ബംഗളൂരു: അടുത്ത 15 മുതൽ 30 ദിവസത്തിനകം ബംഗളൂരു നഗരത്തിലെ കോവിഡ് രോഗികളുടെ എണ്ണം ഇരട്ടിയായേക്കുമെന്ന മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി ബി. ശ്രീരാമുലു. കഴിഞ്ഞദിവസം സംസ്ഥാനത്തും ബംഗളൂരുവിലും റെക്കോഡ് കേസുകൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് തുടർച്ചയായ ട്വീറ്റുകളുമായി ആരോഗ്യമന്ത്രി രംഗത്തുവന്നത്. കണക്കുകളിൽ പരിഭ്രാന്തരാവേണ്ടതില്ലെന്നും സുരക്ഷാ മാർഗനിർദേശങ്ങൾ എല്ലാവരും പാലിക്കാൻ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 613 മരണമടക്കം ശനിയാഴ്ച 36,216ലെത്തിയിരുന്നു.
ഒരു മാസത്തിനുള്ളിൽ രോഗികളുടെ എണ്ണം ഇരട്ടിയായേക്കും. അടുത്ത രണ്ടു മാസത്തെ നേരിടുക എന്നത് സർക്കാറിന് മുന്നിൽ വലിയ വെല്ലുവിളിയാണ്. കോവിഡ് -19 വ്യാപനം തടയാൻ സർക്കാർ സാധ്യമായ എല്ലാ സംവിധാനങ്ങളും ഒരുക്കുന്നുണ്ട്. ജനങ്ങൾ പരിഭ്രാന്തരാവുകയോ പ്രതീക്ഷ നഷ്ടപ്പെട്ടവരാവുകയോ വേണ്ടതില്ല -മന്ത്രി പറഞ്ഞു.
രോഗവ്യാപനം അധികരിച്ചതോടെയാണ് ബംഗളൂരുവിൽ ചൊവ്വാഴ്ച രാത്രി എട്ടു മുതൽ ഒരാഴ്ചേത്തക്ക് വീണ്ടും ലോക്ഡൗൺ പ്രഖ്യാപിച്ചത്. സർക്കാറിെൻറ ഇൗ തീരുമാനത്തെ പ്രതിപക്ഷ പാർട്ടിയായ ജെ.ഡി.എസ് സ്വാഗതം ചെയ്തു. കോൺഗ്രസും ജെ.ഡി.എസും നേരത്തേതന്നെ ബംഗളൂരുവിൽ വീണ്ടും ലോക്ഡൗൺ വേണമെന്ന ആവശ്യമുന്നയിച്ചിരുന്നു.
എന്നാൽ, പ്രതിപക്ഷ പാർട്ടികളുടെ നിർദേശങ്ങളെ സ്വാഗതം ചെയ്യുന്നുവെങ്കിലും ബംഗളൂരുവിൽ ലോക്ഡൗൺ സാഹചര്യമില്ലെന്ന നിലപാടിലായിരുന്നു മുഖ്യമന്ത്രി അടക്കമുള്ളവർ.
സ്ഥിതി നിയന്ത്രണാതീതമായതോടെ സർക്കാർ വീണ്ടും ലോക്ഡൗൺ ഏർപ്പെടുത്താൻ നിർബന്ധിതരാവുകയായിരുന്നു. കർണാടകയുടെ മറ്റു ജില്ലകളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന രോഗികളിൽ പലർക്കും ബംഗളൂരുവിൽനിന്നുള്ള യാത്രാപശ്ചാത്തലമുണ്ടെന്നും കണ്ടെത്തിയതോടെയാണ് ബംഗളൂരുവിന് ഒരാഴ്ചത്തേക്ക് പൂട്ടുവീണത്. നിലവിലെ സ്ഥിതി തുടർന്നാൽ ലോക്ഡൗൺ നീട്ടാനുള്ള സാധ്യതയും തള്ളിക്കളായാനാവില്ല.