പശുക്കടത്ത് ആരോപിച്ചുള്ള ഏറ്റുമുട്ടലുകൾ: യു.പിയിൽ 650 പേർക്ക് വെടിയേറ്റു; 93 ശതമാനവും മുസ്‌ലിങ്ങളെന്ന് റിപ്പോർട്ട്
text_fieldsലഖ്‌നോ: ഉത്തർപ്രദേശിൽ പശുക്കടത്ത് ആരോപിച്ച് പൊലീസ് നടത്തുന്ന ഏറ്റുമുട്ടലുകളിൽ നൂറുകണക്കിന് ആളുകൾക്ക് വെടിയേൽക്കുന്നതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ് (AP) റിപ്പോർട്ട് ചെയ്യുന്നു. 2020 മുതൽ ഇതുവരെ പശുക്കടത്ത് കുറ്റം ആരോപിച്ച് 650-ഓളം പേരെ പൊലീസ് വെടിവെച്ച് പരിക്കേൽപ്പിച്ചതായും ഇതിൽ 93 ശതമാനവും മുസ് ലിം വിഭാഗത്തിൽപ്പെട്ടവരാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പൊലീസിന്റെ നിയമവിരുദ്ധ നടപടികളെയും അധികാര ദുർവിനിയോഗത്തെയും കുറിച്ച് ചോദ്യങ്ങളുയർത്തുന്നതാണ് റിപ്പോർട്ടിലെ വിവരങ്ങൾ.
ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയോ പൊലീസിന് നേരെ വെടിയുതിർക്കുകയോ ചെയ്തപ്പോൾ സ്വയംരക്ഷയ്ക്കായി കാലുകൾക്ക് താഴേക്ക് വെടിവെച്ചു എന്നൊരേ രീതിയിലുള്ള പൊലീസ് റിപ്പോർട്ടുകളാണ് ഇത്തരം സംഭവങ്ങളിലെല്ലാം പുറത്തുവരുന്നത്. എന്നാൽ, ഇത് പൊലീസിന്റെ വ്യാജ ഏറ്റുമുട്ടലുകളും അനൗദ്യോഗിക ശിക്ഷാനടപടികളുമാണെന്ന് മനുഷ്യാവകാശ പ്രവർത്തകരും പ്രതിപക്ഷ നേതാക്കളും ആരോപിക്കുന്നു. വാഷിങ്ടൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന 'സെന്റർ ഫോർ ദി സ്റ്റഡി ഓഫ് ഓർഗനൈസ്ഡ് ഹേറ്റ്' നൽകിയ വിവരങ്ങൾ മുൻനിർത്തിയാണ് എ.പി ഈ അന്വേഷണാത്മക റിപ്പോർട്ട് പുറത്തുവിട്ടത്.
പൊലീസ് തന്നെ പരസ്യപ്പെടുത്തിയ കേസുകൾ മാത്രമാണ് അന്വേഷണവിധേയമാക്കിയത് എന്നതിനാൽ യഥാർത്ഥ വെടിവെപ്പുകളുടെ എണ്ണം ഇതിലും വളരെ കൂടുതലായിരിക്കാമെന്ന് മനുഷ്യാവകാശ പ്രവർത്തകർ ഭയപ്പെടുന്നു. നിയമപരമായ അന്വേഷണത്തിനും വിചാരണയ്ക്കും പകരം ആളുകളെ കൊല്ലുകയോ പരിക്കേൽപ്പിക്കുകയോ ചെയ്ത് ഉടനടി നീതി നടപ്പാക്കുന്ന അപകടകരമായ രീതിയാണ് യു.പി പൊലീസ് പിന്തുടരുന്നതെന്ന് ദൽഹി ആസ്ഥാനമായുള്ള മനുഷ്യാവകാശ അഭിഭാഷക മംഗള വർമ്മ പറഞ്ഞു.
വിഷയത്തിൽ അലഹബാദ് ഹൈക്കോടതിയും പൊലീസിനെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. പ്രതികളുടെ കാലിലേക്ക് വെടിവെച്ച് പരിക്കേൽപ്പിക്കുന്ന പൊലീസിന്റെ പതിവ് ശൈലി ഭരണഘടനാ വിരുദ്ധവും അംഗീകരിക്കാനാകാത്തതുമാണെന്ന് കോടതി നിരീക്ഷിച്ചു. ഉയർന്ന ഉദ്യോഗസ്ഥരുടെ ശ്രദ്ധ പിടിച്ചുപറ്റാനും പൊതുജനങ്ങളിൽ നിന്ന് കയ്യടി നേടാനുമാണ് ചില ഉദ്യോഗസ്ഥർ ഇത്തരം ഏറ്റുമുട്ടൽ നാടകങ്ങൾ നടത്തുന്നതെന്നും ഹൈക്കോടതി ബെഞ്ച് വ്യക്തമാക്കി.
എന്നാൽ ആരോപണങ്ങൾ യു.പി പൊലീസ് നിഷേധിച്ചു. ആത്മാരക്ഷണാർത്ഥം മാത്രമാണ് സേന ആയുധം ഉപയോഗിക്കുന്നതെന്നും, കന്നുകാലി കച്ചവടത്തിൽ ഏർപ്പെട്ടിരിക്കുന്നവരിൽ ഭൂരിഭാഗവും മുസ് ലിം സമുദായക്കാരായതിനാലാണ് കണക്കുകളിൽ ഈ വ്യത്യാസം കാണുന്നതെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അമിതാഭ് യാഷ് വ്യക്തമാക്കി. കൃത്യമായ പരാതി ലഭിച്ചാൽ അന്വേഷണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ഇവരുടെ കുടുംബങ്ങൾ സാമ്പത്തികമായി തകർന്ന് ജീവിക്കേണ്ടിവരുന്നു എന്ന യാഥാർത്ഥ്യവും എ.പി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.

