്ചു. ഫാബ്‌സ്ട്രാക്ട് ക്ലോത്തിങ്, വൈബ്രാക്വിസ്റ്റിക് ഇന്ത്യ എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാരുമായും നേതാക്കൾ ചർച്ച നടത്തി.
പ്രതിഷേധങ്ങളിൽ പങ്കെടുത്തതിനെ തുടർന്ന് ജോലിയിൽ നിന്ന് പിരിച്ചുവിടപ്പെട്ട നിരവധി തൊഴിലാളികളും തങ്ങൾ നേരിട്ട ദുരനുഭവങ്ങൾ പ്രതിനിധിസംഘത്തോട് വിവരിച്ചു. പോളിറ്റ് ബ്യൂറോ അംഗങ്ങളായ ആർ. അരുൺ കുമാർ, തപൻ സെൻ, രാജ്യസഭാ എം.പി വി. ശിവദാസൻ എന്നിവർ സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

