'പാറ്റകളെ' തേടി അലയുന്നു, യഥാർത്ഥ ഗുണ്ടായിസം എന്താണെന്ന് കാണിച്ചുതരാം'; സി.ജെ.പിക്ക് ഗോരക്ഷകരുടെ ഭീഷണി
text_fieldsന്യൂഡൽഹി: ഡൽഹി ജന്തർ മന്തറിൽ വീണ്ടും സംഘർഷാവസ്ഥ. 'കോക്രോച്ച് ജനതാ പാർട്ടി' പ്രതിഷേധക്കാർക്കെതിരെ 'യഥാർത്ഥ ഗുണ്ടായിസം എന്താണെന്ന് കാണിച്ചുതരുമെന്ന്' പ്രഖ്യാപിച്ച് ഹിന്ദുത്വ സംഘടന പ്രവർത്തകർ ജന്തർ മന്തറിൽ തടിച്ചുകൂടി. ഡൽഹി പൊലീസിന്റെ സിവിൽ വേഷത്തിലുള്ള ഉദ്യോഗസ്ഥരെക്കുറിച്ച് ഉയർന്ന റിപ്പോർട്ടുകൾക്കിടയിലാണ് ഗോരക്ഷകരുടെ ഭാഗത്തുനിന്നും ഇത്തരത്തിലുള്ള പരസ്യമായ ഭീഷണി ഉണ്ടായിരിക്കുന്നത്.
പ്രതിഷേധ സ്ഥലത്ത് സിവിൽ വേഷത്തിലെത്തിയ അക്രമികൾ ആരാണെന്ന് ചോദിച്ചവരോട്, അവർ പൊലീസ് ഉദ്യോഗസ്ഥരായിരുന്നു എന്നാണ് ഗോരക്ഷക പ്രവർത്തകനായ സ്വതന്ത്ര ഭരദ്വാജ് പ്രതികരിച്ചത്. എന്നാൽ യഥാർത്ഥ ഗുണ്ടകളുടെ എൻട്രി ഇനിയേയുള്ളൂവെന്നും, ഡൽഹിയിൽ ഗുണ്ടായിസം എന്താണെന്ന് തങ്ങൾ കാണിച്ചുതരുമെന്നും ഇയാൾ വീഡിയോയിലൂടെ വെല്ലുവിളിച്ചു. ഡൽഹിയിൽ ഉടനീളം 'പാറ്റകളെ' തേടി അലയുകയാണെന്നും, ഡൽഹി പൊലീസിനോടുള്ള ബഹുമാനം കൊണ്ടാണ് സനാതനികൾ ഇപ്പോൾ സംയമനം പാലിക്കുന്നതെന്നും ഇവർ അവകാശപ്പെടുന്നു. എല്ലാ ഗോരക്ഷകരുടെയും സനാതനികളുടെയും സഹായത്തോടെ ഡൽഹി നഗരം ഉപരോധിക്കുമെന്നും ഭരദ്വാജ് ഭീഷണി മുഴക്കിയിട്ടുണ്ട്.
അതേസമയം, പ്രതിഷേധക്കാരെ ആക്രമിച്ചതിന് പിന്നിൽ ഇതേ വ്യക്തിയാണെന്ന് സി.ജെ.പി വക്താവ് സൗരവ് ദാസ് ആരോപിച്ചു. പ്രായപൂർത്തിയാകാത്ത നിഷുവിന്റെ പിതാവായ സഞ്ജയ്ജിയെ ജന്തർ മന്തറിനുള്ളിൽ വെച്ച് ക്രൂരമായി മർദ്ദിച്ച് പരിക്കേൽപ്പിച്ചത് ഈ ഗുണ്ടയാണെന്ന് സൗരവ് ദാസ് എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു. എസ്‌സി/എസ്ടി നിയമപ്രകാരവും കർശനമായ മറ്റ് വകുപ്പുകൾ പ്രകാരവും കേസെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ഡൽഹി പൊലീസ് മൗനം പാലിക്കുകയാണെന്നും ഇദ്ദേഹം കുറ്റപ്പെടുത്തി. ഈ വ്യക്തിയെ ഉടൻ തന്നെ കരുതലങ്കലിൽ അടയ്ക്കണമെന്നും സഞ്ജയ്‌ക്കെതിരായ ആക്രമണത്തിൽ കർശന നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ ജൂലൈ 20-ന് നടന്ന 'സൻസദ് ചലോ' മാർച്ചിൽ പ്രതിഷേധക്കാർക്കെതിരെ പൊലീസ് അതിക്രമം നടത്തിയതിനെ പിന്തുണച്ചുകൊണ്ട് ഭരദ്വാജ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിരവധി വീഡിയോകൾ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ പുതിയ ഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത്.
മറുവശത്ത്, ജന്തർ മന്തറിൽ സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് നേരെ വടികളുമായി അക്രമം അഴിച്ചുവിട്ടത് യൂണിഫോം ധരിക്കാത്ത പൊലീസുകാരാണെന്ന ആരോപണവും ശക്തമാണ്. അക്രമങ്ങൾക്ക് തുടക്കമിടാനാണ് പൊലീസ് ഇത്തരത്തിൽ സിവിൽ വേഷത്തിൽ എത്തിയതെന്നാണ് സി.ജെ.പി പ്രതിഷേധക്കാരുടെ ആരോപണം. ജന്തർ മന്തറിലെ തുടർച്ചയായ സംഭവവികാസങ്ങൾ ഡൽഹിയിൽ കനത്ത സുരക്ഷാ ആശങ്കകളാണ് സൃഷ്ടിച്ചിരിക്കുന്നത്. സംഭവത്തിൽ പൊലീസിന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രതികരണങ്ങൾ ഒന്നും തന്നെ വന്നിട്ടില്ലെങ്കിലും പ്രദേശത്ത് കൂടുതൽ സേനയെ വിന്യവിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

