കോവിഡ് ചികിത്സക്ക് പ്രതിദിനം 20,000, വാർഡിന് 10,000; കർണാടക സ്വകാര്യ ആശുപത്രി നിരക്ക് ഇങ്ങനെ
text_fieldsബംഗളൂരു: കോവിഡ് രോഗികളെ ചികിത്സിക്കുന്നതിന് ഈടാക്കേണ്ട തുക സംബന്ധിച്ചുള്ള നിർദേശം സംസ്ഥാന സർക്കാറിന് സ്വകാര്യ ആശുപത്രി അസോസിയേഷനുകൾ സമർപ്പിച്ചു. കോവിഡ് രോഗികളെ കർണാടകയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സിക്കുന്നതിന് ഈടാക്കുന്ന തുകയുടെ വിവരമാണ് സർക്കാറിന് കൈമാറിയത്. ഐസൊലേഷൻ വാർഡിൽ ചികിത്സ തേടുന്നവർക്ക് ദിവസവും 10,000 രൂപയും ഐ.സി.യു, െവൻറിലേറ്റർ സൗകര്യങ്ങൾ ആവശ്യമായിട്ടുള്ള രോഗികൾക്ക് ദിവസേന 20,000 രൂപയും ചെലവ് വരുമെന്ന നിർദേശമാണ് സ്വകാര്യആശുപത്രികൾ നൽകിയത്.
സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ഉയരുന്ന പശ്ചാത്തലത്തിൽ ചികിത്സ സൗകര്യം വർധിപ്പിക്കുന്നതിെൻറ ഭാഗമായാണ് സർക്കാർ ആശുപത്രികളിലെ സൗജന്യ ചികിത്സക്കൊപ്പം സ്വകാര്യ ആശുപത്രികളിലെ ചികിത്സക്കായി ചർച്ച നടത്തിവരുന്നത്. മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇതിേനാടകം തന്നെ സ്വകാര്യ ആശുപത്രികളിൽ രോഗികളെ ചികിത്സിക്കുന്നതിനുള്ള തുക നിശ്ചയിച്ചിട്ടുണ്ട്.
ഗുജറാത്തിൽ പതിനായിരം മുതൽ 23,000 രൂപ വരെയാണ് സ്വകാര്യ ആശുപത്രികളിൽ ദിവസേന ഈടാക്കുന്നത്. മഹാരാഷ്ട്രയിൽ ഐസൊലേഷൻ വാർഡിന് 4,000 രൂപയും ഐ.സി.യു, വെൻറിലേറ്റർ സൗകര്യം ഉൾപ്പെടെ ആവശ്യമായിട്ടുള്ളവരിൽനിന്ന് 9,000 രൂപയുമാണ് പ്രതിദിനം ഈടാക്കുന്നത്.
നിലവിൽ സർക്കാർ ആശുപത്രികളിൽ ഒാരോ കോവിഡ് രോഗിക്കും ഏകദേശം 3.5 ലക്ഷം രൂപ വരെയാണ് ചെലവ് വരുന്നത്. രോഗിയെ ചികിത്സിക്കുന്ന കാലയളവിൽ ആരോഗ്യ പ്രവർത്തകർക്കാവശ്യമായ സുരക്ഷ കിറ്റുകളുടെ വില ഉൾപ്പെടെ ചേർത്താണ് ഇത്രയും തുക കണക്കാക്കുന്നത്.
സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടാൻ താൽപര്യമുള്ളവർക്ക് അത് തിരഞ്ഞെടുക്കാനുള്ള സൗകര്യം ഒരുക്കുന്നതിെൻറ ഭാഗമായാണ് കർണാടകയിലെ സ്വകാര്യ ആശുപത്രി അസോസിയേഷനുകളുമായി സർക്കാർ ചർച്ച നടത്തുന്നത്.
രോഗികളിൽ പത്തുശതമാനം പേർക്ക് മാത്രമാണ് ഐ.സി.യു, െവൻറിലേറ്റർ സംവിധാനങ്ങൾ ആവശ്യമായി വരാറുള്ളത്. മറ്റു സംസ്ഥാനങ്ങളിെല സ്വകാര്യ ആശുപത്രികളിൽ നിശ്ചയിച്ചിട്ടുള്ള തുക പരിശോധിച്ചാണ് സർക്കാറിന് നിർദേശം സമർപ്പിച്ചിട്ടുള്ളതെന്നും പി.പി.ഇ കിറ്റിന് ഉൾപ്പെടെ ചെലവാകുന്ന തുകയും ഉൾപ്പെടുത്തിയിട്ടുണ്ടെന്നും സ്വകാര്യ ആശുപത്രി അസോസിയേഷൻ ഭാരവാഹികൾ പറയുന്നു. ഇതുസംബന്ധിച്ച സർക്കാർ തീരുമാനം വൈകാതെ പുറത്തിറങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
