ജീവനക്കാരന് കോവിഡ്; സി.ആർ.പി.എഫ് ആസ്ഥാനം അടച്ചു
text_fieldsന്യൂഡൽഹി: ജീവനക്കാരന് കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് ഡൽഹിയിലെ സി.ആർ.പി.എഫ് ആസ്ഥാനം അടച്ചു. സി.ആർ.പി.എഫ് അഡീഷനൽ ഡയറക്ടർ ജനറൽ ജാവേദ് അക്തറിന്റെ സ്റ്റെനോഗ്രാഫർക്കാണ് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് ലോധി റോഡ് സി.ജി.ഒ കോംപ്ലക്സിലെ ആസ്ഥാനം സീൽ ചെയ്തിരിക്കുകയാണെന്ന് സി.ആർ.പി.എഫ് അറിയിച്ചു.
കെട്ടിടം അണുമുക്തമാക്കാനുള്ള നടപടികൾ എടുത്തിട്ടുണ്ട്. ഞായറാഴ്ച മുതൽ കെട്ടിടത്തിനകത്തേക്ക് ആരേയും പ്രവേശിപ്പിക്കില്ല. രോഗം സ്ഥിരീകരിച്ച ജീവനക്കാരന്റെ സമ്പർക്കപ്പട്ടിക തയാറാക്കി വരികയാണ്. ജാവേദ് അക്തറും മറ്റ് പത്ത് പേരും വീട്ടു നിരീക്ഷണത്തിലാണ്. ഇതുവരെ 144 സി.ആർ.പി.എഫുകാർക്ക് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 135 പേരും ഡൽഹി മയൂർവിഹാർ ഫേസ് ത്രീ യിലെ 31 ബറ്റാലിയനിലെ സി.ആർ.പി.എഫ് ക്യാമ്പിലെയാണ്.
അസം സ്വദേശിയായ ജവാൻ കഴിഞ്ഞദിവസം രോഗംബാധിച്ച് മരിച്ചിരുന്നു. രോഗബാധിതരിൽ മൂന്നുമലയാളികളുമുണ്ട്. ഇവരെല്ലാം ഇപ്പോൾ മണ്ടോലിയിലെ ചികിത്സാകേന്ദ്രത്തിലാണ്. ഇത്രയും പേർക്ക് രോഗംബാധിച്ചത് എവിടെനിന്നെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. നോയിഡയിൽ നിന്ന് അവധി റദ്ദാക്കി വന്ന നഴ്സിങ് അസിസ്റ്റന്റിൽനിന്നാണ് മരിച്ച ജവാന് കോവിഡ് ബാധിച്ചതെന്നാണ് വിലയിരുത്തൽ. അവധിയിലുള്ള ജവാന്മാർ തൊട്ടടുത്തുള്ള ക്യാമ്പിൽ റിപ്പോർട്ടു ചെയ്യണമെന്ന് സി.ആർ.പി.എഫ്. നിർദേശിച്ചിരുന്നു. ഇതേത്തുടർന്ന് നഴ്സിങ് അസിസ്റ്റന്റ് മയൂർവിഹാറിലെ ക്യാമ്പിലെത്തിയിരുന്നു. ഇയാൾക്ക് പിന്നീട് കോവിഡ് സ്ഥിരീകരിച്ചെങ്കിലും എവിടെനിന്നാണെന്ന് വ്യക്തമായിട്ടില്ല.
നേരത്തേ, കോവിഡ് സ്ഥിരീകരിച്ച ആളുമായി സമ്പർക്കം പുലർത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് സി.ആർ.പി.എഫ് ഡി.ജി എ.പി. മഹേശ്വരി 21 ദിവസം സ്വയം നിരീക്ഷണത്തിലായിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ പരിശോധന ഫലം നെഗറ്റിവ് ആയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
