കോവിഡ് ബാധിത നാലു കുഞ്ഞുങ്ങൾക്ക് ജന്മം നൽകി; ഒരു കുഞ്ഞ് വെൻറിലേറ്ററിൽ
text_fieldsഗൊരഖ്പുർ: ഉത്തർ പ്രദേശിൽ കോവിഡ് ബാധിതയായ യുവതി നാലുകുഞ്ഞുങ്ങൾക്ക് ജന്മം നൽകി. ഗൊരഖ്പുരിലെ ബി.ആർ.ഡി മെഡിക്കൽ കോളജിലാണ് സംഭവം.
ആരോഗ്യപ്രശ്നങ്ങൾ കെണ്ടത്തിയതിനെ തുടർന്ന് നാലു കുഞ്ഞുങ്ങളിൽ ഒരാളെ വെൻറിലേറ്ററിൽ പ്രവേശിപ്പിച്ചു. മൂന്നു കുഞ്ഞുങ്ങൾക്കും അമ്മക്കും ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്നും മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഗണേഷ് കുമാർ അറിയിച്ചു.
ഗൗരി ബസാർ ഗ്രാമത്തിലെ 26കാരിയായ യുവതിയെ കോവിഡ് പോസിറ്റീവായതിനെ തുടർന്ന് ചൊവ്വാഴ്ച രാത്രി മെഡിക്കൽ കോളജിലെ ട്രോമ സെൻററിൽ പ്രവേശിപ്പിക്കുകയായിരുന്നു. ബുധനാഴ്ച യുവതി നാലു കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. 980 ഗ്രാം മുതൽ 1.5 കിലോഗ്രാം വരെയാണ് കുഞ്ഞുങ്ങളുടെ തൂക്കം. ഇത്തരം കേസുകൾ അപൂർവമാണെന്നും വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്നും പ്രിൻസിപ്പൽ പറഞ്ഞു. നാലു കുഞ്ഞുങ്ങളുടെയും സാമ്പിളുകൾ കോവിഡ് പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്.

