
കോവിഡ് നിയന്ത്രണങ്ങൾ: ചെറുകിട വ്യാപാരികളുടെ കഷ്ടപ്പാടുകൾ സങ്കൽപ്പിക്കാനാവാത്തത് -ആനന്ദ് മഹീന്ദ്ര
text_fieldsന്യൂഡൽഹി: കോവിഡും ലോക്ഡൗണും ചെറുകിട വ്യവസായികളെ വളരെയധികം ബാധിച്ചിട്ടുണ്ടെന്ന് പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്ര. ലോക്ഡൗൺ ദിനങ്ങളിലെ അവരുടെ കഷ്ടതകൾ സങ്കൽപ്പിക്കാൻ പോലും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തുടനീളമുള്ള ചെറുകിട വ്യവസായികൾക്ക് വിശ്രമം നൽകേണ്ട സമയമാണിതെന്ന് ആനന്ദ് മഹീന്ദ്ര കൂട്ടിച്ചേർത്തു.
ഡൽഹിയിലെ വാരാന്ത്യ കർഫ്യൂ പിൻവലിക്കുന്നുവെന്ന വാർത്ത പുറത്തുവന്നപ്പോഴാണ് ചെറുകിട വ്യവസായികൾക്കിത് ശുഭവാർത്തയാകുമെന്നും താൻ സന്തോഷത്തിലാണെന്നും പറഞ്ഞ് അദ്ദേഹം ട്വീറ്റ് ചെയ്തത്.
ആഴ്‌ചകളായി ഒമിക്രോണിന്‍റെ വ്യാപനത്തെ തുടർന്ന് ഡൽഹിയിൽ വാരാന്ത്യ കർഫ്യൂ പ്രഖ്യാപിച്ചിരുന്നു. രണ്ടാഴ്ച മുമ്പ് 22,000-ലധികം കേസുകളായിരുന്നു നഗരത്തിൽ റിപ്പോർട്ട് ചെയ്തിരുന്നത്.
ഇതിനെത്തുടർന്ന് കടകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ അധികാരികൾ നിർബന്ധിതരായി. കർശന നിയന്ത്രണങ്ങൾ കോവിഡ് കേസുകൾ കുറക്കാൻ സഹായിച്ചെങ്കിലും ചെറുകിട വ്യാപാരികളിൽ വൻ സമ്മർദ്ദമാണുണ്ടാക്കിയത്.