കോവിഡ് രോഗി മരിച്ചു; രോഷാകുലരായ ബന്ധുക്കൾ ആംബുലൻസിന് തീയിട്ടു
text_fieldsബംഗളൂരു: ബെളഗാവിയിൽ കോവിഡ് രോഗി മരിച്ചതിനെതുടർന്ന് രോഷാകുലരായ ബന്ധുക്കൾ ആശുപത്രിയിൽ ആക്രമണം അഴിച്ചുവിടുകയും ആംബുലൻസ് അഗ്നിക്കിരയാക്കുകയും ചെയ്തു. ബെളഗാവി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആൻഡ് ഹോസ്പിറ്റലിനു നേരെയാണ് ആക്രമണമുണ്ടായത്.
ബുധനാഴ്ച മരിച്ച 55കാരന്‍റെ ബന്ധുക്കളാണ് രോഷാകുലരായത്. അർധരാത്രിയോടെയായിരുന്നു അക്രമം. ആശുപത്രിക്കു നേരെ കല്ലെറിയുകയും ചെയ്തു.
ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകർക്കുനേരെയും ആക്രമണം ഉണ്ടായി.
ജൂലൈ 19-നായിരുന്നു ശ്വാസതടസം ഉൾപ്പെടെ രോഗ ലക്ഷണങ്ങളോടെ 55കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് കോവിഡ് ഫലം പോസിറ്റീവായി. ഐ.സി.യുവിലേക്ക് മാറ്റിയെങ്കിലും ബുധനാഴ്ച മരിക്കുകയായിരുന്നു. തുടർന്ന് രോഷാകുലരായ ബന്ധുക്കളും ഇവരോടാപ്പമെത്തിയ സുഹൃത്തുക്കളും ഉൾപ്പെടെ നാൽപതോളം പേർ ആശുപത്രിയിൽ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ആംബുലൻസ് പൂർണമായും കത്തിനശിച്ചു. അക്രമത്തില്‍ സ്ഥലത്തുണ്ടായിരുന്ന പൊലീസുകാരനും പരിക്കേറ്റു.
പൊലീസും അഗ്നിശമന സേനയുമെത്തിയാണ് തീയണച്ചത്. സംഭവത്തെതുടർന്ന് ആശുപത്രിക്ക് മുന്നിൽ കൂടുതൽ പൊലീസുകാരെ സുരക്ഷക്കായി നിയോഗിച്ചു. സംഭവത്തിൽ പ്രതിഷേധിച്ചും സുരക്ഷ ഒരുക്കണമെന്നും ആവശ്യപ്പെട്ട് ആശുപത്രിയിലെ ഡോക്ടർമാരും ആശുപത്രിയിലെ മറ്റു ജീവനക്കാരും പ്രതിഷേധ ധർണ നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
