നാസിർ-ജുനൈദ് വധക്കേസ് പ്രതി ആത്മഹത്യ ചെയ്തു; ബജ്രംഗ്ദൾ കേസിൽ കുടുക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപണം
text_fieldsന്യൂഡൽഹി: പശുക്കടത്ത് നടത്തിയെന്നാരോപിച്ച് നാസിർ-ജുനൈദ് എന്നീ രണ്ട് മുസ്‍ലിം യുവാക്കളെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആത്മഹത്യ ചെയ്തനിലയിൽ. ഹരിയാനയിലെ പൽവാലിൽ തീവണ്ടിക്ക് മുന്നിൽച്ചാടി ഇയാൾ ആത്മഹത്യ ചെയ്യുകയായിരുന്നു. ലോകേഷ് സിങ്‍ല എന്നയാളാണ് ആത്മഹത്യ ചെയ്തത്.
ബജ്രംഗ്ദൾ ഭീഷണിയെ തുടർന്നാണ് ഇയാൾ ആത്മഹത്യ ചെയ്തതെന്നാണ് വിവരം. ആത്മഹത്യക്ക് മുമ്പ് നാല് പേരെ കുറ്റപ്പെടുത്തി ഇയാൾ വിഡിയോ ചിത്രീകരിക്കുകയും ചെയ്തു. ഹക്കീം സിങ്, ഭരത് ഭൂഷൺ, അനിൽ കൗശിക് യാദവ്, ഹർകേഷ് യാദവ് എന്നിവരെ കുറ്റപ്പെടുത്തിയാണ് വിഡിയോ. വ്യാജ കേസിൽ തന്നെ പ്രതിയാക്കാൻ ശ്രമിക്കുന്നുവെന്നാണ് ഇയാൾ വിഡിയോയിൽ ആരോപിക്കുന്നത്.
പശുക്കടത്ത് ആരോപിച്ചാണ് നസീറിനേയും ജുനൈദിനേയും തട്ടികൊണ്ട് പോയി കൊലപ്പെടുത്തിയത്. ബജ്രംഗ്ദൾ നേതാവ് മോനു മനേസറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് 2023 ഫെബ്രുവരി 16ന് ഇരുവരേയും തട്ടികൊണ്ട് പോയത്.
പിന്നീട് ഇരുവരുടേയും മൃതദേഹം കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു. രാജസ്ഥാൻ-ഹരിയാന അതിർത്തിയിലെ ഭിവാനി ജില്ലക്ക് സമീപമാണ് കാർ കണ്ടെത്തിയത്. തുടർന്ന് രാജ്യവ്യാപകമായി കൊലപാതകങ്ങൾക്കെതിരെ പ്രതിഷേധം ഉയർന്നു. ഇതേ തുടർന്ന് മോനു മനേസറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പിതാവ് മരിച്ചതിന്റെ ആഘാതത്തിൽ ജുനൈദിന്റെ 14കാരിയായ മകൾ ഹൃദയാഘാതത്തെ തുടർന്ന് 2024ൽ മരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

