നായ് കടിച്ച പശു ചത്തു; പാൽ പ്രസാദം കഴിച്ച 450പേർക്ക് പേവിഷ പ്രതിരോധ വാക്സിൻ നൽകി
text_fieldsഗോരഖ്പൂർ: നായയുടെ കടിയേറ്റ് ചത്തെന്ന് സംശയിക്കുന്ന പശുവിന്റെ പാലിൽ തയാറാക്കിയ പ്രസാദം കഴിച്ച 450 പേർ ഭീതിയിൽ. ദുർഗാപൂജയുടെ ഭാഗമായി വിതരണം ചെയ്ത പ്രസാദം കഴിച്ചവർക്ക് ആശങ്കയെത്തുടർന്ന് പേവിഷ പ്രതിരോധ വാക്സിൻ നൽകി. ഉത്തർപ്രദേശിലെ ഗോരഖ്പൂരിലാണ് സംഭവം. ഗോരഖ്പൂർ ഗോള ബ്ലോക്കിലെ ദാദി ഖാസ് ഗ്രാമത്തിലെ 450 പേർക്കാണ് ആരോഗ്യ വകുപ്പ് വാക്സിനേഷൻ ഏർപ്പെടുത്തിയത്.
പശുവിന് ഒന്നോ രണ്ടോ ദിവസമായി അസുഖമുണ്ടായിരുന്നുവെന്നും ചൊവ്വാഴ്ചയോടെ നില വഷളാകുകയായിരുന്നുവെന്നും ഉടമ നവാമി യാദവ് പറഞ്ഞു. തുടർന്ന് വെറ്ററിനറി ഡോക്ടർമാരായ ബെച്ചൻ സിങ്, ഹർദേവ് യാദവ് എന്നിവരെ സമീപിക്കുകയായിരുന്നു. തെരുവ് നായയുടെ കടിയേറ്റതാകാം പശുവിന്റെ മരണകാരണമെന്നാണ് വെറ്ററിനറി അധികൃതർ സംശയിക്കുന്നത്. പിന്നീട് ആരോഗ്യ വിദഗ്ധരെ അറിയിച്ചതിനെ തുടർന്ന് കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽവെച്ച് 50 പേരും, തുടർന്ന് ഗ്രാമത്തിൽ നടത്തിയ പ്രത്യേക ആരോഗ്യ ക്യാമ്പിൽ 400 പേരും വാക്സിൻ സ്വീകരിക്കുകയായിരുന്നു.
ചത്ത പശുവിന്റെ പാൽ പ്രദേശത്തെ രണ്ട് കടകളിലേക്കും നിരവധി വീടുകളിലേക്കും വിതരണം ചെയ്തിരുന്നു. അതുകൊണ്ട് സമീപ ഗ്രാമമായ ഗോവിന്ദ്പൂരിലുള്ളവരും വലിയ ആശങ്കയിലാണ്.
ലക്ഷണങ്ങൾ പേവിഷബാധയുടേതാണെന്ന് സംശയിക്കുന്നുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണത്തിനായി കൂടുതൽ പരിശോധനകൾ ആവശ്യമാണെന്ന് വെറ്ററിനറി ഡോക്ടർ സിദ്ദീഖി വ്യക്തമാക്കി. പാൽ കുടിക്കുന്നത് വഴി മാത്രം പേവിഷബാധ പകരാൻ സാധ്യതയില്ലെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തൽ. എങ്കിലും, പ്രസാദം കഴിച്ചവരും രോഗബാധിതമായ പശുവുമായി സമ്പർക്കത്തിൽ വന്നവരും ജാഗ്രത പാലിക്കണമെന്നും കൃത്യമായ വാക്സിനേഷൻ ഷെഡ്യൂൾ പിന്തുടരണമെന്നും വിദഗ്ധർ നിർദേശിച്ചു. വാക്സിനുകൾ കൃത്യസമയത്ത് ലഭ്യമാക്കാനുള്ള സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

