ചാമരാജ് നഗർ ജില്ലയിലേക്ക് തമിഴ്നാട്ടിൽനിന്ന് വരുന്നവർക്കും കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി
text_fieldsബംഗളൂരു: കേരളത്തിൽനിന്നും മഹാരാഷ്ട്രയിൽനിന്നും കർണാടകയിലേക്ക് വരുന്നവർക്കുള്ള കോവിഡ് നിബന്ധനകൾക്ക് പിന്നാലെ തമിഴ്നാട്ടിൽനിന്ന് ചാമരാജ് നഗർ ജില്ലയിലേക്ക് പ്രവേശിക്കുന്നവർക്കും ആർ.ടി.പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ മാത്രമെ തമിഴ്നാട്ടിൽനിന്നും ചാമരാജ് നഗർ ജില്ലയിലേക്ക് പ്രവേശനം നൽകുകയുള്ളൂവെന്നാണ് ജില്ല ഭരണകൂടം പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നത്.
ചാമരാജ് നഗർ ജില്ലയോട് ചേർന്ന തമിഴ്നാട്ടിലെ പ്രദേശങ്ങളിൽ കോവിഡ് വ്യാപനമുണ്ടായ സാഹചര്യത്തിലാണ് പുതിയ നിബന്ധനയെന്നും ഞായറാഴ്ച മുതൽ ചാമരാജ് നഗർ ജില്ലയിലെ തമിഴ്നാട് അതിർത്തിയിൽ പരിശോധന ആരംഭിച്ചതായും ചാമരാജ് നഗർ ജില്ല ഡെപ്യൂട്ടി കമീഷണർ േഡാ.എം.ആർ. രവി അറിയിച്ചു.
കർണാടക- തമിഴ്നാട് അതിർത്തിയിലെ ഹനൂർ താലൂക്കിലെ പാലാറിലെ അതിർത്തിയിലും അർധനിപുരയിലെ പുനാജനൂർ അതിർത്തിയിലും പരിശോധനക്കായി ഉദ്യോഗസ്ഥരെ നിയോഗിച്ചു. കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് ഇല്ലാത്തവരെ തിരിച്ചയക്കും. കേരളത്തിൽനിന്നും ഉൾപ്പെടെയുള്ളവർ തമിഴ്നാട് വഴി ചാമരാജ് നഗർ ജില്ലയിൽ എത്തുന്നുണ്ട്. പഴം, പച്ചക്കറി വാഹനങ്ങളിൽ എത്തുന്നവരും കൃത്യമായ ഇടവേളകളിൽ പരിശോധന നടത്തണം.
അതേസമയം, തമിഴ്നാട്ടിൽനിന്നും രണ്ടു ഡോസ് വാക്സിൻ എടുത്തതിന്‍റെ സർട്ടിഫിക്കറ്റുമായി വരുന്നവർക്ക് ഇളവ് നൽകിയിട്ടുണ്ട്. ഇവരുടെ തെർമൽ പരിശോധന നടത്തിയശേഷം കടത്തിവിടും. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ചാമരാജ് നഗർ ജില്ലയിലെ വിനോദ സഞ്ചാരകേന്ദ്രങ്ങളിലും പ്രശസ്തമായ ക്ഷേത്രങ്ങളിലും പരിശോധന കർശനമാക്കിയിട്ടുണ്ട്. ബി.ആർ. ഹിൽസ്, എം.എം. ഹിൽസ്, രംഗനാഥ സ്വാമി ഹിൽസ് തുടങ്ങിയ സ്ഥലങ്ങളിൽ എത്തുന്നവരെയും പരിശോധിക്കും. ഇതോടൊപ്പം ജില്ലയിലെ വെള്ളച്ചാട്ടം സന്ദർശിക്കാനെത്തുന്നവരെയും പരിശോധിക്കും. ക്ഷേത്രങ്ങളിൽ എത്തുന്നവർക്ക് പ്രത്യേക പൂജ നടത്തുന്നതിനും വിലക്കുണ്ട്. റിസോർട്ടുകളിൽ താമസിക്കുന്നവർക്കും ആർ.ടി.പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

