കാലിക്കടത്തുസംഘത്തിലെ വൃദ്ധൻ മരിച്ചനിലയിൽ
text_fieldsമംഗളൂരു: സ്കോർപിയോയിൽ കന്നുകുട്ടികളെ കടത്തിയ നാലംഗസംഘത്തിലെ ഒരാളെ മരിച്ചനിലയിൽ കണ്ടെത്തി. മംഗളൂരു ജോക്കട്ടെ സ്വദേശി ഹുസൈനബ്ബയാണ് (61) ഉഡുപ്പിക്കടുത്ത് ഹരിയടുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ പെർഡൂരിൽ കുന്നിൻമുകളിൽ മരിച്ചത്. പൊലീസ് ഒത്താശയോടെ ബജ്റംഗ്ദൾ നടത്തിയ കൊലപാതകമാണെന്ന് ബന്ധുക്കൾ ആരോപിച്ചു.
കാലിക്കടത്ത് വിവരം ലഭിച്ച പൊലീസ് ബുധനാഴ്ച പുലർച്ച 4.15ന് സ്കോർപിേയാ കാർ തടയുകയായിരുന്നു. പിറകോട്ടെടുത്ത കാർ 200 മീറ്റർ അകലെ ഉപേക്ഷിച്ച് നാലുപേരും ഇറങ്ങി ഓടി. മൂന്നുപേർ ഒരുവഴിക്കും ഹുസൈനബ്ബ മറ്റൊരു വഴിക്കുമായിരുന്നു. ഹുസൈനബ്ബയുടെ പിന്നാലെയായാണ് പൊലീസ് ഓടിയതെന്ന് രക്ഷപ്പെട്ടവർ നാട്ടുകാരോട് പറഞ്ഞു. 11ഒാടെ കുന്നിൻമുകളിൽ ഒരാൾ മരിച്ചുകിടക്കുന്നതായി ഹരിയടുക്ക പൊലീസിന് വിവരം ലഭിച്ചു. സ്ഥലത്ത് ചെന്നപ്പോൾ മൃതദേഹം തിരിച്ചറിഞ്ഞു.
35 വർഷമായി കാലിക്കച്ചവടം നടത്തുന്നയാളാണ് ഹുസൈനബ്ബയെന്ന് ബന്ധുക്കൾ പറഞ്ഞു. നേരത്തെ ഇദ്ദേഹത്തെ ബജ്റംഗ്ദൾ പ്രവർത്തകർ തടഞ്ഞ് ആക്രമിക്കുകയും മൂത്രം കുടിപ്പിക്കുകയും ചെയ്തിരുന്നു.
ഉഡുപ്പി ജില്ല പൊലീസ് സൂപ്രണ്ട് ലക്ഷ്മൺ നിംബാർഗി സ്ഥലം സന്ദർശിച്ചു.
