യു.പിയിൽ ഹോട്സ്പോട്ടുകൾക്ക് പള്ളികളുടെ പേര്; മഹാമാരിയിൽ മതം കലർത്തരുതെന്ന് പ്രതിപക്ഷം
text_fieldsലഖ്നോ: ഉത്തർ പ്രദേശിൽ കോവിഡ് ഹോട്സ്പോട്ടുകൾക്ക് പള്ളികളുടെ പേര് നൽകിയത് വിവാദമാകുന്നു. രോഗത്തിൽ മതം കലർത്തി സർക്കാർ യഥാർഥ പ്രശ്നങ്ങളിൽനിന്ന് ജനശ്രദ്ധ തിരിച്ചുവിടുകയാണെന്ന് പ്രതിപക്ഷപാർട്ടികൾ ആരോപിച്ചു.
ലഖ്‌നോവിലെ 18 വൈറസ് ഹോട്സ്‌പോട്ടുകളിൽ എട്ടെണ്ണത്തിനും പള്ളികളുടെ പേരാണ് നൽകിയത്. സദർ ബസാറിലെ ഹോട്സ്‌പോട്ടുകളിലൊന്നിന് ‘മസ്ജിദ് അലി ജാനും സമീപ പ്രദേശവും’ എന്നാണ് പേരിട്ടത്. വസിർഗഞ്ചിൽ ‘മുഹമ്മദിയ മസ്ജിദും സമീപ പ്രദേശങ്ങളും’, ത്രിവേണി നഗറിൽ ‘ഖജൂർ വാലി മസ്ജിദും സമീപ പ്രദേശങ്ങളും’, ‘ഫൂൽ ബാഗ് / നസർബാഗ് മസ്ജിദ്, സമീപ പ്രദേശങ്ങൾ’ എന്നിങ്ങനെയാണ് മറ്റു ചില ഹോട്സ്പോട്ടുകളുെട പേര്.
‘‘കൂടുതൽ കേസുകൾ കണ്ടെത്തിയ പ്രദേശങ്ങൾ കൃത്യമായി ചൂണ്ടിക്കാണിക്കണം. എന്നാൽ, ആളുകളുടെ ശ്രദ്ധ തിരിക്കാനും മതവുമായി കൂട്ടിച്ചേർക്കാനും ശ്രമിക്കുന്നത് ശരിയല്ല. അസുഖത്തെ പ്രത്യേക സമൂഹവുമായി ബന്ധിപ്പിക്കുന്നത് വിവേചനപരമാണ്” -ഉത്തർപ്രദേശ് കോൺഗ്രസ് മേധാവി അജയ് കുമാർ ലല്ലു മാധ്യമങ്ങളോട് പറഞ്ഞു.
“ഇതിൽ നിന്നും നാം മതത്തെ അകറ്റി നിർത്തണം. സ്ഥിതി ഇപ്പോൾ തന്നെ വളരെ മോശമാണ്. എന്തിനാണ് കൂടുതൽ സങ്കീർണ്ണമാക്കുന്നത്?” സമാജ്‌വാദി പാർട്ടിയിലെ മുതിർന്ന നേതാവ് ജൂഹി സിങ് ചോദിച്ചു. ഹോട്ട്‌സ്‌പോട്ടുകൾക്ക് പള്ളികളുടെ പേര് നൽകുന്നതിലൂടെ സർക്കാർ ഇതുവരെ ചെയ്ത കാര്യങ്ങളെ ഇല്ലായ്മ ചെയ്യുകയാണ്. പള്ളികൾക്ക് പകരം നിർദ്ദിഷ്ട പ്രദേശങ്ങളുടെ യഥാർഥ പേര് പറഞ്ഞാൽ മതി. സർക്കാറിെൻറ ഈ ശ്രമം ജനങ്ങളെ ഭിന്നിപ്പിക്കാനുള്ളതാണെന്ന് വ്യക്തമാകും - സിങ് പറഞ്ഞു.
എന്നാൽ, ഏതെങ്കിലും പ്രത്യേക സമുദായത്തെ ലക്ഷ്യമിടുന്നുവെന്ന ആരോപണം ഭരണകൂടം നിരാകരിച്ചു. ധരാളം പോസിറ്റീവ് കേസുകൾ ഉള്ളതിനാൽ മാത്രമാണ് പള്ളികളുടെ പേര് നൽകിയതെന്ന് അധികൃതർ പറഞ്ഞു.
ലഖ്‌നൗവിൽ ഇതുവരെ 214 കേസുകൾ റിപ്പോർട്ട് ചെയ്തു. എട്ട് പുതിയ അണുബാധകൾ വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
