ആശങ്ക ഉയർത്തി തമിഴകം; കോവിഡ് ബാധിതർ പതിനായിരത്തോടടുക്കുന്നു
text_fieldsചെന്നൈ: കോവിഡ് വ്യാപനത്തിൽ ആശങ്ക ഉയർത്തി തമിഴകം. രോഗബാധിതർ ഏറ്റവും കൂടുതലുള്ള മൂന്നാമത്തെ സംസ്ഥാനമായി മാറിയിരിക്കയാണ് തമിഴ്നാട്. സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന രണ്ടുപേർകൂടി മരിച്ചു. ഇതോടെ തമിഴ്നാട്ടിൽ മരണസംഖ്യ 66 ആയി.
24 മണിക്കൂറിനിടെ 11,965 സാമ്പിളുകൾ പരിശോധിച്ചതിൽ 447 പേർക്ക് പുതുതായി രോഗബാധ കണ്ടെത്തി. മൊത്തം രോഗബാധിതരുടെ എണ്ണം 9,674. 64 പേരെ ഡിസ്ചാർജ് ചെയ്തു. രോഗം ഭേദമായി ആശുപത്രിയിൽനിന്ന് വിട്ടയച്ചവരുടെ മൊത്തം എണ്ണം 2,240.
ചെന്നൈയിൽ 363 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 5,625 ആയി.
ഇതിൽ മൂവായിരത്തോളം രോഗികൾ കോയേമ്പട് മാർക്കറ്റ് ക്ലസ്റ്ററിൽപെടുന്നവരാണ്.
ചെന്നൈയിലും സമീപ ജില്ലകളിലും സ്ഥിതിഗതികൾ ഗുരുതരമായി തുടരുകയാണ്. തമിഴ്നാടിെൻറ പശ്ചിമ മേഖലയിലെ കോയമ്പത്തൂർ, തിരുപ്പൂർ, ഇൗറോഡ്, നാമക്കൽ, സേലം തുടങ്ങിയ ജില്ലകളിൽ ഒരാഴ്ചക്കിടെ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
തമിഴ്നാട്ടിലെ ലോക്ഡൗൺ സംവിധാനത്തിൽ ഘട്ടംഘട്ടമായി ഇളവുകൾ നൽകിയാൽ മതിയെന്ന് മെഡിക്കൽ വിദഗ്ധ സമിതി സംസ്ഥാന സർക്കാറിന് ശിപാർശ ചെയ്തു.
രോഗവ്യാപനത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്നും കൂടുതൽ പരിശോധനകൾ നടത്തുമെന്നും സമിതിയംഗവും െഎ.സി.എം.ആർ ഡെപ്യൂട്ടി ഡയറക്ടറുമായ പ്രതിഭ കൗർ അറിയിച്ചു.
കൂടുതൽ പരിശോധനകൾ നടക്കുന്നതിനാലാണ് രോഗബാധിതരുടെ എണ്ണവും കൂടിവരുന്നതെന്നും എന്നാൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മരണനിരക്ക് (0.68) വളരെ കുറവാണെന്നും തമിഴ്നാട് ആരോഗ്യമന്ത്രി ഡോ. സി. വിജയഭാസ്കർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
