Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗോവധ നിരോധനവും പശുവിനെ...

ഗോവധ നിരോധനവും പശുവിനെ ദേശീയ മൃഗമാക്കലും ഇപ്പോൾ പരിഗണനയിലില്ല -കേന്ദ്ര നിയമമന്ത്രി

text_fields
bookmark_border
ഗോവധ നിരോധനവും പശുവിനെ ദേശീയ മൃഗമാക്കലും ഇപ്പോൾ പരിഗണനയിലില്ല -കേന്ദ്ര നിയമമന്ത്രി
cancel

ന്യൂഡൽഹി: കേന്ദ്രസർക്കാറിന്റെ പരിഗണനയിൽ നിലവിൽ പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കാനോ രാജ്യവ്യാപകമായി പശുക്കളെ കശാപ്പ് ചെയ്യുന്നത് നിരോധിക്കാനോ ഉള്ള നിർദ്ദേശങ്ങളൊന്നുമില്ലെന്ന് കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ വ്യക്തമാക്കി.

ഇത്തരം ആവശ്യങ്ങൾ വിവിധ ഗ്രൂപ്പുകൾ ഉന്നയിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിലാണ് മന്ത്രിയുടെ പ്രതികരണം.

പശുക്കളെ കശാപ്പ് ചെയ്യുന്നതുമായി ബന്ധപ്പെട്ട നിയമങ്ങൾ സംസ്ഥാനങ്ങൾക്കനുസരിച്ച് വ്യത്യസ്തമാണെന്നും പ്രാദേശിക സാഹചര്യങ്ങൾ കണക്കിലെടുത്താണ് ഇത്തരം തീരുമാനങ്ങൾ എടുക്കാറുള്ളതെന്നും മേഘ്‌വാൾ ചൂണ്ടിക്കാട്ടി. രാജ്യവ്യാപകമായി പശുക്കളെ ദേശീയ മൃഗമായി പ്രഖ്യാപിക്കാനും കശാപ്പ് നിരോധിക്കാനുമുള്ള ആവശ്യങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ, എം.പിമാർക്കും സർക്കാരിനും ഇത്തരം നിവേദനങ്ങൾ പതിവായി ലഭിക്കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

‘വിവിധ സംഘടനകൾ ഇത്തരം വിഷയങ്ങളിൽ പ്രവർത്തിക്കുകയും എം.പിമാരെ സമീപിക്കുകയും ചെയ്യുന്നുണ്ട്. ഇത്തരം നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആളുകൾ അപേക്ഷകളും നിവേദനങ്ങളും സമർപ്പിക്കാറുണ്ട്’- മന്ത്രി പറഞ്ഞു. എന്നാൽ, കേന്ദ്ര ക്യാബിനറ്റിന്റെ പരിഗണനയിൽ നിലവിൽ ഇത്തരമൊരു നിർദ്ദേശമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

‘നിലവിൽ ക്യാബിനറ്റിന്റെ പരിഗണനയിലുള്ള അത്തരമൊരു വിഷയം ഞങ്ങളുടെ മുമ്പിലില്ല. എപ്പോഴെങ്കിലും ഒരു നിർദ്ദേശം സർക്കാർ തീരുമാനമോ ക്യാബിനറ്റിന്റെ പരിഗണനയോ ആവശ്യമുള്ള ഘട്ടത്തിലെത്തിയാൽ ഞങ്ങൾ നിങ്ങളെ അറിയിക്കും’- അദ്ദേഹം പറഞ്ഞു.

പശ്ചിമ ബംഗാളിലെ ബി.ജെ.പി സർക്കാർ 1950-ലെ നിയമപ്രകാരം കന്നുകാലി കശാപ്പ് നിയന്ത്രണങ്ങൾ കർശനമാക്കിയതിനെ പരാമർശിച്ചുകൊണ്ട്, ‘വ്യത്യസ്ത സംസ്ഥാനങ്ങൾ അവരവരുടെ സാഹചര്യങ്ങളുടെയും മെറിറ്റുകളുടെയും അടിസ്ഥാനത്തിലാണ് ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കുന്നത്’ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പശുക്കളെ കശാപ്പ് ചെയ്യുന്നത് പൂർണമായി നിരോധിക്കണമെന്ന ആവശ്യം ഉയരുകയും സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ചർച്ചയാവുകയും ചെയ്യുന്നുണ്ടെന്ന് മന്ത്രി സമ്മതിച്ചു.

‘ആളുകൾ നിരന്തരം ഉന്നയിക്കുന്ന ഒരു വിഷയമാണിത്. ഇതിനുവേണ്ടി വാദിക്കുന്നവർ ശ്രമങ്ങൾ നടത്തുന്നുണ്ട്, ചർച്ചകളും നടക്കുന്നു. എന്നാൽ, നിലവിൽ സർക്കാർ തലത്തിൽ തീരുമാനമെടുക്കുന്ന പ്രക്രിയ ആരംഭിക്കുന്ന ഘട്ടത്തിൽ ഈ വിഷയമില്ല’- അദ്ദേഹം വ്യക്തമാക്കി.

ഹിന്ദുത്വ ഗ്രൂപ്പുകൾ രാജ്യത്ത് പശുക്കളെ കശാപ്പ് ചെയ്യുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെടുമ്പോൾ, നിരവധി മുസ്‌ലിം സംഘടനകളും മതപണ്ഡിതന്മാരും പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്നും രാജ്യവ്യാപകമായി കശാപ്പ് നിരോധിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വിഷയത്തിൽ നിലനിൽക്കുന്ന പിരിമുറുക്കങ്ങൾ കുറക്കാൻ ഇത്തരം നടപടി സഹായിക്കുമെന്ന് വാദിച്ചുകൊണ്ട് ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് അധ്യക്ഷൻ മൗലാന അർഷാദ് മദനി ഈ ആവശ്യത്തെ പിന്തുണച്ചിരുന്നു.

മുൻ ഉപരാഷ്ട്രപതി ഹാമിദ് അൻസാരിയും ഈ നിർദ്ദേശത്തെ പിന്തുണച്ചു. പശുക്കളെ കശാപ്പ് ചെയ്യുന്നത് സംബന്ധിച്ച തർക്കങ്ങൾ പരിഹരിക്കാൻ പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കുന്നത് സഹായിക്കുമെങ്കിൽ അത് പരിഗണിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പശുവിനെ ബലി നൽകുന്നത് ഒഴിവാക്കാൻ മുസ്‌ലിംകളോട് അൻസാരി അഭ്യർഥിക്കുകയും, ഏതെങ്കിലും പ്രത്യേക മൃഗത്തെ ബലി നൽകാൻ ഇസ്‍ലാം മതം നിർബന്ധിക്കുന്നില്ലെന്ന് ഓർമിപ്പിക്കുകയും ചെയ്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cow politicscabinetCow slaughter bancow as national animal
News Summary - Cow Slaughter Ban, National Animal Status Not on Centre’s Agenda
Next Story