ബംഗാളിൽ സി.പി.എം തിരിച്ചുവരുമെന്ന് സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം
text_fieldsകൊൽക്കത്ത: ഈ തെരഞ്ഞെടുപ്പിൽ സി.പി.എം നിയമസഭയിലെത്തുമെന്ന കാര്യത്തിൽ തികഞ്ഞ ആത്മവിശ്വാസത്തിലാണ് സി.പി.എം ബംഗാൾ സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം. രാജ്യത്തെ ബി.ജെ.പിയുടെ നിയോ ഫാഷിസ്റ്റ് ഭരണവും ബംഗാളിലെ തൃണമൂലിന്റെ ജനവിരുദ്ധ നയങ്ങളും മടുത്ത ജനങ്ങൾ വീണ്ടും ഇടതിലേക്ക് തിരിച്ചുവരികയാണെന്ന് മുഹമ്മദ് സലിം പറഞ്ഞു.
കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി ധാരണയുണ്ടായിരുന്നു. ഇത്തവണ സംയുക്ത പോരാട്ടത്തിൽ ചേരേണ്ടെന്ന് കോൺഗ്രസ് തീരുമാനിക്കുകയായിരുന്നു. ബംഗാളിനെ രക്ഷിക്കാനായുള്ള ഇടത് തിരിച്ചുവരവിനാണ് സി.പി.എം ഉറ്റുനോക്കുന്നത്. അത്, സംഭവിച്ചാൽ കോൺഗ്രസിന് ഇടം ഉണ്ടാവില്ലെന്നും മുഹമ്മദ് സലിം പറഞ്ഞു. മമത ബാനർജി വ്യാജ പ്രതിഛായ ഉണ്ടാക്കിയിരിക്കുകയാണ്. പഴയ കാലത്തുപോലും ജനസംഘത്തിനും ആർ.എസ്.എസിനും ഇടമില്ലായിരുന്നു. അവർക്ക്, ഇടം നൽകിയത് മമത ബാനർജിയാണെന്ന് മുഹമ്മദ് സലിം കുറ്റപ്പെടുത്തി. പുറത്ത് മമതയും ആർ.എസ്.എസും കൊമ്പുകോർക്കുന്നത് കാണാം, അകത്ത് അവർ ചങ്ങാതികളാണെന്ന് മുഹമ്മദ് സലിം ആരോപിച്ചു.
ഇടതുപക്ഷം ബംഗാളിൽ 252 -സീറ്റിലാണ് മത്സരിക്കുന്നത്. മറ്റു സീറ്റുകൾ സി.പി.ഐ-എം.എൽ, ഐ.എസ്.എഫ് അടക്കമുള്ള സംഘടനകൾക്ക് നൽകി. തൃണമൂൽ കോൺഗ്രസും ബി.ജെ.പിയും മുഖാമുഖം പോരാടുന്ന ബംഗാളിൽ കാര്യമായ ചലനം ഉണ്ടാക്കാൻ 34 വർഷം തുടർച്ചയായി ഭരിച്ച സി.പി.എമ്മിന് ഇപ്പോൾ കഴിയുന്നില്ല. നിയസഭയിലും ലോക്സഭയിലും സി.പി.എമ്മിന് ഇന്ന് സംസ്ഥാനത്തുനിന്നും പ്രതിനിധികളില്ല. രാജ്യസഭാ എം.പി ബികാഷ് രഞ്ജൻ ഭട്ടാചാര്യയുടെ കാലാവധി ഈ മാസം ആദ്യം പൂർത്തിയായതോടെ രാജ്യസഭയിലും പാർട്ടിയുടെ ബംഗാൾ പ്രാതിനിധ്യം ഇല്ലാതായി. ഈ സാഹചര്യത്തിൽ ഈ തെരഞ്ഞെടുപ്പിന് പ്രാധാന്യം ഏറെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

