ന്യൂഡൽഹി: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആശുപത്രി വിട്ടു. കോവിഡ് പരിശോധന ഫലം നെഗറ്റീവായതിനെ തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ തുടരാൻ ഡോക്ടർമാർ നിർദേശിക്കുകയായിരുന്നു.
താൻ രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ ആശുപത്രിവിടുെമന്ന് സിസോദിയ തിങ്കളാഴ്ച ട്വീറ്റ് െചയ്തിരുന്നു. 'എല്ലാം നല്ല രീതിയിൽ വരികയാണെങ്കിൽ ഒന്നുരണ്ടു ദിവസത്തിനുള്ളിൽ ആശുപത്രി വിടും' -സിസോദിയ ട്വീറ്റ് െചയ്തു.
സെപ്റ്റംബർ 14നാണ് സിസോദിയക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. വീട്ടിൽ നിരീക്ഷണത്തിലായിരുന്ന അദ്ദേഹത്തിന് പനിയും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടർന്ന് ലോക് നായക് ജയപ്രകാശ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. രക്തത്തിലെ പ്ലേറ്റ്ലറ്റുകളുടെ അളവ് കുറഞ്ഞതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ ഡെങ്കിപ്പനിയും സ്ഥിരീകരിച്ചിരുന്നു.